വിമാനത്താവളത്തിലെ പുരുഷന്മാരുടെ വിശ്രമമുറിയിൽ ഡയപ്പര്‍ മാറ്റുന്നതിനായി ഒരു ഇടം. ബെംഗളൂരുവിലെ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പ്രത്യേക ഇടം ഉൾപ്പെടുത്തിയിരിക്കുന്നത്. ബെംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുരുഷന്മാരുടെ വിശ്രമമുറിയിൽ കണ്ടത് എന്ന കുറിപ്പോടെ യാത്രക്കാരനായ അലി സംഹാന്‍ ആണ് ചിത്രം സഹിതം ട്വീറ്റ് ചെയ്തത്. 

കുട്ടികളുടെ പരിപാലനം സ്ത്രീകളുടെ മാത്രം ഉത്തരവാദിത്വമാണെന്നാണ് പൊതുവേയുള്ള കാഴ്ചപ്പാട്. രക്ഷാകര്‍തൃത്വവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പൊതുകാഴ്ചപ്പാടുകളെ തിരുത്തിയ സമീപനമാണ് ഇതെന്നാണ് സോഷ്യൽ മീഡിയയിലൂടെ പലരും കമന്റ് ചെയ്തതു.

സ്ത്രീകൾ തൊഴില്‍മേഖലകളില്‍ സജീവമായതോടെ രക്ഷാകര്‍തൃത്വം അച്ഛന്റെയും അമ്മയുടെയും കൂട്ടുത്തരവാദിത്വമായാണ് പുതുതലമുറ കാണുന്നത്. അത് കൃത്യമായി പ്രതിഫലിപ്പിക്കുകയാണ് ബെംഗളുരു വിമാനത്താവള അധികൃതര്‍ ചെയ്തിരിക്കുന്നതെന്നാണ് പലരുടെയും അഭിപ്രായം. ഈ മാറ്റത്തെ സന്തോഷത്തോടെ രണ്ട് കെെനീട്ടിയും സ്വീകരിച്ചിരിക്കുകയാണ് പുതുതലമുറ.