Asianet News MalayalamAsianet News Malayalam

ദാമ്പത്യ ജീവിതം സന്തോഷകരമാക്കാൻ ഒഴിവാക്കേണ്ട 8 കാര്യങ്ങൾ

പരസ്പര വിശ്വാസം വിവാഹജീവിതത്തിന്‍റെ വിജയത്തിന് അനിവാര്യമാണ്. എന്നാല്‍ ഭാര്യയോ ഭര്‍ത്താവോ എപ്പോഴും തന്‍റെ അധീനതയില്‍ മാത്രമായിരിക്കണം എന്ന് ചിന്തിക്കുന്നതും പ്രശ്നങ്ങള്‍ക്ക് കാരണമാകും. അമിത സ്നേഹം ശ്വാസംമുട്ടിക്കുന്ന അവസ്ഥയുണ്ടാക്കും. എപ്പോഴും പങ്കാളിയെ നിരീക്ഷിക്കുന്നതും ഒരു സ്വാതന്ത്ര്യവും അനുവദിക്കാതെയിരിക്കുന്നതും അവരില്‍ ബുദ്ധിമുട്ടുണ്ടാക്കും. പങ്കാളിയുടെ വ്യക്തി സ്വാതന്ത്ര്യത്തെ കൂടി പരിഗണിക്കേണ്ടതുണ്ട്. അവരുടെ പെരുമാറ്റത്തെ എപ്പോഴും സംശയ ദൃഷ്ടിയോടെ സമീപിക്കേണ്ടതില്ല. 

priya varghese column about Common Problems in Married Life
Author
Trivandrum, First Published May 6, 2019, 10:58 AM IST

വിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്നു എന്നല്ലേ പറയാറുള്ളത്. പരസ്പര സ്നേഹം, ബഹുമാനം, വിശ്വാസം എന്നിവയൊക്കെ കാത്തു സൂക്ഷിക്കാനായാല്‍ ദാമ്പത്യ ജീവിതം സന്തോഷകരമായ അനുഭവമാക്കിത്തീര്‍ക്കാനാവും. എല്ലാ ഭാര്യാ ഭര്‍ത്താക്കന്മാരും പൊതുവായി പറയാറുള്ള ചില പരാതികളുണ്ട്. താന്‍ ആഗ്രഹിക്കും പോലെ പങ്കാളിയില്‍നിന്നും ശ്രദ്ധ കിട്ടുന്നില്ല, തന്‍റെ ഇഷ്ടങ്ങള്‍ പങ്കാളിയുടെ നിര്‍ബന്ധം മൂലം വേണ്ടന്ന് വയ്ക്കേണ്ടി വരുന്നു, പണം ചിലവഴിക്കുന്നതിനേ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ എന്നിവയാണവ. 

നിരന്തരം വഴക്കുകളും പ്രശ്നങ്ങളും മാത്രമായി ദാമ്പത്യം നിരാശാജനകമായ അനുഭവമായി മാറിയ അവസ്ഥയിലൂടെ കടന്നുപോകുന്ന നിരവധിപ്പേരുണ്ട്. 2016 ലെ കണക്കുകള്‍ തെളിയിക്കുന്നത് കേരളം ഇന്ത്യയുടെ വിവാഹ മോചനത്തിന്‍റെ തലസ്ഥാനമാണെന്നാണ്. കേരളത്തിലെ കുടുംബ കോടതികളില്‍ ഓരോ ദിവസവും നൂറ്റിനുപ്പതോളം വിവാഹ മോചന കേസുകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നു എന്നാണ് 2014 ലെ കണക്ക്. 

ദാമ്പത്യത്തില്‍ ഒഴിവാക്കേണ്ട ചിലത്...

തര്‍ക്കം...

തര്‍ക്കവും വാഗ്വാദവും നടത്താത്ത ദമ്പതികളില്ല. എന്നാല്‍ നിരന്തരം പങ്കാളിയെ അവഹേളിക്കുന്ന തരത്തില്‍ സംസാരിക്കുന്നത് ദോഷം ചെയ്യും. പ്രശ്നങ്ങള്‍ അങ്ങേയറ്റം വഷളാകാന്‍ കാത്തിരിക്കാതെ തുടക്കത്തില്‍ തന്നെ പരിഹരിക്കാന്‍ ശ്രമിക്കുന്നതാണ് എപ്പോഴും നല്ലത്.

priya varghese column about Common Problems in Married Life

പരസ്പരം കേള്‍ക്കാനുള്ള ക്ഷമയില്ലായ്മ...

പങ്കാളിയെ ശ്രദ്ധയോടെ കേള്‍ക്കാന്‍ കഴിയുക എന്നുള്ളത് ദാമ്പത്യജീവിതത്തില്‍ വളരെ പ്രധാനമാണ്. ഒരാള്‍ മാത്രം എപ്പോഴും സംസരിച്ചു കൊണ്ടിരിക്കുകയും മറ്റെയാള്‍ പറയുന്നത് കേള്‍ക്കാനുള്ള ക്ഷമ കാണിക്കാതെയും വന്നാല്‍ അവിടെ പ്രശ്നങ്ങള്‍ ആരംഭിക്കും. ചിലര്‍ കാര്യങ്ങള്‍ തുറന്നു സംസാരിക്കുന്നതിനു പകരം പങ്കാളിയുടെ മനസ്സു വായിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കും. എന്നാല്‍ ഇതുവഴി പലപ്പോഴും പങ്കാളി സ്വപ്നത്തില്‍പോലും വിചാരിക്കാത്ത കാര്യങ്ങള്‍ അവര്‍ ചിന്തിക്കുന്നു എന്ന തെറ്റായ കണ്ടെത്തെലിലാവും കൊണ്ടെത്തിക്കുക.

ഭാര്യയെയൊ ഭര്‍ത്താവിനെയൊ വിശ്വാസമില്ലാത്തവര്‍ തങ്ങളുടെ ഈ കണ്ടെത്തലുകള്‍ തെറ്റായിപ്പോയി എന്ന് വിശ്വസിക്കാന്‍ തയ്യാറാവാതെ വരികയും, ഇതേച്ചൊല്ലി വഴക്കിടുകയും ചെയ്യും.പരസ്പരം കേള്‍ക്കാനും, പങ്കാളിയുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാനും,ഇരുകൂട്ടരുടെയും താല്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനാവുന്നതുമാണ് സന്തോഷവും  സമാധാനവും നിറഞ്ഞ കുടുംബജീവിതം.

ഒരാള്‍ മാത്രം അസംതൃപ്തിയില്‍ കഴിയേണ്ടിവരുന്നത്....

വിവാഹശേഷം വര്‍ഷങ്ങള്‍ മുന്നോട്ടു പോകുമ്പോള്‍ ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും സ്വഭാവത്തിലും ജോലിയില്‍ കൈവരിക്കുന്ന നേട്ടങ്ങളിലും വ്യത്യാസങ്ങള്‍ വരാം. രണ്ടുപേരും ഒരേപോലെ നേട്ടങ്ങള്‍ കൈവരിക്കുന്നെ ങ്കില്‍ അവര്‍ രണ്ടു പേരും ജീവിതത്തില്‍ സംതൃപ്തരായിരിക്കും. എന്നാല്‍ ഒരാള്‍ മാത്രം ഒരുപാടു മാറുകയും മറ്റെയാള്‍ അസംതൃപ്തിയില്‍ ജീവിക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥ ബന്ധത്തില്‍ വിള്ളലുണ്ടാക്കിയേക്കാം.

    പങ്കാളിയെ സംശയിക്കുക....

പരസ്പര വിശ്വാസം വിവാഹജീവിതത്തിന്‍റെ വിജയത്തിന് അനിവാര്യമാണ്. എന്നാല്‍ ഭാര്യയോ ഭര്‍ത്താവോ എപ്പോഴും തന്‍റെ അധീനതയില്‍ മാത്രമായിരിക്കണം എന്ന് ചിന്തിക്കുന്നതും പ്രശ്നങ്ങള്‍ക്ക് കാരണമാകും. അമിത സ്നേഹം ശ്വാസംമുട്ടിക്കുന്ന അവസ്ഥയുണ്ടാക്കും. എപ്പോഴും പങ്കാളിയെ നിരീക്ഷിക്കുന്നതും ഒരു സ്വാതന്ത്ര്യവും അനുവദിക്കാതെയിരിക്കുന്നതും അവരില്‍ ബുദ്ധിമുട്ടുണ്ടാക്കും. പങ്കാളിയുടെ വ്യക്തി സ്വാതന്ത്ര്യത്തെ കൂടി പരിഗണിക്കേണ്ടതുണ്ട്. അവരുടെ പെരുമാറ്റത്തെ എപ്പോഴും സംശയ ദൃഷ്ടിയോടെ സമീപിക്കേണ്ടതില്ല. പരസ്പരംമനസ്സിലാക്കാന്‍ കഴിയുക എന്നതാണ് വേണ്ടത്. അങ്ങനെയെങ്കില്‍ വിശ്വാസം വളര്‍ത്തിയെടുക്കാനാവും. വിവാഹേതര ബന്ധങ്ങള്‍ സൂക്ഷിച്ച് പങ്കാളിയെ വഞ്ചിക്കുന്നവരും കുറവല്ല. വിവാഹ മോചനങ്ങള്‍ നടക്കാന്‍ സംശയരോഗവും വിവാഹേതര ബന്ധങ്ങളും പ്രധാന കാരണങ്ങളാണ്.

priya varghese column about Common Problems in Married Life

    അവഗണന...

പങ്കാളിയില്‍ നിന്നും അംഗീകാരവും സ്നേഹവും എല്ലാവരും ആഗ്രഹിക്കും. എന്നാല്‍ പങ്കാളിയെ മറ്റുള്ളവരുടെ മുന്‍പില്‍ കുറ്റപ്പെടുത്തി സംസാരിക്കുന്ന രീതി ചിലര്‍ക്കുണ്ട്. ഇത് ഒരാളുടെ ആത്മവിശ്വാസത്തെ തകര്‍ക്കുകയും അസംതൃപ്തിയിലേക്കു നയിക്കുകയും ചെയ്യും. എപ്പോഴും കളിയാക്കുന്ന രീതിയിലുള്ള സംസാരം മാത്രം കേള്‍ക്കേണ്ടി വരുമ്പോള്‍ അതു മാനസികമായ അകല്‍ച്ചയ്ക്ക് കാരണമാകും.

ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാവാത്തത്...

കുട്ടികളുടെ കാര്യങ്ങളും വീട്ടിലെ മറ്റുത്തരവാദിത്വങ്ങളും ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും കൂട്ടുത്തരവാദിത്തമായി കണക്കാക്കി മുന്നോട്ടു പോകുന്ന കുടുംബങ്ങളില്‍ വഴക്കുകളും പ്രശ്നങ്ങളും കുറവായിരിക്കും. ഒരാളുടെ മേല്‍ എല്ലാ ഉത്തരവാദിത്തവും വരുന്ന സഹാചാര്യം ആ വ്യക്തിയില്‍ വലിയ മാനസിക സംഘര്‍ഷത്തിന് ഇടയാക്കും.

    വിരസത...

വര്‍ഷങ്ങളോളം ഒരുമിച്ച് മുന്‍പോട്ടു പോകുമ്പോള്‍ ദാമ്പത്യത്തില്‍ വിരസത തോന്നുന്ന അവസ്ഥയും ഉണ്ടാകാം. ജീവിതത്തിലെ തിരക്കുകളും കുട്ടികളുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിനിടയിലും അല്‍പസമയം ഒരുമിച്ചിരിക്കാനും സംസാരിക്കാനും ഭാര്യാ ഭര്‍ത്താക്കന്മാര്‍ സമയം കണ്ടെത്തേണ്ടത്‌ സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന് അനിവാര്യമാണ്. ഇടയ്ക്കൊക്കെ ഒരുമിച്ചുള്ള യാത്രകള്‍ ഉണര്‍വ്വു നല്‍കുകയും വിരസത അകറ്റുകയും ചെയ്യും.

പണത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍...

പണം ചിലവഴിക്കുന്ന കാര്യത്തില്‍ ചിലപ്പോള്‍ രണ്ടു പേരും രണ്ടഭിപ്രായം ഉള്ളവരായിരിക്കും. ഇത് ചര്‍ച്ച ചെയ്ത് തീരുമാനത്തില്‍ എത്തുകയാണ് വേണ്ടത്. പലപ്പോഴും പങ്കാളിയെ അറിയിക്കാതെ പണം ചിലവഴിക്കുകയും നഷ്ടങ്ങള്‍ സംഭവിക്കുകയും പിന്നീടിത് ഭാര്യാ ഭര്‍ത്താക്കന്മാരുടെ ഇടയില്‍ വലിയ പ്രശ്നങ്ങള്‍ക്കത് കാരണമാകുകയും ചെയ്യുന്നു.

ദാമ്പത്യ പ്രശ്നങ്ങള്‍ പരസ്പരം പറഞ്ഞു തീര്‍ക്കാനോ ആവശ്യമെങ്കില്‍ കൗണ്‍സിലിംഗ് പോലെയുള്ള സഹായങ്ങള്‍ സ്വീകരിക്കാനോ തയ്യാറാകാം . ചെറിയ പ്രശ്നങ്ങള്‍ പരിഹരിക്കാതെ അതിനെ വഷളാക്കുന്ന അവസ്ഥ ഒഴിവാക്കണം. മറ്റാരെങ്കിലുമൊക്കെ ജീവിതത്തില്‍ ഇടപെട്ടുപ്രശ്നങ്ങളുണ്ടാക്കാന്‍ അനുവദിക്കാതെ ഇരിക്കുക. രണ്ടുപേരും ചര്‍ച്ചചെയ്ത് എങ്ങനെ അവരുടെ ജീവിതത്തെ സന്തോഷകരമായി മുന്‍പോട്ടു കൊണ്ടുപോകാം എന്ന് പ്ലാന്‍ ചെയ്യാം.

എഴുതിയത്:

പ്രിയ വര്‍ഗീസ് 
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
പ്രതീക്ഷ, പുഷ്പഗിരി മെഡിക്കല്‍ കോളേജ്
Email: priyavarghese.cp@gmail.com

Follow Us:
Download App:
  • android
  • ios