കൊവിഡ് ലോക്ക്ഡൗണിനിടെ ജോര്‍ദാനിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ കുടുങ്ങിപ്പോയ നടൻ പൃഥ്വിരാജും സംഘവും ഇന്ന് തിരിച്ചെത്തി.  എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ദില്ലി വഴിയാണ് പൃഥ്വിരാജും സംഘവും രാവിലെ കൊച്ചിയിലെത്തിയത്. പൃഥ്വിരാജിന്‍റെ 'സ്റ്റൈലന്‍' ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. 

വിമാനത്താവളത്തില്‍ നിന്നും സ്വയം ഡ്രൈവ് ചെയ്‍തു ക്വാറന്‍റൈനില്‍ പ്രവേശിക്കാനായി പോകുന്ന പൃഥ്വിരാജിന്‍റെ ചിത്രങ്ങളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. വിമാനത്താവളത്തിൽ വന്നിറങ്ങിയ സംഘത്തെ മെഡിക്കൽ പരിശോധനകൾക്ക് ശേഷമാണ്  ക്വാറന്‍റൈനിലാക്കിയത്.  

കൂളിംഗ് ഗ്ലാസും മാസ്കും ധരിച്ച് നല്ല സ്റ്റൈലായി ക്വാറന്‍റൈനിലേക്ക് പോകുന്ന ചിത്രം പൃഥ്വിരാജ് തന്നെ ഇപ്പോള്‍ പങ്കുവച്ചിരിക്കുകയാണ്. താടിയുളളവര്‍ക്കും നല്ല സ്റ്റൈലായി മാസ്ക് ധരിക്കാം എന്നു കൂടി കാണിക്കുകയാണ് പൃഥ്വി ഇവിടെ. 

 'കട്ട താടിയില്‍' കറുപ്പ് നിറത്തിലുള്ള മാസ്ക് ധരിച്ചായിരുന്നു പൃഥ്വി എത്തിയത്. 'ഗ്രേ' നിറത്തിലുള്ള ടീഷര്‍ട്ടും ജീന്‍സുമായിരുന്നു പൃഥ്വിരാജിന്‍റെ വേഷം. '#OffToQuarantineInStyle'  എന്ന ഹാഷ് ടാഗിലാണ് പൃഥി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

 

 

 'ആടുജീവിതം'  എന്ന സിനിമയുടെ ഷൂട്ടിംഗിനായാണ്  58 അംഗ സംഘം ജോര്‍ദാനിലേക്ക് പോയത്. രണ്ട് മാസത്തിലേറെയായി ഇവര്‍ ജോര്‍ദാനിൽ തുടരുകയായിരുന്നു. ഇടയ്ക്ക് സിനിമാ ചിത്രീകരണം നിലച്ച് പോയെങ്കിലും പ്രതിസന്ധികൾ മറികടന്ന് ഷെഡ്യൂൾ പൂര്‍ത്തിയാക്കാനും സംഘത്തിന് കഴിഞ്ഞു. 

ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലാണ് പൃഥ്വി ഉള്‍പ്പെടെയുള്ളവര്‍ക്കു വേണ്ടി ക്വാറന്‍റൈന്‍ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്.

Also Read: ആടുജീവിതത്തിന് ഇടവേള; പൃഥിയും സംഘവും തിരിച്ചെത്തി...