കാലം മാറിയതോടെ വിവാഹ സങ്കല്‍പങ്ങളും മാറി. പണ്ടൊക്കെ ഫോട്ടോഷൂട്ട് എന്നുപറയുന്നത് വിവാഹദിവസം മാത്രമായിരുന്നെങ്കില്‍ ഇന്ന് അങ്ങനെയല്ല. ഇപ്പോള്‍ ട്രെന്‍ഡ് സേവ് ദ ഡേറ്റ് , പോസ്റ്റ് വെഡ്ഡിങ് എന്നിവയാണ്.  അങ്ങനെ ഒരു സേവ് ദ ഡേറ്റ് ചിത്രങ്ങള്‍ അടുത്തിടെ വൈറലായിരുന്നു.

റാം, ഗൗരി എന്നിവരുടെ സേവ് ദ ഡേറ്റ് ചിത്രങ്ങളായിരുന്നു അത്. കടൽത്തീരവും വെള്ളച്ചാട്ടവും പശ്ചാത്തലമാക്കിയാണ് ചിത്രങ്ങളെടുത്തത്. പ്രണയം പറയുന്ന ചിത്രങ്ങളായിരുന്നു അത്. കൊച്ചിയിലെ പിനക്കിള്‍ ഇവന്‍റ് പ്ലാനേഴ്സ് ആണ് ഈ മനോഹര നിമിഷങ്ങള്‍ പകര്‍ത്തിയത്. എന്നാല്‍  ഗൗരിയുടെ വസ്ത്രമാണ് ചിത്രങ്ങളെ വൈറലാക്കിയത്.

 

ഗൗരിയുടെ വസ്ത്രത്തെ ചോദ്യം ചെയ്ത് പലരും സമൂഹമാധ്യമങ്ങളില്‍ പൊങ്കാലയിട്ടതോടെ സംഭവം എല്ലാവരും ഏറ്റെടുത്തു എന്നുപറയാം. പൊങ്കാലയിട്ടവരുടെ കൂടെ കേരള പോലീസിന്റെ സൈബര്‍ സംഘവും ഉണ്ടായിരുന്നു എന്നത് മറ്റൊരു കാര്യം. 

അസഭ്യ കമന്‍റുകളുമായാണ് പലരും ഇവന്‍റ് പ്ലാനേഴ്സിന്‍റേ ഫേസ്ബുത്ത് പേജില്‍ കയറി  സൈബര്‍ ആക്രമണം നടത്തിയതെന്നും പിനക്കിളിന്റെ സിഇഒ ഷാലു എം. ഏബ്രഹാം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. എന്നാല്‍ പുണെ സ്വദേശികളായ റാമിന്റെയും ഗൗരിയുടെയും വൈറലായ പ്രീ വെഡിങ് ഫോട്ടോ ഷൂട്ട് വഴി തങ്ങളുടെ വര്‍ക്ക് കൂടിയെന്നും ഷാലു പറയുന്നുണ്ട്. 

'ഒന്നരവര്‍ഷമായി കമ്പനി തുടങ്ങിയിട്ട്.  കേരളത്തിന് പുറത്തുനിന്നും ഇന്ത്യയ്ക്ക് പുറത്തുനിന്നുമുളള വര്‍ക്കുകള്‍ ഞങ്ങള്‍ ചെയ്തിട്ടുണ്ട്. മുന്‍പ് കര്‍ണാടകയില്‍ നിന്നുളളവരുടെ വര്‍ക്ക് കണ്ടിട്ടാണ് പുണെ സ്വദേശികളായ ഇവര്‍ ഞങ്ങളെ സമീപിച്ചത്. അവര്‍ എന്താണോ ആവശ്യപ്പെട്ടത് അത് ഞങ്ങള്‍ ചെയ്ത് കൊടുത്തു എന്നുമാത്രമേയുളളൂ. വസ്ത്രത്തിന്‍റെ കാര്യത്തില്‍ ഫോര്‍മല്‍സ് ഇടരുത് എന്ന നിര്‍ദ്ദേശം മാത്രമേ നല്‍കിയിട്ടുളളൂ. അല്ലാതെ അവര്‍ എന്ത് വസ്ത്രം ധരിക്കണം എന്നത് അവരുടെ അവകാശമല്ല ? അതില്‍ ഞങ്ങള്‍ അഭിപ്രായം പറയേണ്ട കാര്യമില്ലല്ലോ..'- ഷാലു പറഞ്ഞു. 

 

ബീച്ച് വെയറ്‍ ആയതു കൊണ്ടു ചെയ്തുതരാന്‍ പറ്റില്ല എന്ന് ഞങ്ങള്‍ക്ക് പറയാന്‍ കഴിയില്ല. പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തതല്ല. ഇങ്ങനെ വൈറലാകുമെന്നും കരുതിയില്ല. ചിത്രങ്ങള്‍ എടുക്കുമ്പോഴും ഞങ്ങള്‍ അവരെ കാണിക്കുന്നുണ്ടായിരുന്നു. അവര്‍ വളരെ കംഫര്‍ട്ടബിളുമായിരുന്നു എന്നും ഷാലു പറഞ്ഞു. ചിത്രങ്ങള്‍ വൈറലായതിന്‍റെ സന്തോഷം റാമിനും ഗൗരിക്കുമുണ്ടെന്നും ഗൗരി ഇക്കാര്യം പറഞ്ഞ് വോയിസ് ക്ലിപ്പും അയച്ചുവെന്നും ഷാലു പറയുന്നു. 

90ശതമാനം പേരും പോസിറ്റീവായിട്ടാണ് അഭിപ്രായം പറഞ്ഞത്. വളരെ കുറച്ച് ശതമാനം ആളുകളാണ് നെഗറ്റീവ് പറഞ്ഞതെന്നും ഷാലു പറയുന്നു. ഫോണ്‍ നമ്പരെടുത്ത് അസഭ്യം വിളിക്കുകയാണ് പലരും. ചിലര്‍ അവരുടെ അഭിപ്രായം പറയുന്നു. അത് തെറ്റാണെന്ന് പറയുന്നില്ല. എന്നാല്‍ സത്യാവസ്ഥ അറിഞ്ഞതിന് ശേഷം പലരും വിളിച്ച് മാപ്പ് പറയുകയും ചെയ്തു എന്നും ഷാലു പറയുന്നു. ഇതിന് ശേഷം ഞങ്ങള്‍ക്ക് കൂടുതല്‍ വര്‍ക്ക് ലഭിക്കുന്നുണ്ട് എന്നും ഷാലു കൂട്ടിച്ചേര്‍ക്കുന്നു. 

അതുപോലെ സോഷ്യല്‍ മീഡിയയിലൂടെ അസഭ്യം പറയുന്നവരില്‍ പലരും ഫേസ്ബുക്കില്‍ കയറി ഗൗരിയുടെ പ്രൊഫൈല്‍ തപ്പിയെടുത്ത് ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയാണെന്നും ഷാലു പറയുന്നു. 23 വയസുള്ള തിരുവല്ല സ്വദേശിയായ ഷാലു എംബിഎ പഠിച്ച ശേഷം തുടങ്ങിയ കമ്പനിയാണ് പിനക്കിള്‍. കൊച്ചിയിലാണ് ഇവരുടെ കമ്പനി.