പുതിയ കാലത്തെ താരങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവാണ്. നടിയും ഫാഷന്‍ ഡിസൈനറുമായ പൂര്‍ണ്ണിമ ഇന്ദ്രജിത്തും ഇതില്‍ നിന്ന് വ്യത്യസ്തയല്ല. സന്തോഷങ്ങളുടേയും ആഘോഷങ്ങളുടേയും വിശേഷാവസരങ്ങളുടേയുമെല്ലാം മിഴിവുള്ള നിമിഷങ്ങള്‍ പൂര്‍ണ്ണിമ പതിവായി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. 

അക്കൂട്ടത്തില്‍ കഴിഞ്ഞ ദിവസം വളരെ വ്യത്യസ്തമായൊരു ചിത്രം പൂര്‍ണ്ണിമ പങ്കുവയ്ക്കുകയുണ്ടായി. ഇന്ദ്രജിത്തും പൂര്‍ണ്ണിമയും മുഖാമുഖം ഇരിക്കുന്നതാണ് ചിത്രം. നെറ്റിയില്‍ വിരല്‍ ചേര്‍ത്ത് വച്ച് തല ചെരിച്ച് പൂര്‍ണ്ണിമയെ നോക്കിയിരിക്കുന്ന ഇന്ദ്രജിത്തിനേയും പൊട്ടിച്ചിരിക്കുന്ന പൂര്‍ണ്ണിമയേയും ചിത്രത്തില്‍ കാണാം. 

 

 

ചിത്രത്തില്‍ പൂര്‍ണ്ണിമ അണിഞ്ഞിരിക്കുന്ന സാരിയാണ് സത്യത്തില്‍ ഇതിലെ താരം. 20 വര്‍ഷം പഴക്കമുള്ള ആ സാരിയെക്കുറിച്ച് പൂര്‍ണ്ണിമ തന്നെ പറയുകയാണ്. ഇന്ദ്രനുമായി പ്രണയത്തിലായതെങ്ങനെയെന്ന് പങ്കുവച്ചുകൊണ്ടാണ് സാരിയുടെ പിന്നിലെ കഥയിലേക്ക് പൂര്‍ണ്ണിമയെത്തുന്നത്. 

തങ്ങളുടെ പ്രണയം 'ലവ് അറ്റ് ഫസ്റ്റ് സൈറ്റ്' ആയിരുന്നു. ഇന്ദ്രജിത്തിന്റെ ഒരു നോട്ടമായിരുന്നു അതിന് തുടക്കം കുറിച്ചതെന്നും പറഞ്ഞുകൊണ്ട് പൂര്‍ണ്ണിമ തുടരുന്നു...

'ഇതുതന്നെയാണ് 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യമായി ഈ സാരി കണ്ടപ്പോഴും എനിക്ക് സംഭവിച്ചത്. ലവ് അറ്റ് ഫസ്റ്റ് സൈറ്റ്. എന്റെ സ്വന്തം പണം കൊണ്ട് ഞാനാദ്യമായി വാങ്ങിയ സാരിയാണിത്. ഇതിനോടകം തന്നെ എത്രയോ പേര്‍ ഈ ഹാന്‍ഡ്വീവണ്‍ സാരിയില്‍ വീണുപോയിട്ടുണ്ട്..'- പൂര്‍ണ്ണിമ പറയുന്നു. 

 

 

ഇന്ദ്രജിത്ത് ഉള്‍പ്പെടെ നിരവധി പേരാണ് പോസ്റ്റിന് സ്‌നേഹമറിയിച്ച് കമന്റ് ബോക്‌സില്‍ വന്നിരിക്കുന്നത്. നടി എന്ന നിലയില്‍ ശ്രദ്ധേയയായിരിക്കുമ്പോഴാണ് പൂര്‍ണ്ണിമ വിവാഹിതയാകുന്നത്. പിന്നീട് സിനിമയില്‍ ഓണ്‍ സ്‌ക്രീന്‍ സാന്നിധ്യമായില്ലെങ്കിലും സ്‌ക്രീനിന് പുറത്ത് സിനിമാമേഖലയില്‍ സജീവസാന്നിധ്യം തന്നെയായിരുന്നു പൂര്‍ണ്ണിമ. 

രണ്ട് പെണ്‍മക്കളാണ് ഇവര്‍ക്ക്. ഇപ്പോള്‍ ഫാഷന് ഡിസൈനിംഗ് രംഗത്താണ് പൂര്‍ണ്ണിമ തിളങ്ങിനില്‍ക്കുന്നത്. ഭര്‍ത്താവിന്റേയും കുടുംബത്തിന്റേയും പൂര്‍ണ്ണ പിന്തുണയും പൂര്‍ണ്ണിമയ്ക്കുണ്ട്.