'സെല്‍ഫി' ഭ്രമങ്ങള്‍ക്കിടെ പല തരത്തിലുള്ള അബദ്ധങ്ങളും അപകടങ്ങളും സംഭവിച്ചവരുണ്ട്. ജീവന്‍ വരെ നഷ്ടപ്പെട്ടവരുണ്ട്. പലപ്പോഴും നിരുത്തരവാദിത്തപരമായ സമീപനം മൂലമാണ് ഇത്തരം പ്രശ്‌നങ്ങളെല്ലാം സംഭവിക്കുന്നത്. 

സമാനമായൊരു സംഭവമാണ് നോര്‍ത്തേണ്‍ ഇറ്റലിയിലെ പൊസാഗ്നോയില്‍ നിന്ന് ഇന്ന് പുറത്തുവന്നിരിക്കുന്നത്. പൊസാഗ്നോയിലെ 'ജിപ്‌സോടിക' മ്യൂസിയത്തിലെ ചരിത്രപ്രധാനമായ ഒരു പ്രതിമ നശിപ്പിച്ച ശേഷം വിനോദസഞ്ചാരിയായ ഒരാള്‍ മുങ്ങിയിരിക്കുന്നു. 

പ്രമുഖ ശില്‍പി അന്റോണിയോ കനോവ, 200 വര്‍ഷങ്ങള്‍ക്ക് മുമ്പ് മാര്‍ബിളില്‍ തീര്‍ത്ത, പൗലിന്‍ ബോണപ്പാര്‍ട്ട് എന്ന പ്രഭുപത്‌നിയുടെ രൂപമാണ് ഈ പ്രതിമ. ചരിത്രപരമായും കലാപരമായും ഏറെ പ്രാധാന്യമുള്ള പ്രതിമയാണിത്. മ്യൂസിയം സന്ദര്‍ശിക്കാനെത്തുന്നവര്‍ വളരെ സൂക്ഷ്മതയോടെ മാത്രം കണ്ടുമടങ്ങുന്ന, അത്രയും മൂല്യമുള്ള ഒരാവിഷ്‌കാരമായാണ് അവിടത്തുകാര്‍ ഇതിനെ കാണുന്നത് തന്നെ. 

 

 

എന്നാല്‍ ജൂലൈ 31ന് മ്യൂസിയം കാണാനെത്തിയ ഒരാള്‍ പ്രതിമയില്‍ കയറിയിരുന്ന് ഫോട്ടോയെടുക്കുകയും, സെല്‍ഫിയെടുക്കുകയുമെല്ലാം ചെയ്തു. ഇതിനിടെ പ്രതിമയുടെ കാലിലെ രണ്ട് വിരലുകള്‍ മുറിഞ്ഞുവീണു. എന്നാല്‍ ഇക്കാര്യം മ്യൂസിയം ജീവനക്കാരെ അറിയിക്കാതെ അയാള്‍ അവിടെ നിന്ന് കടന്നുകളയുകയായിരുന്നു. 

ഒന്നും പറയാതെ തിടുക്കത്തില്‍ ഇറങ്ങിപ്പോകുന്ന ടൂറിസ്റ്റിനെ കണ്ട് സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരനാണ് പ്രതിമയ്ക്ക് കേടുപാട് പറ്റിയതായി കണ്ടെത്തിയത്. തുടര്‍ന്ന് മ്യൂസിയത്തിനകത്തെ സിസിടിവി പരിശോധിച്ചപ്പോള്‍  അയാള്‍ പ്രതിമയില്‍ കയറിയിരുന്ന് ഫോട്ടോയെടുത്തതും സെല്‍ഫിയെടുത്തതുമെല്ലാം പുറത്താവുകയായിരുന്നു. 

 

 

ഇയാള്‍ ഇറ്റലിക്കാരനല്ലെന്നും, ഓസ്ട്രിയക്കാരനാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുമുണ്ട്. ഇപ്പോള്‍ പൊലീസ് ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ആണത്രേ. ചരിത്രപ്രധാനമായ ശില്‍പമാണ് നശിപ്പിച്ചിരിക്കുന്നത്. അതിന് അനുസരിച്ച നടപടി തന്നെ നേരിടേണ്ടി വരുമെന്നാണ് സൂചന. ഏതായാലും 'സെല്‍ഫി' ഭ്രാന്തിനിടെ ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ഒരോര്‍മ്മപ്പെടുത്തല്‍ പോലെ ആവുകയാണ് ഈ സംഭവം.

Also Read:- 'ഒരു ഫോട്ടോയ്ക്ക് വേണ്ടിയാണോ ഇത്'; കുഞ്ഞിനേയും കൊണ്ട് പിതാവിന്റെ 'ഭ്രാന്തന്‍ ഫോട്ടോഷൂട്ട്'...