എല്ലാം തയ്യാറായി, യാത്രക്കാരെല്ലാം കയറി പുറപ്പെടാന്‍ നേരം ഫ്‌ളൈറ്റിനുള്ളില്‍ ടിക്കറ്റില്ലാതെ ഒരു യാത്രക്കാരനെ കണ്ടെത്തിയാല്‍ എന്ത് ചെയ്യും? അങ്ങനെ ടിക്കറ്റില്ലാതെ അധികൃതരുടെ കണ്ണ് വെട്ടിച്ച് വിമാനത്തിനകത്ത് കയറിപ്പറ്റാനൊക്കെ കഴിയുമോ? 

എന്നാലിതാ ടിക്കറ്റില്ലാതെ, എല്ലാവരുടേയും കണ്ണ് വെട്ടിച്ച് കഴിഞ്ഞ ദിവസം 'ഗോ എയര്‍' ഫ്‌ളൈറ്റിനകത്ത് കയറിപ്പറ്റിയ ഒരു അനധികൃത യാത്രക്കാരനെ കണ്ടോളൂ. പുറപ്പെടുന്നതിന് ബഹളം കൂട്ടിയതോടെയാണ് ടിക്കറ്റില്ലാ യാത്രക്കാരനെ കയ്യോടെ പിടികൂടാന്‍ സാധിച്ചത്. അതിശയിക്കേണ്ട മനുഷ്യനല്ല, ഒരു പ്രാവാണ് ഇപ്പറഞ്ഞ കള്ളവണ്ടിക്കാരന്‍. 

അഹമ്മദാബാദില്‍ നിന്ന് ജയ്പൂരിലേക്ക് പോകുന്ന ഫ്‌ളൈറ്റിനകത്താണ് യാത്ര തുടങ്ങുന്നതിന് അല്‍പം മുമ്പായി ഒരു പ്രാവിനെ കണ്ടെത്തിയത്. ഫ്‌ളൈറ്റിനുള്ളില്‍ എങ്ങനെയോ കുടുങ്ങിയ പ്രാവ് യാത്രക്കാരെല്ലാം വന്നിരുന്നതോടെ ബഹളം കൂട്ടി അകത്തെല്ലാം പറക്കാന്‍ തുടങ്ങിയതായിരുന്നു. 

എന്തായാലും അപൂര്‍വ്വമായ സംഭവമായത് കൊണ്ടുതന്നെ, യാത്രക്കാരെല്ലാം ഏറെ കൗതുകത്തോടെയാണ് ഇത് നോക്കിനിന്നത്. ഇക്കൂട്ടത്തില്‍ ആരോ തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞോടുന്നത്. ചിലര്‍ പ്രാവിനെ കയ്യെത്തിച്ച് പിടിക്കാന്‍ നോക്കുന്നതും, മറ്റുള്ളവര്‍ ചിരിക്കുന്നതും, ഫ്‌ളൈറ്റ് സ്റ്റാഫുകള്‍ എന്ത് ചെയ്യണമെന്നറിയാതെ ഓടിനടക്കുന്നതുമെല്ലാം ദൃശ്യങ്ങളില്‍ വ്യക്തം. ഒടുവില്‍ തുറന്നിട്ട വാതിലിലൂടെ പ്രാവ് പറന്നുപോയതോടെയാണ് നാടകീയമായ രംഗത്തിന് അവസാനമായത്. 

എന്തായാലും പ്രാവ് കയറിക്കൂടിയതോടെ ഫ്‌ളൈറ്റ് അരമണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്. യാത്രക്കാര്‍ക്ക് നേരിട്ട തടസത്തില്‍ ഖേദമറിയിക്കുന്നതായി 'ഗോ എയര്‍' അറിയിക്കുകയും ചെയ്തു. 

വീഡിയോ കാണാം...