കൊവിഡ് കാലത്ത് വ്യത്യസ്തമായ രീതിയില്‍ രക്ഷാബന്ധന്‍ ആഘോഷിക്കാനൊരുങ്ങുകയാണ് റായ്ഗഢിലെ പൊലീസുകാര്‍. പതിവനുസരിച്ച് രക്ഷാബന്ധന്‍ ദിവസത്തില്‍ രാഖി കെട്ടിയാണ് ആഘോഷം നടത്താറ്. എന്നാല്‍ ഇക്കുറി കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാസ്‌കുകള്‍ നല്‍കി രക്ഷാബന്ധന്‍ ആഘോഷിക്കാനാണ് റായ്ഗഢിലെ പൊലീസുകാരുടെ തീരുമാനം. 

തിങ്കളാഴ്ച രക്ഷാബന്ധന്‍ ദിനത്തില്‍ 14 ലക്ഷത്തോളം ഫെയ്‌സ് മാസ്‌കുകള്‍ റായ്ഗഢിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിന്നായി വിതരണം ചെയ്യുമെന്നാണ് ഇവര്‍ അറിയിക്കുന്നത്. രോഗത്തെ കുറിച്ച് പൊതുജനങ്ങള്‍ക്കിടെ കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനാണ് വ്യത്യസ്തമായ ആഘോഷമെന്ന് ഇവര്‍ പറയുന്നു.

'ഇപ്പോഴും കൊവിഡിനെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത ആളുകളുണ്ട്. മാര്‍ച്ച് മുതല്‍ തന്നെ നമ്മള്‍ വിവിധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചുവരികയാണ്. അതിന്റെ ഒരു തുടര്‍ച്ചയെന്നോണമാണ് രക്ഷാബന്ധന്‍ ആഘോഷം ഇത്തരത്തിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്...' റായ്ഗഢ് പൊലീസ് മേധാവി സന്തോഷ് സിംഗ് പറയുന്നു. 

ഓരോ പൊലീസ് സ്റ്റേഷന്‍ പരിധിയിലും പെടുന്ന വീടുകളിലേക്ക് അംഗങ്ങളുടെ എണ്ണത്തിന് അനുസരിച്ച് മാസ്‌ക് എത്തിച്ചുനല്‍കാനാണ് ഇവരുടെ തീരുമാനം. സര്‍ക്കാര്‍ പ്രതിനിധികളുടേയും സന്നദ്ധ സംഘടനകളുടേയുമെല്ലാം സഹായം ഇതിനായി ഇവര്‍ തേടിയിട്ടുണ്ട്.

Also Read:- മാസ്ക് നാനും കൊവി‍ഡ് കറിയും; നെറ്റി ചുളിക്കേണ്ട; ഈ ഹോട്ടലിൽ വന്നാൽ ഇവ കഴിച്ച് മടങ്ങാം; വ്യത്യസ്തമായ ബോധവത്കരണം...