അത്യപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന 'റെഡ് സ്‌നേക്ക്' വിഭാഗത്തില്‍പ്പെടുന്ന പാമ്പിനെ കണ്ടുകിട്ടിയ സന്തോഷത്തിലാണ് ഉത്തര്‍പ്രദേശിലെ ദുദ്വ നാഷണല്‍ പാര്‍ക്കിലെ ജീവനക്കാര്‍. രണ്ട് ദിവസം മുമ്പാണ് ശക്തമായ മഴയ്ക്ക് ശേഷം സ്റ്റാഫ് കോട്ടേജിന്റെ പരിസരത്ത് വച്ച് പാമ്പിനെ കണ്ടുകിട്ടിയത്. 

പേരില്‍ സൂചിപ്പിക്കും പോലെ തന്നെ നിറം തന്നെയാണ് ഈ പാമ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. ചുവപ്പും ഓറഞ്ചും കലര്‍ന്ന തെളിച്ചമുള്ള നിറമാണ് ഇതിന്റേത്. മറ്റ് വിഭാഗങ്ങളില്‍ പെട്ട പാമ്പുകളില്‍ നിന്ന് ഒറ്റക്കാഴ്ചയില്‍ തന്നെ ഇത് വ്യത്യസ്തമാകുന്നതും ഈ നിറം കൊണ്ടും ഭംഗി കൊണ്ടുമാണ്. 

പൊതുവില്‍ അത്ര അപകടകാരിയല്ലത്രേ ഇയാള്‍. ചെറുജീവികളേയും മറ്റും ഭക്ഷിച്ച് ആളനക്കമില്ലാത്തയിടങ്ങളില്‍ കൂടിക്കോളും. 1936ലാണ് ദുദ്വയില്‍ ആദ്യമായി ഈ ഇനത്തില്‍ പെട്ട പാമ്പിനെ കണ്ടെത്തുന്നത്. ശേഷം നീണ്ട 82 വര്‍ഷങ്ങള്‍ക്കിപ്പുറം കഴിഞ്ഞ വര്‍ഷമാണ് ഇതേ ഇനത്തില്‍പ്പെടുന്ന ഒരു പാമ്പിനെ വീണ്ടും കണ്ടെത്താനായത്. 

അത്രയും അപൂര്‍വ്വമായി മാത്രം മനുഷ്യരുടെ കാഴ്ചാപരിധിയില്‍ പതിയുന്നവയാണത്രേ ഇവ. ജീവനക്കാരില്‍ ആരോ ഒരാള്‍ തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ 'റെഡ് സ്‌നേക്കി'ന്റെ ചിത്രം ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കാഴ്ചയ്ക്കുള്ള ഭംഗി തന്നെയാണ് ആളുകള്‍ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നത്. 'ബ്യൂട്ടീ..' എന്നും 'ക്യൂട്ടീ...' എന്നുമെല്ലാമാണ് പലരും ഇതിനെ സ്‌നേഹപൂര്‍വ്വം വിളിക്കുന്നത് തന്നെ. 

 

 

ഇതുപോലുള്ള നിരവധി ജൈവവൈവിധ്യങ്ങളുടെ കേന്ദ്രമാണ് ദുദ്വ നാഷണല്‍ പാര്‍ക്ക് എന്നാണ് ജീവനക്കാരുടെ അവകാശവാദം. എന്തായാലും അത്യപൂര്‍വ്വയിനത്തില്‍ 'റെഡ് സ്‌നേക്കി'ന്റെ ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ പാര്‍ക്കിലെ ജീവനക്കാരും ആകെ സന്തോഷത്തിലാണ്.

Also Read:- 'സൂം' ചെയ്ത ഫോട്ടോയില്‍ കാണുന്ന ജീവിയെ കണ്ടുപിടിക്കാമോ?...