#sareeTwitter എന്ന ഹാഷ്ടാഗിലാണ് ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്നത്.
ദില്ലി: ട്വിറ്ററില്‍ ഇത് 'സാരിക്കാല'മാണ്. സാരിയുടുത്ത് സുന്ദരിയായി നില്‍ക്കുന്ന ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെയ്ക്കുന്നതാണ് ഏറ്റവും പുതിയ 'ട്രെന്‍ഡ്'. തിങ്കളാഴ്ച മുതലാണ് സാരി ട്രെന്‍ഡ് ട്വിറ്ററില്‍ ഹിറ്റായത്. ഇതോടെ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് സാരിയുടുത്ത് നില്‍ക്കുന്ന ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
#sareeTwitter എന്ന ഹാഷ്ടാഗിലാണ് ചിത്രങ്ങള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നത്. സാരിച്ചിത്രങ്ങള്‍ പങ്കുവെച്ചവരുടെ പട്ടികയിലേക്ക് എത്തുകയാണ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും. പൊതുവേദികളില്‍ സാരിയില്‍ പ്രത്യക്ഷപ്പെടുന്ന പ്രിയങ്കയുടെ വസ്ത്രധാരണം എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്.
വിവാഹ ദിനത്തില്‍ സാരിയണിഞ്ഞിരിക്കുന്ന ചിത്രമാണ് പ്രിയങ്ക ട്വിറ്ററില്‍ പങ്കുവെച്ചത്. 22 വര്‍ഷം മുമ്പ് വിവാഹ ദിവസം രാവിലെ നടത്തിയ പൂജയില്‍ പങ്കെടുക്കുമ്പോഴുള്ള ഫോട്ടോ നിമിഷനേരങ്ങള്‍ക്കുള്ളില്‍ ട്വിറ്ററില്‍ വൈറലാകുകയായിരുന്നു. പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കകം 4,000 ലൈക്കുകളും 100-ല്‍ അധികം കമന്‍റുകളുമാണ് ചിത്രത്തിന് ലഭിച്ചത്. പ്രിയങ്ക ചതുര്‍വേദി, നടി നഗ്മ, നുപുര്‍ ശര്‍മ, ഗര്‍വിത ഗര്‍ഗ് തുടങ്ങിയ സെലിബ്രിറ്റികളും സാരിച്ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചവരില്‍പ്പെടുന്നു.
