Asianet News MalayalamAsianet News Malayalam

പ്രസവം വരെ പേടിയോടെ കാത്തിരുന്നു; ഒടുവില്‍ മുപ്പതുകാരി ചരിത്രമെഴുതി

ഇരട്ടകളാണെന്നറിഞ്ഞാല്‍, കേട് കൂടാതെ അവര്‍ പുറത്തെത്തും വരെ അമ്മയ്ക്കും അച്ഛനുമെല്ലാം പേടിയായിരിക്കും. ഇനി, ഇരട്ടകള്‍ക്ക് പകരം നാലോ അഞ്ചോ ആറോ മക്കളൊക്കെ ഉണ്ടായാലോ! ചിന്തിക്കാനാകുമോ ആ അവസ്ഥ!

polish woman gave birth to six infants in a delivery
Author
Poland, First Published May 21, 2019, 12:45 PM IST

പത്ത് മാസം കാത്തിരുന്ന് ഒരു കുഞ്ഞ് പുറത്തെത്തുമ്പോള്‍ ആകെ കുടുംബത്തില്‍ തന്നെ ആഘോഷമായിരിക്കും. അത് ഇരട്ടകള്‍ കൂടിയായാല്‍ പിന്നെ ആഘോഷം പറയാനുമില്ല. എന്നാല്‍ സന്തോഷത്തോളം തുല്യമാണ് അതിലെ ആശങ്കകളും. 

ഇരട്ടകളാണെന്നറിഞ്ഞാല്‍, കേട് കൂടാതെ അവര്‍ പുറത്തെത്തും വരെ അമ്മയ്ക്കും അച്ഛനുമെല്ലാം പേടിയായിരിക്കും. ഇനി, ഇരട്ടകള്‍ക്ക് പകരം നാലോ അഞ്ചോ ആറോ മക്കളൊക്കെ ഉണ്ടായാലോ! ചിന്തിക്കാനാകുമോ ആ അവസ്ഥ!

അതെ, പോളണ്ട് സ്വദേശിയായ ഒരു മുപ്പതുകാരി ഇപ്പോള്‍ അങ്ങനെയൊരു അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഒരേസമയം ആറ് മക്കളെ ഗര്‍ഭം ധരിച്ച അമ്മ! സുഖപ്രസവമായിരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ നേരത്തേ അറിയിച്ചതാണ്. സിസേറിയന്‍ ആണെങ്കില്‍ പോലും അപകടസാധ്യതകള്‍ പലതായിരുന്നു. 

എങ്കിലും അവര്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്നു. പ്രശ്‌നങ്ങളൊന്നും കൂടാതെ അവര്‍ ആറുപേരും പുറത്തെത്തിയാല്‍ അത് പോളണ്ടില്‍ ചരിത്രമെഴുതുമെന്ന് ക്രാക്കോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ അധികൃതര്‍ കണക്കുകൂട്ടി. പ്രസവമടുക്കാന്‍ മാസങ്ങള്‍ ബാക്കിയിരിക്കെ തന്നെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഏഴാം മാസമായപ്പോഴേക്കും കുഞ്ഞുങ്ങളെ പുറത്തെടുത്തേ പറ്റൂ, എന്ന സ്ഥിതിയായി. അങ്ങനെ സിസേറിയനിലൂടെ ഡോക്ടര്‍മാര്‍ കുഞ്ഞുങ്ങളെ പുറത്തെടുത്തു. നാല് പെണ്‍കുഞ്ഞുങ്ങളും രണ്ട് ആണ്‍കുഞ്ഞുങ്ങളും. ഓരോരുത്തര്‍ക്കും ഓരോ കിലോ വീതം തൂക്കമുണ്ട്. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. ഇപ്പോള്‍ അമ്മയും കുഞ്ഞുങ്ങളും സന്തോഷമായിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുന്നു. 

ലക്ഷക്കണക്കിന് പ്രസവങ്ങളില്‍ ഒന്നുമാത്രമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അതിന് സാക്ഷികളാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു.

Follow Us:
Download App:
  • android
  • ios