മുഖത്തിന്‍റെ ആകൃതിയുടെ പ്രത്യേകത കൊണ്ട് വലിയ ദേഷ്യക്കാരാണ് എന്നു നമുക്കു തോന്നുന്നവരെല്ലാം അങ്ങനെയാകണം എന്നില്ല. ഉദ്യോഗാര്‍ത്ഥികള്‍ തൊഴില്‍ദാതാക്കളുമായി നടത്തുന്ന അഭിമുഖത്തില്‍ ആദ്യമായി രൂപപ്പെടുന്ന അഭിപ്രായം വളരെ പ്രധാനമാണ്. ആരംഭത്തില്‍ തന്നെ മോശം അഭിപ്രായം രൂപപ്പെട്ടാല്‍ തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥിയുടെ കഴിവുകള്‍ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ സഹായകരമായ ചോദ്യങ്ങളിലേക്ക് കടക്കാന്‍ തൊഴില്‍ദാതാവ് വിമുഖത കാണിക്കും.
ആദ്യമായി ഒരു വ്യക്തിയോട് സംസാരിക്കുമ്പോള്‍ കുറഞ്ഞ സമയം കൊണ്ടു തന്നെ അയാളുടെ വ്യക്തിത്വത്തെയും സ്വഭാവത്തെയുമൊക്കെപ്പറ്റി അഭിപ്രായം പറയുന്നവരാണ് നമ്മള്‍ അധികം പേരും. ഒരു വ്യക്തിക്ക് നമ്മളില്‍ സ്വാധീനം ചെലുത്താനോ അല്ലെങ്കില്‍ അയാളോട് നമുക്ക്മുഷിപ്പു തോന്നാനോ ആദ്യ കൂടിക്കാഴ്ച തന്നെ മതിയാവും. അങ്ങനെ രൂപപ്പെട്ട അഭിപ്രായങ്ങള്‍ അത്ര എളുപ്പത്തില്‍ മാറ്റാന്‍ കഴിയുകയുമില്ല. അതിന് നമ്മുടെ സാമൂഹിക ഇടപെടലുകളില്‍ കാര്യമായ സ്വാധീനമുണ്ട്.
ആദ്യമാത്രയില്‍ തോന്നിയ അഭിപ്രായങ്ങള്‍ എല്ലായ്പ്പോഴും ശരിയായിരിക്കണം എന്നുമില്ല. ഒരു വ്യക്തിയുടെ വിശ്വാസയോഗ്യത,സാമര്‍ത്ഥ്യം, ആളുകള്‍ക്ക് എത്രമാത്രം അയാളോട് താല്പര്യം തോന്നും എന്നീ കാര്യങ്ങളേപ്പറ്റിയുളള അഭിപ്രായങ്ങളാണ് ഏറ്റവും ആദ്യം രൂപപ്പെടുത്തുന്നത്. കാഴ്ചയില്‍ ഭംഗി തോന്നിക്കുന്ന ആളുകളെപ്പറ്റി നമുക്ക് നല്ല അഭിപ്രായം തോന്നാന്‍ സാധ്യത കൂടുതലാണ്. അവര്‍ ബുദ്ധിയുള്ളവരും, നല്ല പ്രകൃതക്കാരുമാണ് എന്ന് പൊതുവേ ആളുകള്‍ക്ക് തോന്നലുണ്ടാകും. ഇങ്ങനെ നല്ല പരിവേഷം നല്‍കാനുള്ള പ്രവണതയെ ‘ഹാലോ ഇഫക്റ്റ്’ എന്നാണ് പറയുന്നത്.
ക്ലാസ്സില്‍ നല്ല പെരുമാറ്റം കാഴ്ചവയ്ക്കുന്ന കുട്ടി ബുദ്ധിമാനാണെന്ന്‍ അദ്ധ്യാപകര്‍ക്കു തോന്നുന്നതും, നമ്മള്‍ ഇഷ്ടപ്പെടുന്ന സെലിബ്രിറ്റി പരസ്യത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ആ പരസ്യത്തിലെ ഉല്‍പന്നം വാങ്ങാന്‍ തോന്നുന്നതും, തിരഞ്ഞെടുപ്പില്‍ ആര്‍ക്കു വോട്ട് ചെയ്യണം എന്നു തീരുമാനിക്കുന്നതും എല്ലാം ഒരുപക്ഷേ ആദ്യമാത്രയില്‍ തോന്നിയ അഭിപ്രായം കൊണ്ടാവാം.
ആളുകളുടെ മുഖത്തിന്‍റെ പ്രത്യേകത അനുസരിച്ചും അവരോടുള്ള നമ്മുടെ സമീപനത്തില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകും എന്ന് ചില പഠനങ്ങള്‍ തെളിയിക്കുന്നു. കുട്ടിത്തം തോന്നിക്കുന്ന മുഖമുള്ളവരോടു കരുണ കാണിക്കാന്‍ ആളുകള്‍ തയ്യാറാകും. അതേ സമയം അവരെ കഴിവുള്ളവരായി അംഗീകരിക്കാന്‍ മടികാണിക്കും. കാഴ്ചയില്‍ നമുക്ക് പരിചിതരായ ആളുകളുമായി സാമ്യം തോന്നുന്നവരോടു നമുക്ക് ഇഷ്ടം തോന്നും. അവരുടെ സ്വാഭാവ രീതികള്‍ നമ്മുടെ പരിചയത്തില്‍ ഉള്ള ആളേപ്പോലെ തന്നെയാകും എന്നാവും നാം ചിന്തിക്കുക.
മുഖത്തിന്‍റെ ആകൃതിയുടെ പ്രത്യേകത കൊണ്ട് വലിയ ദേഷ്യക്കാരാണ് എന്നു നമുക്കു തോന്നുന്നവരെല്ലാം അങ്ങനെയാകണം എന്നില്ല. ഉദ്യോഗാര്‍ത്ഥികള്‍ തൊഴില്‍ദാതാക്കളുമായി നടത്തുന്ന അഭിമുഖത്തില്‍ ആദ്യമായി രൂപപ്പെടുന്ന അഭിപ്രായം വളരെ പ്രധാനമാണ്. ആരംഭത്തില്‍ തന്നെ മോശം അഭിപ്രായം രൂപപ്പെട്ടാല്‍ തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥിയുടെ കഴിവുകള്‍ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ സഹായകരമായ ചോദ്യങ്ങളിലേക്ക് കടക്കാന്‍ തൊഴില്‍ദാതാവ് വിമുഖത കാണിക്കും.

ആദ്യ കൂടിക്കാഴ്ചയില്‍ നിങ്ങളെപ്പറ്റി നല്ല അഭിപ്രായം തോന്നാന്‍ സഹായിക്കുന്ന 5 കാര്യങ്ങള്‍....
1. മുഖഭാവം
തെളിഞ്ഞ മുഖഭാവം പ്രകടിപ്പിക്കുക. ഒരു പുഞ്ചിരിയോടുകൂടി കണ്ണുകളില്‍ നോക്കി ആത്മവിശ്വാസം പ്രകടമാകുന്ന രീതിയില്‍ സംസാരിക്കുക.അവര്‍ പറയുന്നത് നിങ്ങള്‍ ശ്രദ്ധിക്കുന്നു എന്ന തോന്നല്‍ കേള്‍ക്കുന്നവരില്‍ ഉണ്ടാക്കുക.
2. ഇരിപ്പ്
വളഞ്ഞോ കൂനിയോ ഇരിക്കാതെ നേരെ ഇരിക്കുക. കുനിഞ്ഞുള്ള ഇരുപ്പ് ആത്മവിശ്വാസക്കുറവിനെയാണ് സൂചിപ്പിക്കുന്നത്.
3. വസ്ത്രധാരണം
സാഹചര്യത്തിനു യോജിച്ചതും വൃത്തിയുള്ളതുമായ വസ്ത്രം ധരിക്കുക.
4. മുന്‍കൂട്ടി തയ്യാറെടുക്കുക
കൂടിക്കാഴ്ചയില്‍ നിങ്ങളോട് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മുന്‍കൂട്ടി തയ്യാറാക്കുക. വേണമെങ്കില്‍ ഒന്നു പ്രാക്ടീസ് ചെയ്യുകയുമാകാം.
5. വ്യക്തമായി സംസാരിക്കുക
ഒരുപാട് തിരുത്തലുകള്‍ കൂടാതെ കാര്യങ്ങള്‍ വ്യക്തമായി സംസാരിക്കുക. വലിയ ഒച്ചത്തില്‍ സംസാരിക്കാതെയിരിക്കുക. ആവശ്യത്തില്‍ അധികം സംസാരിച്ച് കേള്‍ക്കുന്നവരെ മുഷിപ്പിക്കാതെയും ശ്രദ്ധിക്കണം.
എഴുതിയത്:
പ്രിയ വര്‍ഗീസ്
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
പ്രതീക്ഷ, പുഷ്പഗിരി മെഡിക്കല്‍ കോളേജ്
Email: priyavarghese.cp@gmail.com
