ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് മത്സരാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ ആരാധകരെ നേടിയത് ഡോ. രജിത് കുമാറാണ്.  വന്നതുമുതല്‍ വേറെ ലെവല്‍ കളികള്‍ക്ക് അവസരമൊരുക്കിയ മത്സരാര്‍ത്ഥിയായിരുന്നു അദ്ദേഹം. അധ്യാപകനും അതിലുപരി പ്രഭാഷണകലയില്‍ മികവ് പുലര്‍ത്തുന്ന രജിത് പലപ്പോഴും ചില പ്രസ്താവനകളുടെ പേരിലും വിവാദങ്ങളുടെ കേന്ദ്രസ്ഥാനത്ത് നിന്നിട്ടുള്ളയാളുമാണ്. വന്‍ മേക്കോവറിലാണ് രജിത് കുമാര്‍ ബിഗ് ബോസിനുളളില്‍ മത്സരാര്‍ഥിയായി എത്തിയത്. തൂവെള്ളത്താടിയും വെളുത്ത വസ്ത്രങ്ങളുമായാണ് അദ്ദേഹം മുന്‍പ് വേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നതെങ്കില്‍ അതെല്ലാം മാറ്റിയതായിരുന്നു ആ പുതിയ മേക്കോവര്‍. 

 

താടി കളഞ്ഞ് തലമുടിയും മീശയും കറുപ്പിച്ചിട്ടുള്ള പുത്തന്‍ ലുക്കിവാണ് ബിഗ് ബോസില്‍ വീട്ടിനുളളില്‍‌ അദ്ദേഹം എത്തിയത്. ബിഗ് ബോസില്‍ എത്തി കുറച്ചുദിവസങ്ങള്‍ കൊണ്ട് അദ്ദേഹത്തിന്‍റെ വേഷവിതാനത്തില്‍ പോലും മാറ്റം വന്നിരുന്നു. മുണ്ടും  ഷര്‍ട്ടും, സാധാരണ പാന്‍റ്സും ഷര്‍ട്ടുമൊക്കെ ധരിച്ചിരുന്ന അദ്ദേഹത്തിന്‍റെ ഫാഷന്‍ സെന്‍സിലും മാറ്റങ്ങള്‍ വന്നുതുടങ്ങിയിരുന്നു.  സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെ പുറത്ത് വിമര്‍ശിച്ചിരുന്ന അദ്ദേഹം പിന്നീട് ജീന്‍സും ട്രാക്സുമൊക്കെ ധരിച്ച് വളരെ സ്റ്റൈലിഷായി നില്‍ക്കുന്ന കാഴ്ചകളാണ് പ്രേക്ഷകര്‍ കണ്ടത്. ഷര്‍ട്ടുകളില്‍ നിന്ന് ന്യൂ ജെന്‍ മോഡല്‍ ടീഷര്‍ട്ടിലേക്കും അദ്ദേഹം വേറെ ലെവലായി മാറുകയായിരുന്നു. ഒരുപക്ഷേ ബിഗ് ബോസിലെ മറ്റ് മത്സരാര്‍ഥികള്‍ തന്നെയാകാം അദ്ദേഹത്തെ ഫാഷന്‍റെ കാര്യത്തെ കുറിച്ചൊക്കെ ധാരണ നല്‍കിയത്. 

 

ഷേവ് ചെയ്ത് നര കറുപ്പിച്ച് കൂടുതല്‍ ചെറുപ്പക്കാരനായാണ് ബിഗ് ബോസില്‍ വീട്ടില്‍ അദ്ദേഹം 60 ദിവസത്തില്‍ കൂടുതല്‍ നിന്നത്. അദ്ദേഹത്തിന് അവിടത്തെ മറ്റ് മത്സരാര്‍ഥികള്‍ തന്നെയാണ് പലപ്പോഴും തലമുടിയും താടിയുമൊക്കെ ഡൈ ചെയ്ത് കൊടുത്തിരുന്നത്.  അന്നത്തെ നീളന്‍ വെളുത്ത താടിയില്‍ നിന്ന് ഇന്നത്തെ രജിത് കുമാറിന്‍റെ ലുക്ക് വളരെ വ്യത്യസ്തമാണ്.

 

ഒരു ജെനറേഷന്‍ ഗ്യാപ് തന്നെ മാറ്റിയ മേക്കോവറായിരുന്നു അത്. ഒടുവില്‍ കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ വേദിയില്‍ നിന്ന് അവസാനമായി പടിയിറങ്ങുമ്പോള്‍ കുറ്റി താടിയോടെ ഒരു സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലായിരുന്നു അദ്ദേഹം.