•    എന്റെ മാതാപിതാക്കള്‍ എനിക്ക് ഇപ്പോഴുള്ളതിലും മികച്ച വിദ്യാഭ്യാസം നൽകിയിരുന്നെങ്കിൽ എനിക്ക് എത്ര മികച്ച നിലയില്‍ എത്താമായിരുന്നു.

•    ഒരു സമ്പന്ന കുടുംബത്തില്‍ ആയിരുന്നു ഞാന്‍ ജനിച്ചിരുന്നത് എങ്കില്‍ എന്റെ ജീവിതം എത്ര മെച്ചപ്പെട്ടതായേനെ.

•    അവന്‍ എന്നോട് അങ്ങനെ പറഞ്ഞിരുന്നില്ലെങ്കില്‍ ഞാന്‍ ഒരിക്കലും അവനോട് അങ്ങനെ ദേഷ്യം കാണിക്കുമായിരുന്നില്ല.

•    അവള്‍ എന്നോടങ്ങനെ പറഞ്ഞതുകൊണ്ടാണ് ഞാന്‍ മദ്യപിച്ചു വന്ന് അവളെതല്ലേണ്ടി വന്നത്.

ഇത്തരം ചിന്തകള്‍ മനസ്സിലേക്കു വരാറുണ്ടോ? മറ്റാരെങ്കിലുമാണ് നിങ്ങളുടെ ജീവിതത്തിലെ നിർഭാ​ഗ്യങ്ങൾക്ക്  കാരണം എന്നു വിശ്വസിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങളുടെ ജീവിതത്തെ ഒരിക്കലും മെച്ചപ്പെടുത്തിയെടുക്കാന്‍ കഴിയാത്ത ദുർബലനായ ഒരു വ്യക്തിയായാണ് നിങ്ങളെ തന്നെ നിങ്ങള്‍ കാണുന്നത്. 

 ജീവിതത്തില്‍ എല്ലായ്പ്പോഴും സന്തോഷവും സമാധാനവും മാത്രമല്ല, ദു:ഖങ്ങളും, പ്രശ്നങ്ങളും ഒക്കെ വന്നേക്കാം. എന്നാല്‍ സ്ഥിരമായി ഇങ്ങനെ മറ്റുള്ളവരെ കുറ്റപ്പെടുത്തി സ്വയം ദുർബലരാണെന്ന് ചിന്തിക്കുന്ന രീതി തീവ്രമായ നിരാശയിലേക്ക് ആ വ്യക്തിയെ കൊണ്ടെത്തിക്കും. ഇതുമറ്റുള്ളവര്‍ക്കു ചിലപ്പോള്‍ തിരിച്ചറിയാനായില്ല എങ്കിലും വല്ലാതെ നെഗറ്റീവ് ആയി ചിന്തിച്ചുകൂട്ടി മനസ്സു തകർന്ന് അവസ്ഥയിലാവും ആ വ്യക്തി ഉണ്ടാവുക. 

നിങ്ങള്‍ കുറ്റക്കാരായി കാണുന്ന വ്യക്തികള്‍ക്കു പോലും നിങ്ങളുടെ ഉള്ളിന്റെ ഉള്ളിൽ അമർഷവും എത്രമാത്രം എന്നു മനസ്സിലാക്കാന്‍ ചിലപ്പോള്‍ കഴിഞ്ഞെന്നു വരില്ല. പക്ഷേ സ്ഥിരമായി ഇങ്ങനെ കുറ്റപ്പെടുത്തുന്നതുകൊണ്ട് ഒരുനല്ല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയില്ല എന്നതാണ് വാസ്തവം. 

“എന്താണ് എന്റെ ജീവിതം മാത്രം ഇങ്ങനെ”- എന്നു മനസ്സില്‍ ആവർത്തിച്ചു ചിന്തിക്കുന്നത് മനസ്സിനെ വിഷമിപ്പിക്കുക മാത്രമേ ചെയ്യൂ. നാം ഓരോ വ്യക്തികളും നമ്മുടെ ജീവിതത്തെ മെച്ചപ്പെടുത്തിയെടുക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാവുക എന്നതാണ് ഇതിനെ മറികടക്കാനുള്ള പോംവഴി. 

ചില ആളുകള്‍ സ്ഥിരമായി ഇങ്ങനെ അവരുടെ ദുഃഖത്തിനു കാരണക്കാരായവരെ കുറ്റപ്പെടുത്തി സ്ഥിരമായി ഒരേ കാര്യങ്ങള്‍ തന്നെ പറഞ്ഞുകൊണ്ടേ ഇരിക്കുന്നു. ഇതിനെന്താണ് പരിഹാരം എന്ന ചിന്ത ഒരിക്കലും അവരുടെ മനസ്സിലേക്കു കടന്നു വരാത്ത നിലയില്‍ അത്രത്തോളം ഇതൊന്നും പരിഹരിക്കാന്‍ പ്രാപ്തിയുള്ള ഒരു വ്യക്തിയല്ല താന്‍ എന്ന അടിയുറച്ച വിശ്വാസം കാത്തുസൂക്ഷിക്കുന്നു. 

നാം ആഗ്രഹിച്ച രീതിയില്‍ എല്ലാം ജീവിതത്തില്‍ സംഭവിക്കണം എന്നില്ല. പക്ഷേ എങ്ങനെ ജീവിതം ഇപ്പോഴത്തെ നിലയില്‍ നിന്നും മെച്ചപ്പെടുത്താം എന്ന ചിന്തയില്‍ സ്വയം ഉത്തരവാദിത്വം ഏറ്റെടുത്തേ മതിയാവൂ. ചില കാര്യങ്ങളില്‍ കൃത്യമായ തീരുമാനം എടുക്കാന്‍ കഴിയാത്ത അവസ്ഥ, സ്വന്തം കഴിവുകള്‍ തിരിച്ചറിയാതെ സ്വയം വിലകുറച്ചു കാണുന്ന അവസ്ഥ ഇതെല്ലാം മറികടന്നു ധൈര്യപൂർവ്വം  മുന്നോട്ടു പോകാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ എന്തെങ്കിലും നല്ല മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുകയുള്ളൂ. 

എപ്പോഴും നിർഭാ​ഗ്യങ്ങളെപ്പറ്റി മാത്രം ചിന്തിച്ച് മറ്റുള്ളവരുടെ ജീവിതവുമായി താരതമ്യം ചെയ്യുന്നത് ശീലമാക്കിയാല്‍ സമയവും മനസ്സമാധാനവും നഷ്ടമാകും എന്നല്ലാതെ ഒരു പ്രയോജനവും അതുകൊണ്ട് ഉണ്ടാവുന്നില്ല. മറ്റുള്ളവരെ കുറ്റക്കാരായി കാണുമ്പോള്‍ നാം യഥാർത്ഥത്തില്‍ എന്താണോ അതി‌ൽ നിന്ന് ഭേദമാണ് നാം എന്ന ഒരു തോന്നല്‍ നമ്മെപ്പറ്റിനമുക്കുണ്ടാകുന്നു എങ്കിലും ഒരു നല്ല മാറ്റവും നമ്മുടെ സ്വഭാവത്തിലോ വ്യക്തിത്വത്തിലോ അതുകൊണ്ട് ഉണ്ടാകുന്നില്ല.

ദേഷ്യത്തിന്റെ രൂപത്തില്‍ പുറമേപ്രകടമാക്കുന്ന പല പ്രവർത്തികൾക്കും കാരണം ഇതെല്ലാം ചിന്തിച്ചു കൂട്ടി മനസ്സു വിഷാദരോഗത്തിലേക്കു പോലും എത്തിച്ചേർന്നിരിക്കുന്നു എന്നതിന്റെ ലക്ഷണമാകാം. സ്വയം വിലകുറച്ചു കാണുന്നത് അവസാനിപ്പിക്കാം.

കടപ്പാട്:

പ്രിയ വര്‍ഗീസ്(M.Phil, MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (RCI Registered)
റാന്നി, പത്തനംതിട്ട
Call: 8281933323(10am to 2pm)