38 വയസ്സുള്ള ഒരു സ്ത്രീ. കുറച്ചു വര്‍ഷങ്ങളായി കടുത്ത മാനസിക സമ്മര്‍ദ്ദവും വിഷാദവും അവരെ ബാധിച്ചിരിക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ അവരെ വീടുവയ്ക്കുന്നതിനായി ആത്മഹത്യാ ഭീഷണി മുഴക്കി ഭര്‍ത്താവ് ലോണ്‍ വാങ്ങി. എന്നാല്‍ വീടിന്‍റെ പണികളൊന്നും തുടങ്ങാന്‍ അദ്ദേഹം മുന്‍കൈയെടുക്കുന്നില്ല. ചോദിച്ചാല്‍ അദ്ദേഹം ദേഷ്യപ്പെടും, പിന്നെ വഴക്കാവും. 

ഭര്‍ത്താവ് ഒരു പ്രൈവറ്റ് കമ്പനിയില്‍ ജോലി ചെയ്യുന്നു. അദ്ദേഹത്തിന്‍റെ ശമ്പളം എത്രയെന്നോ സുഹൃത്തുക്കള്‍ ആരെന്നോ അവര്‍ക്കറിയില്ല. രണ്ടു കുട്ടികളുടെ പഠനം, വീട്ടിലെ മറ്റു ചിലവും എല്ലാം നോക്കുന്നത് ആ സ്ത്രീയാണ്. അദ്ദേഹം അതിനെപ്പറ്റി അന്വേഷിക്കുകയോ പണം നല്‍കുകയോ ഇല്ല. 

വൈകിട്ട് അദ്ദേഹം ഓഫീസില്‍ നിന്നും വന്നാല്‍ ഒന്നും മിണ്ടാതെ മുറിയിലേക്കു പോകും. ആസ്‌തമ രോഗിയായ ഇളയ മകളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വിളിച്ചാല്‍ കൂടി അദ്ദേഹം അതു ശ്രദ്ധിക്കില്ല. അദ്ദേഹത്തിന്‍റെ ഈ സമീപനം അവരെ എത്രമാത്രം ദു:ഖിപ്പിക്കുന്നു എന്നദ്ദേഹത്തോടു പറയാന്‍ ശ്രമിച്ചാല്‍ അതിനെയെല്ലാം പ്രതിരോധിക്കുന്ന രീതിയിലാണ്‌ ആദേഹത്തിന്‍റെ സമീപനം. തന്‍റെ പ്രവര്‍ത്തികളില്‍ ഒരു വ്യത്യാസവും വരുത്തേണ്ടതായി അദ്ദേഹത്തിനു തോന്നുന്നില്ല.

ജീവിതപങ്കാളിയുടെ ഇത്തരം മനോഭാവങ്ങള്‍ ആളുകളില്‍ വിഷാദത്തിന് ഒരു കാരണമാണ്. പങ്കാളിയുടെ ഭാഗത്തു നിന്നുള്ള നിസ്സഹകരണം ദേഷ്യം, ജീവിതത്തില്‍ പ്രതീക്ഷയില്ലായ്മ എന്നിവ തോന്നാന്‍ ഇടയാക്കും. പൊതുവേ പുരുഷന്മാരിലാണ് ഇത്തരം മനോഭാവം ഉള്ളതായി പറയാറുള്ളത് എങ്കിലും സ്ത്രീകളിലും ഇതേ അവസ്ഥ കണ്ടുവരാറുണ്ട്. 

മാനസിക പ്രശ്നങ്ങള്‍, ജോലിക്ക് അമിത പ്രാധാന്യം കൊടുക്കുക എന്നിവയും പങ്കാളിയുമായി മാനസിക അടുപ്പം ഉണ്ടാക്കിയെടുക്കാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിക്കും.

ജീവിതപങ്കാളി വൈകാരികമായി അകല്‍ച്ച പാലിക്കുന്നു എന്നതിന്‍റെ ലക്ഷണങ്ങള്‍

1.    തന്നെക്കുറിച്ച് മാത്രം എപ്പോഴും സംസാരിക്കുക

പങ്കാളിയുടെ ജീവിതത്തെപ്പറ്റി അറിയാന്‍ താല്പര്യം കാണിക്കാതെ ഇരിക്കുക, ഓരോ ദിവസവും നടക്കുന്ന കാര്യങ്ങള്‍ ചോദിക്കാതെ ഇരിക്കുക, ഒറ്റയ്ക്കിരിക്കാന്‍ ആഗ്രഹിക്കുക എന്നിവ. സ്വന്തം കാര്യങ്ങള്‍ക്കു മാത്രം പ്രാധാന്യം നല്‍കുകയും, അതു മാത്രം എപ്പോഴും സംസാരിക്കുകയും ചെയ്യുക.

2.    സംസാരിക്കാതെ ഒഴിഞ്ഞുമാറുക‌

​ഗൗരവമുള്ള കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ നിസ്സാരമായി അതിനെ കാണുക, ചിരിച്ചു തള്ളിക്കളയുക, കളിയാക്കുക, വ്യക്തമായ മറുപടി നല്‍കാതെ ഇരിക്കുക എന്നീരീതികള്‍ പ്രകടമാക്കുക.

3.    സമയം കിട്ടുന്നില്ല എന്ന ന്യായം

സുഹൃത്തുക്കള്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുക, ഓഫീസില്‍ നിന്നും വളരെ വൈകി വീട്ടിലെത്തുക എന്നീ രീതികള്‍. മറ്റു കാര്യങ്ങള്‍ക്കെല്ലാം സമയം കണ്ടെത്തുമ്പോഴും പങ്കാളിയെ മാത്രം ഒഴിവാക്കുന്ന സമീപനം വൈകാരികമായി അടുപ്പമില്ല എന്നതിന്‍റെ ലക്ഷണമാണ്.

4.    എപ്പോഴും എല്ലാകാര്യത്തിലുമുള്ള വിമര്‍ശനം

പങ്കാളിയെ തന്നില്‍ നിന്നും അകറ്റി നിര്‍ത്തുക എന്നതാണ് എപ്പോഴുമുള്ള വിമര്‍ശനത്തിലൂടെ ലക്ഷ്യമാക്കുന്നത്.

5.    എത്ര കരുതല്‍ കാണിച്ചാലും അംഗീകാരം നല്‍കാതെയിരിക്കുക

പങ്കാളി തന്‍റെ സന്തോഷത്തിനുവേണ്ടി എന്തു വിട്ടുവീഴ്ച്ചയ്ക്കു തയ്യാറായാലും അതു നിസ്സാരമായി കാണുക. അതെല്ലാം തന്നോടുള്ള  സ്നേഹത്തിന്‍റെ അടയാളങ്ങളാണ് എന്ന് മനസ്സിലാക്കാന്‍ കഴിയാതെ പോവുക.

6.    ധാര്‍ഷ്ട്യത്തോടെയുള്ള പെരുമാറ്റം

ആത്മപ്രശംസ, ദുരഭിമാനം എന്നിവയ്ക്ക് അമിതപ്രാധാന്യം നല്‍കുന്നു എങ്കില്‍ ആത്മവിശ്വാസമില്ലായ്മ എന്ന അവസ്ഥയെ മറയ്ക്കാനുള്ള ശ്രമമായി അതിനെ കരുതാം.സ്വയം വിലയില്ലായ്മമൂലംപങ്കാളിയും മറ്റുള്ളവരും തനിക്കു വിലകല്പിക്കുന്നില്ല എന്ന ഒരുതരം വിശ്വാസം തന്നെ ഇവരില്‍ രൂപപ്പെട്ടിട്ടുണ്ടാവും.

7.    താരതമ്യം ചെയ്യുക

മറ്റൊരാളെ ആയിരുന്നു വിവാഹം കഴിച്ചിരുന്നത് എങ്കില്‍,അല്ലെങ്കില്‍ വിവാഹത്തോട് തനിക്കൊട്ടും താല്പര്യം ഉണ്ടായിരുന്നില്ല, വീട്ടുകാരുടെ നിര്‍ബന്ധംമൂലം മാത്രമാണ് വിവാഹത്തിനു തയ്യാറായത് എന്നൊക്കെ നിരന്തരം പറയുക.
എങ്ങനെ പരിഹരിക്കാം?

പങ്കാളിയുമായി വൈകാരിക അടുപ്പം ഉണ്ടാക്കിയെടുക്കാന്‍ കഴിയാത്ത ആളുകള്‍ക്ക് അവരുടെ പോരായ്മയെക്കുറിച്ചോ അതു പങ്കാളിയെ എത്രമാത്രം ദു:ഖിപ്പിക്കുമെന്നോ, ആശയക്കുഴപ്പത്തില്‍ ആക്കുമെന്നോ തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല.

പരസ്പരം തുറന്നു സംസാരിക്കുക എന്നതു തന്നെയാണ് പരിഹാരമാര്‍ഗ്ഗം. വൈകാരികമായി അടുപ്പമില്ലാത്ത കുടുംബസാഹചര്യത്തില്‍ വളര്‍ന്നതാകാം പങ്കാളിയോടും വൈകാരിക അടുപ്പം ഉണ്ടാക്കിയെടുക്കാന്‍ കഴിയാതെ പോകുന്നതിന്‍റെ കാരണം. അങ്ങനെയെങ്കില്‍ അതിനി വേണമെങ്കിലും പഠിച്ചെടുക്കാന്‍ കഴിയുന്നതെയുള്ളൂ. 

വ്യക്തിബന്ധങ്ങളെപ്പറ്റിചില തെറ്റായ വിശ്വാസങ്ങള്‍വെച്ചുപുലര്‍ത്തുന്നതും ഈ രീതിയില്‍ പെരുമാറാന്‍ കാരണമാകാം.ആരോടും വൈകാരിക അടുപ്പം സൂക്ഷിക്കാന്‍ പാടില്ല, അത് അപകടമാണ് എന്ന തരത്തില്‍ മുന്‍പുണ്ടായ ഒരു അനുഭവത്തെ സാമാന്യവല്‍ക്കരിക്കാനും ഇടയുണ്ട്.

തന്‍റെ ജീവിതപങ്കാളി തന്നെ മനസ്സിലാക്കുന്നു, അംഗീകരിക്കുന്നു എന്നെല്ലാമുള്ള വിശ്വാസം ഉണ്ടാകുമ്പോഴാണ് അവരുമായി വൈകാരികമായ അടുപ്പം സാധ്യമാകുന്നത്. മനസ്സിലുള്ളത് തുറന്നു സംസാരിക്കാനുള്ള അവസരം പരസ്പരം ഉണ്ടാക്കിയെടുക്കണം. ഒരുമിച്ചുള്ള യാത്രകളും മറ്റും ഗുണംചെയ്യും.

 ചില കാര്യങ്ങളില്‍ വിയോജിപ്പു തോന്നിയാല്‍ അതു ഭയപ്പെടാതെ പ്രകടമാക്കാന്‍ രണ്ടുപേര്‍ക്കും കഴിയുകയും അഭിപ്രായങ്ങളെ പരസ്പരം അംഗീകരിക്കാന്‍ തയ്യാറാകുകയും ചെയ്യുമ്പോഴാണ് ജീവിതം പ്രശന്ങ്ങളില്ലാതെ മുന്നോട്ടു കൊണ്ടുപോകാനാവുക. ഒരു വിയോജിപ്പ് എന്നാല്‍ അവിടെ എല്ലാം അവസാനിക്കുന്നില്ല. നിത്യജീവിതത്തിലുളളമറ്റു ടെന്‍ഷനുകള്‍ദേഷ്യത്തിന്‍റെ രൂപത്തില്‍ പങ്കാളിയോട് പ്രകടമാക്കുന്ന രീതിയുണ്ടെങ്കില്‍ അതു മാറ്റിയെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുക.

കടപ്പാട്;

പ്രിയ വര്‍ഗീസ് (M.Phil MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്(RCI Registered)
റാന്നി, പത്തനംതിട്ട
PH: 8281933323
Telephone counselling also available (10am-2pm)