Asianet News MalayalamAsianet News Malayalam

ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലേ? എപ്പോഴും ഭയമാണോ?

മനസ്സിനെ ശാന്തമാക്കാന്‍ സഹായിക്കുന്ന റിലാക്സേഷന്‍ ട്രെയിനിങ്ങ് എന്ന മന:ശാസ്ത്ര ചികിത്സാരീതിയാണ് ഉല്‍കണ്‌ഠ/ ടെന്‍ഷന്‍ ഉള്ള ആളുകള്‍ക്ക് ആവശ്യം. മനസ്സില്‍ ആധി നിറയുമ്പോള്‍ ചിന്തകളും പ്രവര്‍ത്തികളും എല്ലാം ദോഷകരമായി ബാധിക്കപ്പെട്ട അവസ്ഥയില്‍ ആയിരിക്കും. 

priya varghese column about  Anxiety Disorders
Author
Trivandrum, First Published Sep 1, 2020, 4:34 PM IST

വിദേശത്ത് ജോലി ചെയ്യുന്ന മുപ്പത്തിയാറ് വയസ്സുള്ള ഒരു വ്യക്തി. മുന്‍പ് ജോലിയില്‍ നല്ലവണ്ണം ശ്രദ്ധിക്കാന്‍ കഴിയുമായിരുന്നു, ഒരു ടെന്‍ഷനും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കൊറോണക്കാലം തുടങ്ങിയത് മുതല്‍ ആകെ മനസ്സില്‍ എപ്പോഴും ടെന്‍ഷന്‍ ആണ്. 

കൊറോണ വരുമോ എന്ന ഭയത്തില്‍ തുടങ്ങിയതാണ് എല്ലാ ടെന്‍ഷനും. പക്ഷേ ഇപ്പോള്‍ ഹൃദയ സംബന്ധമായ എന്തെങ്കിലും രോഗം വരുമോ, ജോലി നഷ്ടപ്പെടുമോ, തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഭാര്യയ്ക്കും മക്കൾക്കും മാതാപിതാക്കള്‍ക്കും ആരും ആശ്രയമില്ലാതെയാകുമല്ലോ ഇങ്ങനെ മനസ്സിനെ ഭയപ്പെടുത്തുന്ന നിരവധി ചിന്തകള്‍ മനസ്സില്‍ നിറയാന്‍ തുടങ്ങി. ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെയായി.

 അല്‍പദൂരം നടക്കുമ്പോള്‍ സാധാരണ എല്ലാ ആളുകളിലും അനുഭവപ്പെടുന്ന ചെറിയ നെഞ്ചിടിപ്പുയരുന്ന അവസ്ഥപോലും വലിയ എന്തോ രോഗമാണോ എന്ന തോന്നാല്‍ ആ വ്യക്തിയില്‍ ഉണ്ടാക്കാന്‍ തുടങ്ങി. 
രാത്രി ഉറങ്ങാന്‍ കിടന്നാല്‍ രാവിലെ സാധാരണ ഉണരുന്ന സമയത്ത് ഉണരാന്‍ കഴിയുമോ, കൃത്യ സമയത്ത് ജോലിസ്ഥലത്ത് എത്തിച്ചേരാന്‍ കഴിയുമോ, ജോലിയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയതെവന്നാല്‍ ജോലി നഷ്ടപ്പെടുമോ എന്നിങ്ങനെയുള്ള ആധിയാണ്.

 ഈ ചിന്തകള്‍ കാരണം രാത്രി ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടായി. പതുക്കെ മുന്‍പ് സന്തോഷം കണ്ടെത്താന്‍ കഴിഞ്ഞിരുന്ന എല്ലാ കാര്യങ്ങളില്‍ നിന്നും പിന്മാറാന്‍ തുടങ്ങി. സുഹൃത്തുക്കളോടും ഒപ്പം ജോലി ചെയ്യുന്ന ആളുകളോടുംപോലും സംസാരിക്കാന്‍ താല്പര്യം ഇല്ലാതെയായി. എപ്പോഴും ഒറ്റയ്ക്കിരിക്കണം, ഇനി ജീവിതം ശരിയാക്കിയെടുക്കാന്‍ കഴിയില്ല, മരണം സംഭവിക്കുമോ എന്നെല്ലാം ചിന്തിച്ച് ഭയന്ന് മാസങ്ങളോളം മനസ്സില്‍ ഭയം നിറഞ്ഞു നില്‍ക്കുന്ന അവസ്ഥ.

ഉല്‍കണ്‌ഠ/ ടെന്‍ഷന്‍ എന്ന പ്രശ്നത്തിലൂടെയാണ് മേല്പറഞ്ഞ വ്യക്തി കടന്നുപോകുന്നത്. ജീവിതത്തിൽ ഇന്നേവരെ സംഭവിച്ചിട്ടില്ലാത്ത ഭയപ്പെടുത്തുന്ന അവസ്ഥകള്‍ ഇനി എപ്പോഴെങ്കിലും സംഭവിച്ചേക്കുമോ എന്നു സങ്കല്‍പ്പിച്ച് ഭയപ്പെടുക എന്നതാണ് ഉല്‍കണ്‌ഠ/ ടെന്‍ഷന്‍ ഉള്ളവര്‍ ചെയ്യുക. 

ഇങ്ങനെ സങ്കല്‍പ്പിച്ച് ഭയപ്പെടുന്ന കാര്യങ്ങളില്‍ എത്ര ശതമാനം യഥാര്‍ത്ഥ ജീവിതത്തില്‍ ഇതുവരെ സംഭവിച്ചിട്ടുണ്ട് എന്ന് സ്വയം ചിന്തിച്ചു നോക്കേണ്ട കാര്യമാണ്. ഉല്‍കണ്‌ഠ എന്നത് ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിക്കും. ഉറക്കത്തേയും, ജീവിതത്തില്‍ ആകമാനമുള്ള സ്വസ്ഥതയെയും നഷ്ടപ്പെടുത്തിക്കളയും.

മന:ശാസ്ത്ര ചികിത്സ...

മനസ്സിനെ ശാന്തമാക്കാന്‍ സഹായിക്കുന്ന റിലാക്സേഷന്‍ ട്രെയിനിങ്ങ് എന്ന മന:ശാസ്ത്ര ചികിത്സാരീതിയാണ് ഉല്‍കണ്‌ഠ/ ടെന്‍ഷന്‍ ഉള്ള ആളുകള്‍ക്ക് ആവശ്യം. മനസ്സില്‍ ആധി നിറയുമ്പോള്‍ ചിന്തകളും പ്രവര്‍ത്തികളും എല്ലാം ദോഷകരമായി ബാധിക്കപ്പെട്ട അവസ്ഥയില്‍ ആയിരിക്കും. അതിനാല്‍ തന്നെ ചിന്താരീതികളിലും പ്രവര്‍ത്തികളിലും വ്യത്യാസം വരുത്തിയെടുക്കാന്‍ സഹായിക്കുന്ന 'Cognitive Behaviour Therapy' (CBT) ഈ അവസ്ഥ തരണംചെയ്യാന്‍ സഹായിക്കും. 

ഒരു ദിവസം ഒരു മണിക്കൂര്‍ സെഷന്‍, അങ്ങനെ ടെന്‍ഷനും ഭയവും ഇല്ലാതെ മനസ്സു പൂര്‍ണ്ണമായും ശാന്തമാകുന്നതുവരെയാണ് ചികിത്സ നീണ്ടുനില്‍ക്കുക. ക്ഷമയും ചികിത്സയോടുള്ള പ്രതിബദ്ധതയും ഉള്ളവരില്‍ പൂര്‍ണ്ണമായും മാറ്റിയെടുക്കാന്‍ കഴിയുന്ന ഒരവസ്ഥയാണ് ഉല്‍കണ്‌ഠമൂലമുള്ള പ്രശ്നങ്ങള്‍. മനസ്സിന്‍റെ ടെന്‍ഷന്‍ ഇല്ലാതെയാകുന്നതോടെ ജീവിതം സാധാരണ നിലയിലേക്ക് മാറ്റിയെടുക്കാന്‍ കഴിയും.

രോഗം വരുമോ എന്ന ആശങ്ക എപ്പോഴുമുള്ള വ്യക്തിയാണോ നിങ്ങള്‍?

എഴുതിയത്:
പ്രിയ വര്‍ഗീസ് (M.Phil, MSP)
കണ്‍സള്‍റ്റന്‍ഡ്  ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
പുഷ്പഗിരി മെഡിക്കല്‍ കോളേജ് (CDC)
PH: 8281933323
Telephone consultation only

 
 

Follow Us:
Download App:
  • android
  • ios