വളര്‍ത്തുമൃഗങ്ങളെ കുടുംബാംഗങ്ങളെ എന്ന പോലെ തന്നെ മാന്യമായി നോക്കുന്നവരാണ് അധികം പേരും. എങ്കിലും ചിലരുണ്ട്, കരുണയില്ലാതെ ക്രൂരമായി മൃഗങ്ങളോട് പെരുമാറുന്നവര്‍. ഇത്തരത്തില്‍ മൃഗങ്ങളോട് ദയയില്ലാതെ ഇടപെട്ടാല്‍, അത് നിയമത്തിന് കീഴിലെത്തിയാല്‍ തീര്‍ച്ചയായും ഏത് രാജ്യത്താണെങ്കിലും നിശ്ചിതമായൊരു ശിക്ഷ നേരിടേണ്ടി വരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

സമാനമായൊരു സംഭവമാണ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റളില്‍ നിന്ന് പുറത്തുവരുന്നത്. വളര്‍ത്തുപട്ടിയെ തെറി വിളിച്ചുവെന്ന കുറ്റത്തിന് കോടതിയുടെ വ്യത്യസ്തമായ ശിക്ഷാനടപടിക്ക് വിധേയനായിരിക്കുകയാണ് ഇരുപത്തിമൂന്നുകാരനായ ഒരു യുവാവ്. 

ബ്രിസ്റ്റള്‍ സ്വദേശിയായ ജോഷ്വ പോന്‍സ്‌ഫോര്‍ഡിനാണ് തന്റെ 'റോട്ട്‍വീലര്‍' ഇനത്തില്‍ പെട്ട വളര്‍ത്തുപട്ടിയെ അസഭ്യം വിളിച്ചതിന് ശിക്ഷ നേരിടേണ്ടി വന്നത്. മൂന്നാഴ്ചത്തേക്ക് 'കര്‍ഫ്യൂ', കനത്ത പിഴ എന്നിവയ്ക്ക് പുറമെ അഞ്ച് വര്‍ഷത്തേക്ക് വളര്‍ത്തുമൃഗങ്ങളെ വളര്‍ത്താനുള്ള ലൈസന്‍സും പോന്‍സ്‌ഫോര്‍ഡിന് നല്‍കില്ല. ഇതായിരുന്നു ബ്രിസ്റ്റള്‍ മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷ. 

'ലുലു' എന്ന തന്റെ വളര്‍ത്തുപട്ടിയെ പോന്‍സഫോര്‍ഡ് അസഭ്യം വിളിക്കുന്നതായ മൂന്ന് വോയിസ് റെക്കോര്‍ഡുകളാണ് പുറത്തുവന്നിരുന്നത്. കൂട്ടിലേക്ക് തിരിച്ച് കയറാന്‍ മടിച്ചതിനെ തുടര്‍ന്നാണ് ലുലുവിനെ പോന്‍സ്‌ഫോര്‍ഡ് അസഭ്യം വിളിച്ചത്. എന്നാല്‍ ശാരീരികമായി ഒരു അതിക്രമവും താന്‍ ചെയ്തിട്ടില്ലെന്ന് പോന്‍സ്‌ഫോര്‍ഡ് കോടതിയില്‍ വ്യക്തമാക്കി. 

നായ്ക്കള്‍ പൊതുവേ, മനുഷ്യരുടെ സംസാരത്തിന്റെ 'ടോണ്‍'ഉം അതിന്റെ ഒച്ചയും കണക്കാക്കിയാണ് സംഭാഷണം മനസിലാക്കിയെടുക്കുന്നതെന്നും, ഇത്തരത്തില്‍ വലിയ ശബ്ദത്തില്‍ നായ്ക്കളെ അസഭ്യം വിളിച്ചാല്‍ അവര്‍ക്കത് മാനസികമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും വിദഗ്ധരുടെ റിപ്പോര്‍ട്ടിന്റെ സഹായത്തോടെ കോടതി വിലയിരുത്തി. അതിനാല്‍ തന്നെ വളര്‍ത്തുപട്ടികളെ അസഭ്യം വിളിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി അറിയിച്ചു. മൃഗ സ്‌നേഹികളുടെ സംഘടനയാണ് സംഭവത്തില്‍ പോന്‍സ്‌ഫോര്‍ഡിനെതിരെ കേസ് ഫയല്‍ ചെയ്തിരുന്നത്. 

Also Read:- നിരാശനായ വളര്‍ത്തുപട്ടിയെ സന്തോഷിപ്പിക്കാന്‍ ഉടമസ്ഥര്‍ ചെയ്തത്; രസകരമായ വീഡിയോ...