പ്രണയം നമ്മുടെ ജീവിതത്തിലേക്ക് മറ്റൊരാളെ കൂടി ചേര്‍ക്കുകയാണ്. എന്നാല്‍ പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. നാളെ ഫെബ്രുവരി 14- പരസ്പരം പ്രണയമറിയിച്ചും സമ്മാനങ്ങള്‍ വാങ്ങിനല്‍കിയും വാഗ്ദാനങ്ങളും സ്വപ്‌നങ്ങളും പങ്കുവച്ചുമെല്ലാം ആഘോഷമാക്കുന്ന ദിനം. ഈ വാലന്‍റൈന്‍സ് ദിനത്തില്‍ പ്രണയം തുറന്നുപറയുന്നതിന് മുന്‍പ് അയാളെ കുറിച്ച് നന്നായി മനസ്സിലാക്കിയിട്ടാണോ ഈ തീരുമാനം എന്നു ചിന്തിച്ചുനോക്കൂ...

പ്രണയം തുറന്നുപറയുന്നതിന് മുന്‍പ് അല്ലെങ്കില്‍ വിവാഹത്തിന് മുന്‍പ് പരസ്പരം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഒരു വ്യക്തി പ്രണയത്തിലാകും മുന്‍പ് അല്ലെങ്കില്‍ വിവാഹം കഴിക്കുന്നതിന് മുന്‍പ് പങ്കാളിയോട് ചോദിച്ചിരിക്കേണ്ട സ്കൂപ്പ് വൂഫിന്‍റെ ഏഴ് ചോദ്യങ്ങള്‍ നോക്കാം. 

ഒന്ന്...

തന്‍റെ വ്യക്തിത്വത്തെ കുറിച്ച് തുറന്ന് സംസാരിക്കുന്നത് എപ്പോഴും നല്ലതാണ്. വിവാഹത്തിന് മുന്‍പേ തന്നെ അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാക്കാന്‍ അത് നിങ്ങളെ സഹായിക്കും. അതിനാല്‍ താന്‍ എന്താണ് എന്ന് ചോദിക്കുക , പറയുക. 

രണ്ട്...

മാതാപിതാക്കളെ കുറിച്ച് ചോദിക്കുക. അവര്‍ എങ്ങനെയുളളവരാണ്. അവര്‍ നിങ്ങള്‍ക്ക് എത്ര പ്രിയപ്പെട്ടതാണ് തുടങ്ങിയ കാര്യങ്ങള്‍ ചോദിക്കുക. നമുക്ക് നമ്മുടെ സ്വന്തം സ്ഥലം ആവശ്യമുണ്ടോ, മാതാപിതാക്കളോടൊപ്പം താമസിക്കാനാണോ ഇഷ്ടം തുടങ്ങിയ ചോദ്യങ്ങളും നല്ലതാണ്. 

മൂന്ന്...

ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കരിയറിനെ കുറിച്ച് തുറന്ന് സംസാരിക്കുക. കരിയറിലെ സ്വപ്നങ്ങളെ കുറിച്ച് ചോദിക്കുക. 

നാല്...

സുഹൃത്തുക്കള്‍ ഉണ്ടോ എന്നും  എത്രത്തോളം സൗഹൃദം ഇഷ്ടപ്പെടുന്നയാളാണ് എന്നീ ചോദ്യങ്ങള്‍ ചോദിക്കുക.

അഞ്ച്...

അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടങ്ങളെ കുറിച്ച് ചോദിക്കാം,  സംസാരിക്കാം. സ്വപ്നങ്ങളെ കുറിച്ച് ചോദിക്കാം. 

ആറ്...

എന്താണ് രാഷ്ട്രീയമായ വിശ്വാസം? നമ്മുടെ ആദര്‍ശങ്ങള്‍ രണ്ടാണെങ്കില്‍ അത് എവിടെ ഒന്നിക്കും? തുടങ്ങിയ ചോദ്യങ്ങള്‍ ചോദിക്കാം.

ഏഴ്...

ലൈംഗിക ബന്ധത്തിലെ ഇഷ്ടാനിഷ്ടങ്ങള്‍ എന്തൊക്കെയാണ്  എന്നും ചോദിക്കാം.