സീബ്രയെന്ന് കേട്ടാല്‍ ആദ്യമേ നമ്മുടെ മനസില്‍ വരുന്നത് കറുപ്പും വെളുപ്പും നിറത്തിലുള്ള നെടുനീളന്‍ വരകളാണ്, അല്ലേ? മറ്റേത് ജീവിയെക്കാളും എളുപ്പത്തില്‍ തിരിച്ചറിയാന്‍ സീബ്രയെ സഹായിക്കുന്നതും ഈ രൂപഘടനയും നിറവും തന്നെയാണ്. 

ലോകത്തെവിടെയും സീബ്രകളുള്ളത് ഈ ഒരൊറ്റ രൂപത്തില്‍ തന്നെയാണ്. മറ്റെന്ത് ചെറിയ വ്യത്യാസങ്ങളുണ്ടെങ്കില്‍ പോലും ആ കറുപ്പും വെളുപ്പും വരകളില്‍ മാത്രം ഒരു 'കോംപ്രമൈസ്'ഉം ഉണ്ടാകില്ല. 

എന്നാല്‍ ഇങ്ങനെ വരകള്‍ക്ക് പകരം പുള്ളികളുള്ള ഒരു സീബ്രയെ സങ്കല്‍പിച്ചുനോക്കൂ, സംഗതിയൊക്കെ കൊള്ളാം പക്ഷേ സീബ്രയാണെന്ന് പറയരുത് എന്ന് മാത്രം, അല്ലേ? 

ഇത്തരമൊരു സീബ്രക്കുഞ്ഞിനെ കണ്ടെത്തിയിരിക്കുകയാണ് കെനിയയിലെ 'മാസായ് മറാ' ദേശീയ വന്യജീവിസങ്കേതത്തില്‍. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമാണിതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ആന്റണി ടിര എന്ന ഫോട്ടോഗ്രാഫറാണ് ഈ സീബ്രയെ ആദ്യം കണ്ടത്. പിന്നീട് ടൂറിസ്റ്റുകളും ഫോട്ടോഗ്രാഫര്‍മാരുമായി നിരവധി പേരാണ് വിവരമറിഞ്ഞ് ഇവിടെയെത്തിയത്.

ജനിതകഘടനയിലെ വ്യതിയാനങ്ങളാണത്രേ സീബ്രയുടെ വരകള്‍ ഇല്ലാതായി പകരം പുള്ളികള്‍ പ്രത്യക്ഷപ്പെടാന്‍ കാരണം. 'സ്യൂഡോമെലാനിസം' എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നതെന്നും വിദഗ്ധര്‍ പറയുന്നു.