സ്ത്രീകളില്‍ മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ കാരണങ്ങള്‍ എന്തെല്ലാം എന്ന് ചോദിച്ചാല്‍ സ്ത്രീകൾക്ക്  പെട്ടെന്നു പറയാന്‍ കഴിയുന്നത്‌ എന്തായിരിക്കും? വീട്ടിലെ ജോലികള്‍, കുട്ടികളുടെ പഠനം- ജോലിക്ക് പോകുന്നതിനോടൊപ്പം തന്നെ ഈ ഉത്തരവാദിത്വങ്ങള്‍ എല്ലാം നിർവഹിക്കുമ്പോൾ മിക്ക സ്ത്രീകള്‍ക്കും മാനസിക സമ്മർദ്ദം അനുഭവപ്പെടുന്നു. 

എത്ര ബുദ്ധിമുട്ടിയാലും ഒരു കാര്യങ്ങൾക്കും മുടക്കം വരുത്താതെ നോക്കാന്‍ സ്ത്രീകൾക്കുള്ള കഴിവ് വളരെ വലുതാണ്. പുരുഷന്മാരെ അപേക്ഷിച്ച് പൊരുത്തപ്പെടല്‍ കൂടുതല്‍ ആവശ്യമായി വരുന്നുണ്ട് സ്ത്രീകൾക്ക്. ചെറുപ്പം മുതലേ അടക്കവും, ക്ഷമാശീലവും ഒക്കെ ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിൽ കൂടുതൽ ഉണ്ടാക്കിയെടുക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കുന്നു. ഒരേസമയം ഒന്നിൽ കൂടുതല്‍ ജോലികള്‍ ചെയ്യാനുള്ള മിടുക്ക് സ്ത്രീകൾക്കുണ്ട്. 

എന്നാല്‍ ചില സമയങ്ങളില്‍ കഴിയുന്നതിലും അധികം ഉത്തരവാദിത്വങ്ങള്‍ തന്റെ മേല്‍ വരുമ്പോള്‍ സ്ത്രീകളില്‍ ചില മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ഇതു കാരണമാകുന്നു. ഇന്ന് ടെൻഷന്‍ ഇല്ലാത്തവരായി ആരുമില്ല. എന്നാല്‍ പുരുഷന്മാരെ അപേക്ഷിച്ച് വിഷാദരോഗം, ഉൽകണ്‌ഠ എന്നിവ സ്ത്രീകളില്‍ കൂടുതല്‍ കണ്ടുവരുന്നു. അടുത്ത കാലത്ത് വിഷാദരോഗത്തിന് ചികിത്സതേടി ഒരു സ്ത്രീ വരികയുണ്ടായി.

 

 

അവരുടെ ഏകമകന്‍ ബുദ്ധിമാന്ദ്യം ഉള്ള കുട്ടിയാണ്. ഭർത്താവ് മദ്യപിക്കുകയോ, ശാരീരികമായി ഉപദ്രവിക്കുകയോ ഒന്നും ഇല്ല. എന്നാല്‍ അദ്ദേഹം വീട്ടിലെ കാര്യങ്ങളിലോ അവരുടെയും മകന്റെ്യും കാര്യങ്ങളിലോ ഒരുത്തരവാദിത്വവും കാണിക്കുന്നില്ല. മകന്റെ കുറവുകള്‍ എണ്ണിപറഞ്ഞ് പിതാവ് എപ്പോഴും അവനെ കളിയാക്കുന്നു. അവനെ ഒരു ശാപമായി അയാള്‍ കാണുന്നു.

 അവന്റെ ചികിത്സയ്ക്കാവശ്യമായ പണമോ പിതാവെന്ന നിലയിലുള്ള പിന്തുണയോ നൽകാന്‍ അദ്ദേഹം തയ്യാറല്ല. ഇത്തരം സാഹചര്യങ്ങളാല്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന നിരവധി സ്ത്രീകള്‍ ഉണ്ട്. മറ്റൊരു സ്ത്രീയുടെ കാര്യം ഓർമ്മ വരുന്നത് ഇങ്ങനെയാണ്. ടെൻഷൻ വരുമ്പോള്‍ അമിതമായി അവര്‍ ഭക്ഷണം കഴിക്കുന്നു. 

ഭർത്താവിന്റെ വഴിവിട്ട ബന്ധങ്ങളെക്കുറിച്ച് മറ്റാരെങ്കിലും പറഞ്ഞറിയുമ്പോള്‍ താങ്ങാനാകാത്ത മാനസിക സമ്മർദ്ദത്തില്‍ നിന്നും രക്ഷനേടാന്‍ അവര്‍ അമിതമായി ഭക്ഷണം കഴിക്കാന്‍ ആരംഭിച്ചു. ഈറ്റിങ്ങ് ഡിസോര്‍ഡർ എന്ന രോഗാവസ്ഥയിലേയ്ക്കാണ് ഇതവരെ കൊണ്ടെത്തിച്ചത്. 

 

 

ഇനി സ്ത്രീ സുരക്ഷയെക്കുറിച്ചു പറഞ്ഞാല്‍ സ്വന്തം വീടിന്നുള്ളില്‍ പോലും മിക്ക സ്ത്രീകളും സുരക്ഷിതരല്ല. ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് വീട്ടിനുള്ളില്‍ തന്നെ അവള്‍ ഇരയാക്കപ്പെടുന്നു. കൊച്ചു കുഞ്ഞുങ്ങളുടെ കാര്യവും വളരെ കഷ്ടമാണ്. ഷെറിന്‍ മാത്യൂസ്‌ എന്ന കൊച്ചുകുട്ടിയുടെ ചിത്രം നമ്മുടെ മനസ്സില്‍ നിന്നും മായുന്നില്ല. കത്വാ സംഭവത്തിന് ശേഷം കൊച്ചുകുട്ടിയെ മുറ്റത്ത്‌ കളിക്കാന്‍ വിടാൻ പോലും ഭയമാണെന്ന് അമ്മമാര്‍ പറയുകയുണ്ടായി. 

സ്ത്രീകളുടെ ഇടയില്‍ ഉയര്‍ന്നുവരുന്ന ആത്മഹത്യാ പ്രവണതയാണ് മറ്റൊരു വലിയ പ്രശ്നം. ടൈംസ്‌ ഓഫ് ഇന്ത്യ 2018 സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് ലോകത്താകമാനം ആത്മഹത്യ ചെയ്ത സ്ത്രീകളില്‍  37% ഇന്ത്യയില്‍ ഉള്ളവരാണ്. ഇവരില്‍ അധികവും വിവാഹിതരായ സ്ത്രീകളാണ്. ആത്മഹത്യയുടെ കാരണങ്ങള്‍ അന്വേഷിച്ചാല്‍ കുടുംബ പ്രശ്നങ്ങള്‍ ആണ് ഒന്നാമതായി കാണാന്‍ കഴിയുക.

ഇന്നത്തെ ഇന്റ്നെറ്റ് യുഗത്തില്‍ ‘സൈബര്‍ സൂയിസൈട്’ എന്ന ഒരു രീതിയും ചിലര്‍ ഉപയോഗിക്കുന്നുണ്ട്. ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങള്‍ റെക്കോർഡ്‌ ചെയ്തും തത്സമയം മറ്റൊരാളെ കാണിക്കുന്ന രീതികളും ഒക്കെ വാർത്തകളില്‍ നാം വായിക്കുന്നതാണ്.

പ്രസവാനന്തരം ഇന്ന് ഒരുപാട് സ്ത്രീകളില്‍ മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. പ്രസവശേഷം ‘പോസ്റ്റ്‌പാർട്ടം ബ്ലൂ’ എന്ന്‍ പറയുന്ന വിഷാദാവസ്ഥ മിക്ക സ്ത്രീകളിലും കാണാം. പ്രസവ വേദന, കുഞ്ഞു ജനിച്ചതിനു ശേഷമുണ്ടാകുന്ന ഉറക്കളപ്പ്, സാഹചര്യ മാറ്റങ്ങള്‍, ഹോർമോണുകളുടെ വ്യതിയാനങ്ങള്‍ എന്നിവയാണ് ഈ അവസ്ഥയ്ക്ക് കാരണം. 

എന്നാല്‍ സാധാരണ സ്ത്രീകളില്‍ കണ്ടുവരുന്നതില്‍ അധികം പ്രശ്നം ഉണ്ടാകുകയോ, മുമ്പ് മനോരോഗത്തിന് മരുന്ന് കഴിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് വളരെ ​ഗൗരവത്തോടെ കാണേണ്ടതാണ്. ഒരിക്കല്‍ കാണാന്‍ ഇടയായ ഒരു യുവതിയുടെ കഥ ഇങ്ങനെയാണ്- 26 വയസ്സുള്ള ഒരു യുവതി. 

ആദ്യ പ്രസവം ആയിരുന്നു. പ്രസവശേഷം ആശുപത്രിയില്‍ നിന്നും വീട്ടില്‍ എത്തി. അവളുടെ മാതാപിതാക്കള്‍ രണ്ടുപേരും ജോലി ചെയ്യുന്നവരായതിനാല്‍ പകല്‍ സമയം ഒരു സ്ത്രീയെ അവൾക്ക്  സഹായത്തിനായി നിർത്തി . ഒരു ദിവസം ആ സ്ത്രീക്ക് വരാനായില്ല. അന്ന് അവള്‍ മാത്രമായി കുഞ്ഞിനെ നോക്കാന്‍. പകൽ കുറെ നേരം കുഞ്ഞ് കരഞ്ഞു. കുറേനേരം ശ്രമിച്ചിട്ടും കുഞ്ഞിന്റെ കരച്ചില്‍ മാറ്റാന്‍ കഴിയാതെ വന്നപ്പോള്‍ അവൾക്ക്  ദേഷ്യം വന്നു. പെട്ടെന്നുള്ള ഒരു തോന്നലില്‍ കുഞ്ഞിനെ അവള്‍ കൊലപ്പെടുത്തി. 

കോളേജില്‍ പഠിക്കുന്ന കാലത്ത് വല്ലാത്ത ഒരു വിഭ്രാന്തി കാണിച്ച അവള്ക്ക്ട മനോരോഗത്തിന് ചികിത്സ കൊടുത്തിരുന്നു. എന്നാല്‍ പ്രസവാനന്തരംഅവളില്‍ മാനസിക പ്രശ്നം വീണ്ടും ഉടലെടുക്കുന്നു എന്ന് തിരിച്ചറിയാന്‍ മാതാപിതാക്കള്ക്കാ യില്ല. അവരുടെ ഭാവമാറ്റങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ആ കുഞ്ഞിനെ രക്ഷിക്കാന്‍ അവർക്കായേനെ.

 

 

ഇന്ന് ക്രിമിനല്‍ മനോഭാവവും സ്ത്രീകളില്‍ ഏറിവരുന്നതായി വാർത്തകള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് മനസ്സിലാകും. മറ്റൊരു ജീവിതത്തിലേക്ക് പോകാന്‍ തടസ്സമായ മകളെയും മാതാപിതാക്കളെയും കൊലപ്പെടുത്തുക, പ്രസവിച്ച ഉടന്‍ കുഞ്ഞുങ്ങളെ കൊലപ്പെടുത്തുക, അമ്മ മകനെ ചുട്ടുകൊല്ലുക ഇങ്ങനെയുള്ള പ്രവണതകള്‍ ഇന്നു കേരളത്തില്‍ സ്ത്രീകളില്‍ കൂടിവരുന്നു. 

നമ്മള്‍ ഇന്ന് അണുകുടുംബങ്ങളിലേക്ക് മാറിയപ്പോള്‍ നമുക്കൊരു പ്രശ്നം വന്നാല്‍ പറയാനോ അതു കേൾക്കാനോ ആളില്ലാതായി. മാനസിക പ്രശ്നങ്ങള്‍ വീട്ടില്‍ ഉള്ള ഒരാൾക്ക്‌ ഉണ്ടെന്നു പോലും തിരിച്ചറിയാന്‍ അവിടെ ഉള്ള മറ്റുള്ളവര്‍ക്കാവുന്നില്ല. ഒരു വീട്ടിലുള്ള നാലുപേര്‍ തമ്മില്‍ കാണുന്നതും മിണ്ടുന്നതും പോലും വല്ലപ്പോഴുമാകുന്നു. ദാമ്പത്യബന്ധത്തില്‍ പ്രതിബദ്ധത ഇല്ലാതാകുന്നു. വീട്ടില്‍ കിട്ടാത്ത സ്നേഹം തേടി എല്ലാവരും മറ്റിടങ്ങളിലേക്ക് പോകുന്നു.

സ്ത്രീകളുടെ മാനസികാരോഗ്യം ഏത് നിലയിലാണ് ഉള്ളതെന്ന് ഈ സംഭവങ്ങള്‍ നമ്മെ ചിന്തിപ്പിക്കുന്നു. മാനസികാരോഗ്യം എന്നാല്‍ എന്താണ്? നമ്മുടെ ചിന്തകളിലും, പെരുമാറ്റത്തിലും, വികാരങ്ങളില്‍ ഉള്ള നിയന്ത്രണത്തിലും എല്ലാം സുസ്ഥിതി ഉള്ള അവസ്ഥയ്ക്കാണ് മാനസികാരോഗ്യം എന്ന് പറയുന്നത്. അത് മാനസികരോഗം ഇല്ലാത്ത അവസ്ഥ എന്ന് മാത്രം കണ്ടാല്‍ പോരാ. 

മാനസികാരോഗ്യം നമ്മുടെദൈനം ദിനപ്രവർത്തികളിലും, വ്യക്തിബന്ധങ്ങളിലും, രോഗപ്രതിരോധശേഷിയിലും പ്രതിഫലിക്കുന്നു. മാനസികാരോഗ്യം ഇല്ലാതായ അവസ്ഥയില്‍ ഒരു വ്യക്തിക്ക് ഉറക്കക്കുറവ്, വിശപ്പിലായ്മ, ഉത്സാഹം ഇല്ലായ്മ, ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരിക, മറ്റുള്ളവരെ അഭിമുഖീകരിക്കാന്‍ പറ്റാതെ വരിക, മറ്റുള്ളവരെ സംശയം എന്നിവ തോന്നാം. 

ഇതു തിരിച്ചറിഞ്ഞ് ചികിത്സയിലൂടെ മാനസികാരോഗ്യം തിരിച്ചുപിടിക്കാന്‍ നമുക്കാവണം. ഇതിനായി നമ്മെ സഹായിക്കാന്‍ നല്ല സുഹൃത്ത് ബന്ധങ്ങളും സുശക്തമായ കുടുംബ ബന്ധങ്ങളും നമുക്കുണ്ടാകണം. സ്വയം പ്രചോദിപ്പിക്കാന്‍ ശ്രമിക്കുക. ഇതിനായി‘ഓട്ടോ സജെഷന്‍’ അഥവാ‘ആത്മ നിര്ദ്ദേശം’ശീലമാക്കാം.

 “എനിക്കീ പ്രശ്നങ്ങളിൽ നിന്നൊക്കെ രക്ഷപെടാനാകും, എന്റെ വികാരങ്ങളെ നിയന്ത്രിക്കാന്‍ എനിക്കാവും, എനിക്ക് ഇപ്പോള്‍ ഉള്ളത് ഞാന്‍ വെറുതെ ആലോചിച്ചു കൂട്ടിയതാണ്- അത് ഞാന്‍ മാറ്റും” ഇങ്ങനെ പോസിറ്റീവ് ആയ വാചകങ്ങള്‍ മനസ്സില്‍ ഉരുവിടാം.

മാനസികാരോഗ്യം വീണ്ടെടുക്കാന്‍ മന:ശാസ്ത്ര സഹായം തേടാം. ഇത്തരം ശ്രമങ്ങള്‍ നടത്താത്തതിനാല്‍ വർഷങ്ങ ളോളം വീടുകള്‍ക്കുള്ളില്‍ സങ്കടപ്പെട്ടും. നിരാശപ്പെട്ടും കഴിയുന്ന സ്ത്രീകള്‍ നിരവധിയാണ്. ഇതിനു മാറ്റം വരേണ്ടിയിരിക്കുന്നു. 

സ്മാർട്ട് ഫോണിന്റെ അമിത ഉപയോഗം'; ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എഴുതുന്നു

എഴുതിയത്:
പ്രിയ വർ​ഗീസ് (M.Phil, MSP, RCI Licensed)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, തിരുവല്ല
Consultation Near TMM Hospital
Telephone Consultation Available
ForAppointmentsCall: 8281933323