പ്രസവ ശേഷമുള്ള ഒരു കുഞ്ഞിന്റെ മുഖഭാവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. സുഖമായി അമ്മയുടെ വയറ്റിൽ കഴിഞ്ഞിരുന്ന എന്നെ എന്തിനാ ഡോക്ടറെ പുറത്തെടുത്തത് എന്ന തരത്തിൽ രൂക്ഷമായി നോക്കുന്ന ഒരു കുഞ്ഞിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

 ബ്രസീലിലെ റിയോ ഡി ജെനീറിയോയില്‍ നിന്നുള്ള ഒരു ആശുപത്രിയില്‍ ജനിച്ച ഈ കുഞ്ഞിന്റെ മുഖഭാവമാണ് ഏവരേയും അതിശയിപ്പിച്ചിരിക്കുന്നത്. ഡയാന ഡി ജീസസ് ബാര്‍ബോസ എന്ന യുവതി ഫെബ്രുവരി 13നായിരുന്നു പെൺകുഞ്ഞിന് ജന്മം നൽകിയത്. കുട്ടി ജനിച്ച ഉടനെ കരയിപ്പിക്കാൻ വേണ്ടി ആശുപത്രി അധികൃതർ ശ്രമിച്ചു. എന്നാൽ കുട്ടി കരയാൻ കൂട്ടാക്കിയില്ല എന്ന് മാത്രമല്ല രൂക്ഷമായി അവരെ നോക്കുകയും ചെയ്തു. 

തന്റെ ജീവിതത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തങ്ങളില്‍ ഒന്നായ പ്രസവ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വേണ്ടി അവര്‍ ഒരു ഫോട്ടോഗ്രാഫറെ നിയമിച്ചിരുന്നു. ഫോട്ടോഗ്രാഫറായ റോഡ്രിഗോ കുന്‍സ്റ്റമാന്‍ പകര്‍ത്തിയ ചിത്രങ്ങളിലൊന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. അദ്ദേഹം തന്നെയാണ് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്. 

കുഞ്ഞിന്റെ കുടുംബാഗങ്ങളുടെ ചിത്രങ്ങളും ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. കുറച്ചു കഴിഞ്ഞ ശേഷം പൊക്കിള്‍ കൊടി മുറിച്ച് കഴിഞ്ഞ ശേഷം കുഞ്ഞ് കരഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകൾ. പ്രസവ ശേഷം അമ്മയും കുഞ്ഞും  സുഖമായിരിക്കുന്നു. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ ആളുകൾ ഏറ്റെടുത്തിരിക്കുകയാണ്.