വെള്ളിയാഴ്ച രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച പ്രണവ് മരണത്തിന് കീഴടങ്ങിയിരിക്കുന്ന എന്ന സങ്കടകരമായ വാര്‍ത്തയാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഏറെ നിരാശയോടെയും ദുഖത്തോടെയുമാണ് ഏവരും പ്രണവിന്‍റെ വിയോഗവാര്‍ത്ത കേള്‍ക്കുന്നത്

ഒന്നിനും പകരം വയ്ക്കാൻ സാധിക്കാത്ത, ആര്‍ക്കും വിലയിടാൻ സാധിക്കാത്ത അമൂല്യമായ പ്രണയം. കഥകളിലോ നോവലുകളിലോ സിനിമകളിലോ മാത്രമേ ഒരുപക്ഷേ അങ്ങനെയൊരു പ്രണയത്തിന്‍റെ അനുഭവം നമുക്ക് ലഭിച്ചുകാണൂ. 

യഥാര്‍ത്ഥജീവിതത്തില്‍ ഇങ്ങനെയൊക്കെയൊരു പ്രണയം കിട്ടുകയോ? അത് അസാധ്യമെന്നേ ഏറെ പേരും പറയൂ. പക്ഷേ അങ്ങനെയൊരു ഭാഗ്യം ലഭിച്ചവരാണ് പ്രണവും ഷഹാനയും. പക്ഷേ ഇനി അവര്‍ക്ക് ഇരുവര്‍ക്കും ഒരുമിച്ചൊരു യാത്രയില്ല. വെള്ളിയാഴ്ച രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച പ്രണവ് മരണത്തിന് കീഴടങ്ങിയിരിക്കുന്ന എന്ന സങ്കടകരമായ വാര്‍ത്തയാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഏറെ നിരാശയോടെയും ദുഖത്തോടെയുമാണ് ഏവരും പ്രണവിന്‍റെ വിയോഗവാര്‍ത്ത കേള്‍ക്കുന്നത്. അത്രമാത്രം പ്രിയപ്പെട്ടവരായ രണ്ട് പേര്‍. അവരെ രണ്ടായിട്ടല്ല- ഒന്നായി കാണുന്നവരാണ് ഏറെയും. ഇനിയതില്‍ ഒരാളില്ലെന്ന് കേള്‍ക്കേ, ആ വേദന ഉള്‍ക്കൊള്ളാൻ അവരെയറിയുന്ന ആര്‍ക്കും സമയമെടുക്കും.

ശരീരം തളര്‍ന്ന് വീല്‍ചെയറിലും കിടക്കയിലുമായിപ്പോയ ശേഷം ഭാവിയെന്നൊരു പ്രതീക്ഷയേ നഷ്ടപ്പെട്ട് നിരാശയുടെ ആഴങ്ങളിലേക്ക് പോകേണ്ടിയിരുന്ന ഒരാളാണ് പ്രണവ്. എന്നാല്‍ ഷഹാനയുടെ പ്രണയം പ്രണവിന് ജീവവായുവും പ്രതീക്ഷയുടെ നിറഞ്ഞ വെട്ടവും കരുതലിന്‍റെ നനവുമെല്ലാം പകര്‍ന്നു. 

സോഷ്യല്‍ മീഡിയയില്‍ കുറഞ്ഞത് നാല് വര്‍ഷമെങ്കിലുമായി ഇവര്‍ ഇരുവരും ഏവര്‍ക്കും പരിചിതരായിട്ട്. ഒരു ബൈക്കപടകത്തില്‍ സാരമായി പരുക്കേറ്റ ശേഷം തളര്‍ന്നതാണ് ഇരിങ്ങാലക്കുട സ്വദേശി പ്രണവ്. കഴിയും വിധം ചികിത്സ നടത്തിയെങ്കിലും പിന്നീട് പ്രണവിന് എഴുന്നേറ്റ് നടക്കാനായില്ല. ബികോം പൂര്‍ത്തിയാക്കി തുടര്‍പഠനം നടത്തണം, ജോലി നേടണം തുടങ്ങിയ സ്വപ്നങ്ങളെല്ലാം പാതിവഴിക്ക് അസ്തമിച്ചുവെന്ന് ഉറപ്പിച്ചു. 

ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഈ അപകടം. ചികിത്സകളൊന്നം കാര്യമായി ഫലം കാണാതായതോടെ സ്വന്തം കാര്യങ്ങള്‍ക്ക് പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥ വന്നിരുന്നു പ്രണവിന്. പക്ഷേ അല്‍പം കൂടി ഇതേ അവസ്ഥയില്‍ മുന്നോട്ട് പോയപ്പോള്‍ കിടക്കയില്‍ നിന്ന് എഴുന്നേറ്റ് വീല്‍ചെയറില്‍ സഞ്ചരിക്കാമെന്ന അവസ്ഥയിലെത്തി. ഈ ഘട്ടങ്ങളിലെല്ലാം പ്രണവിനൊപ്പം താങ്ങായി കൂടെ നിന്നത് ഏറെയും സുഹൃത്തുക്കള്‍ തന്നെയായിരുന്നു. 

അവര്‍ പ്രണവിനെയും കൊണ്ട് പുറത്തൊക്കെ കറങ്ങാൻ പോകും പ്രണവിന് വേണ്ട കാര്യങ്ങളെല്ലാം തങ്ങളാല്‍ കഴിയും വിധം ചെയ്യും. അങ്ങനെയൊരിക്കല്‍ കൂട്ടുകാര്‍ക്കൊപ്പം വീല്‍ചെയറിലിരുന്ന് ഉത്സവം കാണാൻ പോയതാണ് പ്രണവ്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അവിചാരിതമായി വൈറലായി. ഇതോടെ നിരവധി പേര്‍ പ്രണവിനെ അഭിനന്ദനമറിയിക്കാൻ ബന്ധപ്പെട്ടു. അക്കൂട്ടത്തില്‍ തിരുവനന്തപുരത്ത് നിന്നുള്ള ഒരു പത്തൊമ്പതുകാരിയുമുണ്ടായിരുന്നു, ഷഹാന. 

സോഷ്യയല്‍ മീഡിയയിലൂടെ തന്നെയായിരുന്ന ഇരുവരും ആദ്യമെല്ലാം സംസാരിച്ചിരുന്നത്. പലപ്പോഴും ഷഹാന തനിക്ക് നേരെ നടന്നെത്തുന്നത് പ്രണവ് കണ്ടില്ലെന്ന് നടിച്ചിരുന്നു. പക്ഷേ പിന്മാറാൻ ഷഹാന ഒരുക്കമായിരുന്നില്ല. പ്രണവിനെ വിവാഹം ചെയ്യാൻ താല്‍പര്യമുണ്ടെന്ന് തന്നെ ഷഹാന അറിയിച്ചു. കിടപ്പിലായ ഒരാളെ വിവാഹം ചെയ്യാനൊരുങ്ങുന്നത് അറിഞ്ഞ വീട്ടുകാര്‍ ഷഹാനയെ രൂക്ഷമായ രീതിയിലാണ് എതിര്‍ത്തത്.

എന്നാല്‍ എല്ലാ എതിര്‍പ്പുകളെയും മറികടന്ന് അവള്‍ പ്രണവിനെ തേടി ഇരിങ്ങാലക്കുടയിലെത്തി. 2020 മാര്‍ച്ച് മൂന്നിന് അവര്‍ ഒരുമിച്ചു. കൊടുങ്ങല്ലൂര്‍ ആല ക്ഷേത്രത്തില്‍ വച്ച് നടന്ന വിവാഹത്തില്‍ പ്രണവിന്‍റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം പങ്കെടുത്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇരുവരുടെയും വിവാഹം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. അഭിനന്ദനങ്ങളുടെയും ആശംസകളുടെയും പ്രവാഹമായിരുന്നു ഇരുവര്‍ക്കും ലഭിച്ചത്. 

തുടര്‍ന്നും ഇരുവരുടെയും കുടുംബവിശേഷങ്ങളും പ്രണയവിശേഷങ്ങളും ഏവരും കൗതുകത്തോടെയാണ് കണ്ടുനിന്നിട്ടുള്ളത്. അടുത്തിടെ തന്‍റെ നെഞ്ചില്‍ ഷഹാനയുടെ മുഖം ടാറ്റൂ ചെയ്ത് അത് ഷഹാനയെ സര്‍പ്രൈസായി കാണിക്കുന്നൊരു വീഡിയോ പ്രണവ് പങ്കുവച്ചിരുന്നു. 

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രണയത്തിന്‍റെ വേവും അഴകും ചോരാതെ കാത്തൂസൂക്ഷിക്കാൻ ഇരുവര്‍ക്കും സാധിച്ചിരുന്നു. സുഹൃത്തുക്കള്‍ക്കും അവരെ ദൂരെ നിന്ന് മാത്രം അറിയാവുന്നവര്‍ക്കുമെല്ലാം ആ നഷ്ടം നികത്താനാവാത്തത് തന്നെയാണ്. ഷഹാനയ്ക്ക് ഈ വേര്‍പിരിയലിന്‍റെ വേദന താങ്ങാൻ കഴിയട്ടെയെന്ന് മാത്രമാണ് ഏവരും ഇപ്പോള്‍ ആഗ്രഹിക്കുന്നത്. കൂടുതല്‍ കരുത്തോടെ ഷഹാനയ്ക്ക് മുമ്പോട്ട് പോകാൻ പിന്തുണയായി നില്‍ക്കുമെന്നും സുഹൃത്തുക്കള്‍ ഒന്നടങ്കം പറയുന്നു. 

Also Read:- ഇനി ഷഹാനയ്ക്കൊപ്പം കൈ പിടിക്കാനില്ല; പ്രണവിനെ മരണം കവര്‍ന്നെടുത്തു

21കാരന്റെ ജീവനെടുത്ത് റോഡിലെ കുഴി, നീതി തേടി ശ്യാമിലിന്റെ കുടുംബം