അവകാശികളില്ലാത്തവര്‍ തങ്ങളുടെ കാലം കഴിയുമ്പോള്‍ സ്വത്തുവകകളെല്ലാം എന്തുചെയ്യണം എന്നത് തീരുമാനിച്ച് അത് നിയമസാധുതയുള്ള രീതിയില്‍  പ്രമാണമാക്കി മാറ്റാറുണ്ട്.

ഏറ്റെടുക്കാൻ അവകാശികളില്ലാതെ അനാഥപ്പെട്ടുകിടക്കുന്ന വീടുകളും പറമ്പുകളും മറ്റ് സ്വത്തുവകകളുമെല്ലാം പില്‍ക്കാലത്ത് സര്‍ക്കാരിന്‍റെ അധീനതയിലാണ് വരിക. അതല്ലെങ്കില്‍ അവകാശികളില്ലാത്തവര്‍ തന്നെ തങ്ങളുടെ കാലം കഴിയുമ്പോള്‍ സ്വത്തുവകകളെല്ലാം എന്തുചെയ്യണം എന്നത് തീരുമാനിച്ച് അത് നിയമസാധുതയുള്ള രീതിയില്‍ പ്രമാണമാക്കി മാറ്റാറുണ്ട്.

ചിലരൊക്കെ വിദൂരബന്ധങ്ങളിലുള്ളവര്‍ക്കോ, അല്ലെങ്കില്‍ സഹോദരങ്ങള്‍ക്കോ എല്ലാം ഇതുപോലെ സ്വത്ത് നല്‍കും. വേറെ ചിലരാണെങ്കില്‍ അനാഥാലയങ്ങള്‍ക്കോ അതുപോലുള്ള ചാരിറ്റി സ്ഥാപനങ്ങള്‍ക്കോ ആരാധനാലയങ്ങള്‍ക്കോ സ്വത്ത് എഴുതിവയ്ക്കും.

എന്തായാലും അവകാശികളില്ലെന്നോര്‍ത്ത് ആരും തങ്ങളുടെ സ്വത്ത് വളര്‍ത്തുമൃഗങ്ങളുടെ പേരിലെഴുതി വയ്ക്കാറില്ലല്ലോ. എന്നാലിതാ ഇറാനില്‍ നിന്നുള്ള ഒരു വൃദ്ധ ദമ്പതികള്‍ തങ്ങളുടെ വീട് തങ്ങളുടെ വളര്‍ത്തുനായയുടെ പേരിലെഴുതി വച്ചിരിക്കുകയാണ്. 

ഇവര്‍ വീട് നായയുടെ പേരിലാക്കി എന്ന പ്രമാണത്തില്‍ ഒപ്പുവയ്ക്കുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം ഏവരും അറിയുന്നത്. നായയുടെ കാല്‍ മഷിയില്‍ മുക്കി അത് പേപ്പറില്‍ പതിപ്പിച്ചാണ് ഇവര്‍ ഒപ്പ് സമ്പാദിക്കുന്നത്. ഈ വീഡിയോ വൈറലായതോടെ ഇതിന് മുൻകയ്യെടുത്ത റിയല്‍ എസ്റ്റേറ്റ് ഏജൻസിയുടെ മേധാവി ഇപ്പോള്‍ പൊലീസ് അറസ്റ്റിലായിരിക്കുകയാണ്. 

നിയമസാധുതയില്ലാത്ത സംഭവം, അതുപോലെ തന്നെ സമൂഹത്തിന്‍റെ സദാചാര അതിരുകളെ ലംഘിക്കുന്നത്- എന്ന രീതിയിലാണ് റിയല്‍ എസ്റ്റേറ്റ് ഏജൻസി മേധാവിക്കെതിരെ പൊലീസ് നടപടിയെടുത്തിരിക്കുന്നത്. ഇറാനിലാണെങ്കില്‍ നായ്ക്കളെ വളര്‍ത്തുന്നത് തന്നെ അത്ര നല്ല രീതിയായി കണക്കാക്കപ്പെടുന്നില്ല. നിയമപരമായി ഇതിന് വിലക്കൊന്നുമില്ലെങ്കിലും നായയെ വളര്‍ത്തുന്നതിനോട് യോജിക്കാനാകില്ലെന്ന് ഇവിടെ പുരോഹിതരെല്ലാം പറയാറുണ്ട്. ഇതിനിടെയാണ് സ്വത്ത് വളര്‍ത്തുനായയുടെ പേരിലെഴുതി വയ്ക്കുന്ന സംഭവം ഉണ്ടാകുന്നത്. 

റിയല്‍ എസ്റ്റേറ്റ് ഏജൻസി മേധാവി അറസ്റ്റിലായി എന്നുമാത്രമല്ല, ഇവരുടെ സ്ഥാപനവും അധികൃതര്‍ അടച്ചുപൂട്ടിച്ചിരിക്കുകയാണ്. എന്തായാലും അസാധാരണമായ സംഭവം വലിയ രീതിയില്‍ ശ്രദ്ധ നേടുകയും കാര്യമായ ചര്‍ച്ചകള്‍ സൃഷ്ടിക്കുകയും ചെയ്തുവെന്ന് തന്നെ പറയാം.

Also Read:- മുടി വെട്ടാൻ റോബോട്ട്; ശാസ്ത്രജ്ഞന്‍റെ വീഡിയോ കണ്ടുനോക്കൂ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo