എലിസബത്ത് രാജ്ഞി മറ്റാരോടും പറയാതെ തന്നോടായി പങ്കുവച്ചൊരു രഹസ്യ ആഗ്രഹത്തെ കുറിച്ച് രാജ്ഞിയുടെ പേഴ്സണല്‍ സ്റ്റൈലിസ്റ്റായ ഏഞ്ചല കെല്ലിയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. 

എലിസബത്ത് രാജ്ഞിയുടെ വിയോഗം ബ്രിട്ടനെയാകെ ദുഖത്തിലാഴ്ത്തിയിരിക്കുന്ന ഈ സാഹചര്യത്തില്‍ രാജ്ഞിയുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. രാജ്ഞിയുമായി ബന്ധപ്പെട്ട ഓരോ വാര്‍ത്തയും അറിയാൻ ലോകമെമ്പാടുമുള്ള വലിയൊരു വിഭാഗം ആളുകള്‍ക്കും താല്‍പര്യമാണ് എന്നതും ശ്രദ്ധേയമാണ്. ഏറെ കൗതുകകരമായ പല കാര്യങ്ങളും ഇത്തരത്തില്‍ വാര്‍ത്തകളിലൂടെ നാം അറിഞ്ഞു.

സമാനമായ രീതിയില്‍ കൗതുകം തോന്നിപ്പിക്കുന്ന മറ്റൊരു സംഗതി ഇന്ന് വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. എലിസബത്ത് രാജ്ഞി മറ്റാരോടും പറയാതെ തന്നോടായി പങ്കുവച്ചൊരു രഹസ്യ ആഗ്രഹത്തെ കുറിച്ച് രാജ്ഞിയുടെ പേഴ്സണല്‍ സ്റ്റൈലിസ്റ്റായ ഏഞ്ചല കെല്ലിയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. 

രാജകുടുംബത്തിലെ അംഗങ്ങള്‍ക്ക് സാധാരണക്കാര്‍ ചെയ്യുന്ന പല കാര്യങ്ങളും ചെയ്യാൻ അനുവാദമില്ല. അതിനാല്‍ തന്നെ നമുക്ക് നിസാരമായി തോന്നുന്ന പലതും ഇവര്‍ക്ക് അപ്രാപ്യമായതോ അസാധ്യമായതോ ആയ കാര്യങ്ങളായിരിക്കും. അങ്ങനെയൊരു കാര്യം തന്നെയാണ് രാജ്ഞി ഏഞ്ചല കെല്ലിയോട് പറഞ്ഞത്. 

മോഡലുകളെ പോലെ പോക്കറ്റില്‍ കയ്യിട്ടും, അരയ്ക്ക് കൈ വച്ചുമെല്ലാം വിവിധ പോസുകളില്‍ കുറെയധികം ഫോട്ടോകളെടുക്കണം എന്നായിരുന്നുവത്രേ എലിസബത്ത് രാജ്ഞിയുടെ ഈ ആഗ്രഹം. എന്നാല്‍ രാജ്ഞിക്ക് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിന് പോലും രാജകുടുംബത്തിന്‍റേതായ രീതിയുണ്ടായിരുന്നതിനാല്‍ അത്തരം ഫോട്ടോകള്‍ എല്ലാവരും അറിയെ എടുക്കുക സാധ്യമല്ലായിരുന്നു.

എങ്കിലും ഇവര്‍ ഒരു ഫോട്ടോഗ്രാഫറെ ഇതിനായി വരുത്തിയത്രേ. ഫോട്ടോക്ക് എങ്ങനെ പോസ് ചെയ്യണമെന്ന് ഫോട്ടോഗ്രാഫര്‍ നിര്‍ദേശങ്ങള്‍ നല്‍കാൻ തുടങ്ങിയപ്പോള്‍ രാജ്ഞി തന്നെ അത് വേണ്ടന്ന് പറഞ്ഞ്, സ്വയം പോസുകള്‍ ചെയ്തുവെന്നും ഏഞ്ചല കെല്ലി പറയുന്നു. അങ്ങനെ എടുത്ത രണ്ട് ചിത്രങ്ങളും ഏഞ്ചല പുറത്തുവിട്ടിട്ടുണ്ട്.

Scroll to load tweet…

അന്നെടുത്ത സീരീസിലെ ഫോട്ടോകളൊന്നും രാജ്ഞിക്ക് പരസ്യമായി പങ്കുവയ്ക്കാൻ സാധിച്ചിരുന്നില്ലെന്നും രാജകുടുംബം ഇതെല്ലാം അന്തസുകേടായി കാണുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും ഇവര്‍ പറയുന്നു. രാജ്ഞിയാകട്ടെ, എല്ലാ സ്ഥാനമാനങ്ങള്‍ക്കും അപ്പുറം സാധാരണക്കാരിയായ വ്യക്തിയായിരുന്നുവെന്നും ഇങ്ങനെയുള്ള ഫോട്ടോകള്‍ എടുക്കണമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്നത് പോലും സാധാരണക്കാരുടെ സ്വാതന്ത്ര്യത്തോടുള്ള മോഹം കൊണ്ടായിരുന്നുവെന്നും ഏഞ്ചല വ്യക്തമാക്കുന്നു. 

രാജ്ഞിയുടെ അധികമാരും കണ്ടിട്ടില്ലാത്ത പോസിലുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയിലാണിവ കൂടുതലായി പങ്കുവയ്ക്കപ്പെടുന്നത്. 

Also Read:- കുട്ടികളെ കൊണ്ടുവരുന്നവർ 'എക്സ്ട്രാ' പണം നൽകണം; റെസ്റ്റോറന്‍റിന്‍റെ നിയമത്തിന് വിമർശനം