ചെറിയ ചില ചമ്മലുകള്‍, മറ്റുള്ളവര്‍ നമ്മളെ നോക്കി കളിയാക്കി ചിരിക്കുന്ന ചില സാഹചര്യങ്ങള്‍ നമ്മള്‍ അഭിമുഖീകരിക്കാറില്ലേ. നമ്മുടെ പ്രാഞ്ചിയേട്ടന്‍ പ്രസംഗം നടത്തിയപോലെ. നമ്മളാണ് ആ സാഹചര്യത്തിലെങ്കില്‍ അദ്ദേഹത്തേപ്പോലെ എന്താണ് തോൽവിക്ക് അല്ലെങ്കില്‍ അങ്ങനെയൊരു കളിയാക്കല്‍ ഏറ്റുവാങ്ങാനുള്ള കാരണങ്ങൾ എന്നൊന്ന് ചിന്തിച്ചുനോക്കും.

 ഒന്നു സങ്കല്പിച്ചു നോക്കാമോ? ഒരു സ്റ്റേജില്‍ ആളുകളെ അഭിമുഖീകരിച്ചു സംസാരിക്കേണ്ടതായി വരുന്നു. ആകെ വിറയലോടുകൂടി പതറിയ ശബ്ദത്തിലാണ് സംസാരിക്കുന്നത്. നമ്മുടെ വാക്കുകള്‍ കേട്ടുകൊണ്ടിരിക്കുന്ന ജനസാഗരത്തിന് നമ്മളുടെ ധൈര്യം കൈവിട്ടു പോയിരിക്കുകയാണ് എന്ന് നല്ലവണം മനസ്സിലാകുന്നു.

അത്തരം ഒരനുഭവം ഉണ്ടായിട്ടുണ്ടോ? ഇങ്ങനെയല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ എന്തെങ്കിലും പരിഹാസം ജീവിതത്തില്‍ എപ്പോഴെങ്കിലും ഒരിക്കലെങ്കിലും നേരിടാത്തവരായി ആരും ‌ഉണ്ടാവില്ല. ആ സമയം നമ്മുടെ മനസ്സിലേക്ക് ആദ്യം വരുന്ന ചിന്ത എന്തായിരിക്കും? “ആകെ നാണക്കേടായി”, “ഇനി ഇവരെ എങ്ങനെ ഫേസ് ചെയ്യും”, “ഇനി അവിടെ കൂടിയിരുന്ന ആളുകളെ ഒരിക്കലും കാണേണ്ട അവസ്ഥ വരാതെ ഒഴിവാക്കാം”.....ഇങ്ങനെ എന്തെങ്കിലും ഒക്കെ ചിന്തകളാവില്ലെ മനസ്സിലേക്ക് വരിക. 

ഇങ്ങനെയുള്ള അവസ്ഥകള്‍ ചിലപ്പോൾ മാത്രം ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം വരാം. ചിലർക്ക്  പരിചയമുള്ള ആളുകളെ അഭിമുഖീകരിക്കുമ്പോഴാണ്  ഈ പ്രശ്നമെങ്കില്‍ മറ്റു ചിലർക്ക് പരിചയം ഇല്ലാത്ത ആളുകളോട് സംസാരിക്കേണ്ടി വരുമ്പോഴാകും ഈ ബുദ്ധിമുട്ട് ഉണ്ടാവുക. അത്തരമൊരു അവസ്ഥയില്‍ തകർന്നു പോകാറുണ്ടോ?.

 ഇനി ജീവിതത്തിൽ ഒരിക്കലും അങ്ങനെ ഒരവസ്ഥ വരാതെയിരിക്കാന്‍ അത്തരം സാഹചര്യങ്ങളെ ഒഴിവാക്കാം എന്നാണോ ചിന്തിക്കുന്നത്? എങ്കില്‍ ഈ പ്രശ്നം ഒരിക്കലും നമ്മെവിട്ടു പോകില്ല എന്നതാണ് വസ്തുത. ഭയമുള്ള സാഹചര്യങ്ങളെ ധൈര്യപൂർവ്വം വീണ്ടും വീണ്ടും അഭിമുഖീകരിക്കുക. 

പറയും പോലെ എളുപ്പമല്ല അല്ലെ? ആദ്യം മനസ്സിനെ ശാന്തമാകാനുള്ള റിലാക്സേഷന്‍ ട്രെയിനിങ്ങ് ആരംഭിക്കാം. ക്ഷമയും ശുഭാപ്തി വിശ്വാസവും ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ സംഭവിക്കാന്‍ നമുക്കാവശ്യമാണ്. മന:ശാസ്ത്രവിദഗ്‌ദ്ധരുടെ സഹായത്തോടെ മാറ്റിയെടുക്കാന്‍ കഴിയുന്ന ഒന്നാണ് അമിതമായ ചിന്തകൊണ്ട് ഉണ്ടാവുന്ന ഇത്തരം പ്രശ്നങ്ങള്‍.

അമിത ചിന്തകളെ നിയന്ത്രിക്കാനുള്ള ഫലപ്രദമായ മാർ​ഗങ്ങൾ മന:ശാസ്ത്ര ചികിത്സയില്‍ ഉണ്ട്.(മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത സൈക്കോളജിസ്റ്റ് എന്നവകാശപ്പെട്ടു ചികിത്സ വാഗ്ദാനം ചെയ്യുന്നവരെ ഒരുപാടാളുകള്‍ സമീപിക്കുന്നു എന്നതിനാലാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കപെടാതെ പോകുന്നത്).

സംഭവിച്ച ചമ്മലിനെ ഇനി മാറ്റാന്‍ പറ്റില്ലല്ലോ. പ്രാഞ്ചിയേട്ടന്റെ അവസ്ഥ കണ്ടു നമ്മളെല്ലാം ചിരിച്ചതല്ലേ. അതുപോലെ ഇത്തരം അബദ്ധങ്ങളെ ഒരു തമാശയായി മാത്രം കാണാന്‍ ശീലിക്കാം. അത്തരം സാഹചര്യങ്ങള്‍ നമ്മളില്‍ വരുത്തേണ്ട നല്ല മാറ്റങ്ങളെപ്പറ്റിയുള്ള അവബോധം നമ്മളിൽ അവബോധം സൃഷ്ടിക്കുകയാണ് യഥാർത്ഥത്തില്‍ ചെയ്യുന്നത്? അത്തരം ഒരു പുതിയ വീക്ഷണം നമുക്ക് ജീവിതത്തില്‍ ഉണ്ടാക്കിയെടുക്കാം.

സത്യം പറഞ്ഞാല്‍ കഴിഞ്ഞ ദിവസം അത്തരം ഒരു അവസ്ഥ നേരിട്ടത് ഇങ്ങനെ ഒരു കുറിപ്പെഴുതാനും, എന്റെ സമാന ചിന്താഗതിയുള്ളവർക്ക് ഇതൊക്കെ മാറ്റിയെടുക്കാന്‍ കഴിയുന്ന അവസ്ഥയാണെന്ന സന്ദേശം നല്കാനും എനിക്കും സഹായകരമായി.

കടപ്പാട്:

പ്രിയ വര്‍ഗീസ്(M.Phil, MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്(RCI Registered)
റാന്നി, പത്തനംതിട്ട
PH: 8281933323
Telephone consultation (10am to 2pm)