“സന്തോഷം കണ്ടെത്തുക എന്നുള്ളതാണ് മനുഷ്യ ജീവിതത്തിന്റെ, ആത്യന്തികമായ അർത്ഥവും ഉദ്ദേശവും”-ലോകപ്രശസ്ത തത്ത്വചിന്തകനായ അരിസ്റ്റോട്ടില്‍ രണ്ടായിരം വർഷങ്ങൾക്ക് മുൻപ് പറഞ്ഞ ഈ വാക്കുകള്‍ ഇന്നും പ്രസക്തമാണ്. നാമെല്ലാവരും ജീവിതത്തില്‍ സന്തുഷ്ടരാണോ? ഈ ചോദ്യത്തിന് “അല്ല” എന്ന ഉത്തരം നല്കാനുള്ള നിരവധി കാരണങ്ങള്‍ നമുക്ക് പറയാനുണ്ടാവും. 

സ്വന്തം കഴിവില്‍ വിശ്വാസമില്ലാത്ത അവസ്ഥ, മറ്റുള്ളവര്‍ അംഗീകരിക്കുന്നില്ല എന്ന തോന്നല്‍, സൗന്ദര്യം കുറവാണ് എന്ന അപകർഷതാബോധം, ദാമ്പത്യ പ്രശ്നങ്ങള്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇങ്ങനെ നിരവധി കാരണങ്ങള്‍ സന്തോഷത്തിലേക്കുള്ള യാത്രയില്‍ തടസ്സം സൃഷ്ടിക്കുന്നു. 

ഇന്ന് ലോമകമെമ്പാടും എല്ലാ പ്രായക്കാരിലും വിഷാദരോഗം കൂടിവരുന്നു എന്നാണ് ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട്. സന്തോഷം കണ്ടെത്താനാവും എന്ന തോന്നലില്‍ ചില ആളുകള്‍ ആലോചിക്കാതെ എടുക്കുന്ന തീരുമാനങ്ങള്‍ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് കൊണ്ടെത്തിക്കുന്ന കാഴ്ചകളും നമുക്ക് ചുറ്റുമുണ്ട്.

മദ്യാസക്തി...

സങ്കടങ്ങള്‍ മറക്കാന്‍ എന്ന പേരില്‍ തുടങ്ങുന്ന മദ്യപാനം ജീവിതം തകിടം മറിക്കുന്ന അവസ്ഥയില്‍ നിരവധി ആളുകളെ കൊണ്ടെത്തിക്കുന്നുണ്ട്. 

ഒറ്റപ്പെടല്‍...

നല്ല വ്യക്തി ബന്ധങ്ങള്‍ ഉണ്ടാക്കി അതിലൂടെ സന്തോഷം കണ്ടെത്താന്‍ നാം ശ്രമിക്കാറുണ്ട്. എന്നാല്‍ ഒറ്റപ്പെടലിനെ അതിജീവിക്കാന്‍ തെറ്റായ ബന്ധങ്ങളില്‍ അകപ്പെട്ട് ജീവിതം കൂടുതല്‍ സങ്കീർണ്ണമായ അവസ്ഥയിലായിത്തീരുന്നവരുണ്ട്.

അമിതവണ്ണം...

വിഷമങ്ങളെ മറക്കാന്‍ അമിതമായി ഭക്ഷണം കഴിക്കുന്ന ഒരു കൂട്ടരുണ്ട്. ടെൻഷൻ വന്നാല്‍ അളവുനോക്കാതെ കഴിക്കുന്നത്‌ അമിതവണ്ണത്തിനും അനുബന്ധരോഗങ്ങൾക്കും കാരണമാകുന്നു.

ഇന്റർനെറ്റ് അഡിക്ഷന്‍...

പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടാനും, ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാനും അമിതമായി ഇന്റർനെറ്റിൽ സമയം ചിലവഴിക്കുന്ന ചിലരില്‍ ഭാവിയില്‍ ഇന്റർനെറ്റ് അഡിക്ഷന്‍ എന്ന അവസ്ഥ ഉണ്ടാകാന്‍ സാധ്യത വളരെ കൂടുതലാണ്.

ഷോപ്പിംഗ്‌ ഭ്രമം...

ഷോപ്പിംഗ്‌ ചിലര്‍ക്ക് സന്തോഷം കണ്ടെത്താനുള്ള മാർ​ഗമാണ്. എന്നാൽ കെെയ്യിലുള്ള പണം എങ്ങനെ ചിലവഴിക്കണം എന്ന കണക്കു കൂട്ടലില്ലാതെ കണ്ടതെല്ലാം വാങ്ങിക്കൂട്ടുന്ന രീതി വലിയ കടക്കെണിയിലേക്കാവും കൊണ്ടെത്തിക്കുക.

“ഞാന്‍ ഒഴികെ മറ്റെല്ലാവരും സന്തോഷവാന്മാരാണ്”.....

ഇങ്ങനെ ഒരു ചിന്ത പലപ്പോഴും നമ്മുടെയൊക്കെ മനസ്സിലേക്ക് കടന്നുവരാറുണ്ട്. നമ്മുടെ സുഹൃത്തുക്കളുമായി സംസാരിച്ചാല്‍ മനസ്സിലാക്കാനാവും, എല്ലാവർക്കും  എന്തെങ്കിലുമൊക്കെ പ്രശ്നങ്ങള്‍ ഉണ്ടാകും. എപ്പോഴും സന്തോഷമുള്ളവരായി കാണപ്പെടുന്നവര്‍ ഒരു പ്രശ്നങ്ങളും ഇല്ലാത്തവരാണ് എന്നു പറയാനാവില്ല. അവര്‍ ആ പ്രശ്നങ്ങളെ ധൈര്യപൂർവ്വം  നേരിടുന്നവരാണ്. ജീവിതത്തെ എങ്ങനെ സന്തോഷകരമാക്കാം എന്ന് ചിന്തിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തവരാണവര്‍ എന്നുവേണം നാം മനസ്സിലാക്കാന്‍.

സന്തോഷം കണ്ടെത്താന്‍ സഹായിക്കുന്ന ചില ചിന്തകള്‍....

1.ഞാന്‍ സ്വയംകുറ്റപ്പെടുത്തല്‍ അവസാനിപ്പിക്കുന്നു.
2.എന്റെ‌ തെറ്റുകളെയും കുറവുകളെയും ഞാന്‍ അംഗീകരിക്കുന്നു.
3.എന്റെ കഴിവുകളെ കണ്ടെത്താന്‍ ഞാന്‍ ശ്രമിക്കും.
4.എനിക്ക് എന്നില്‍ വിശ്വാസമുണ്ട്.
5.ഞാന്‍ എല്ലായ്പ്പോഴും ഭയത്തോടെ മാത്രം കാര്യങ്ങളെ സമീപിക്കുന്നതില്‍ അർത്ഥമില്ല”.
6.ഞാന്‍ തോൽവിയെ പാഠമായി ഉൾക്കൊള്ളുന്നു.
7.ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്താന്‍ ഞാന്‍ പഠിക്കേണ്ടിയിരിക്കുന്നു.
8.സംഭവിച്ച തെറ്റുകളെ ഓർത്ത് വിഷമിക്കുകയല്ല, അതിനി ആവർത്തിക്കാതെ നോക്കുക്കയാണ് വേണ്ടത്.

നമ്മുടെ ചിന്തകളിൽ ഇത്തരം ചില മാറ്റങ്ങള്‍ വരുത്താനായാല്‍ സന്തോഷത്തിലേക്കുള്ള യാത്ര എളുപ്പമാക്കാനാവും. സുഖദുഃഖ സമ്മിശ്രമാണല്ലോ മനുഷ്യജീവിതം. എല്ലായ്പ്പോഴും സന്തോഷം അനുഭവിക്കുക സാധ്യമാകണമെന്നില്ല. എന്നാല്‍ അമിതമായി ദുഃഖം ഉണ്ടാക്കുന്ന ചിന്തകളെ നിയന്ത്രിക്കാനുള്ള ശ്രമം നടത്താനായാല്‍ ജീവിതത്തെ അതിന്റെ എല്ലാ മനോഹാരിതയോടും കൂടെ അനുഭവവേദ്യമാക്കാന്‍ സാധിക്കും.

എഴുതിയത്:

പ്രിയ വർ​ഗീസ് 
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
പ്രതീക്ഷ, പുഷ്പഗിരി മെഡിക്കല്‍ കോളേജ്
Email: priyavarghese.cp@gmail.com
PH: 8281933323