Asianet News MalayalamAsianet News Malayalam

ചുറ്റിക കൊണ്ട് മുട്ടയിലടിച്ചപ്പോള്‍ ചുറ്റിക പൊട്ടി; വൈറലായ വീഡിയോയ്ക്ക് പിന്നിലെ സത്യം

ഭക്ഷണവുമായി ബന്ധപ്പെട്ടുള്ള വീഡിയോകളും ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കപ്പെടാറുള്ള 'satisfyingxtimes' എന്ന പേജിലാണ് ഈ വീഡിയോയും പ്രത്യക്ഷപ്പെട്ടത്. 'റിയാലിറ്റി'യുമായി ബന്ധമില്ലാത്ത ഈ വീഡിയോക്ക് പിന്നിലെ അര്‍ത്ഥത്തെ ചൊല്ലി പേജില്‍ ധാരാളം ചര്‍ച്ചകള്‍ ഉയരുകയും ചെയ്തിരുന്നു

reality behind the viral video of unbreakable egg
Author
Germany, First Published Oct 1, 2020, 8:25 PM IST

കൗതുകമുണര്‍ത്തുന്ന ധാരാളം ചെറു വീഡിയോകള്‍ ഇന്ന് നമ്മള്‍ സമൂഹമാധ്യമങ്ങളിലൂടെ കാണാറുണ്ട്. ഇവയില്‍ പലതിനും യാഥാര്‍ത്ഥ്യവുമായി ബന്ധമൊന്നും കാണില്ല. യുക്തിക്ക് അപ്പുറത്ത് നിന്നുകൊണ്ട് നമ്മെ രസിപ്പിക്കുക, അല്ലെങ്കില്‍ ചിന്തിപ്പിക്കുക എന്ന ലക്ഷ്യവുമായി സൃഷ്ടിക്കപ്പെട്ടവയാണ് ഇവയെല്ലാം. 

ഇത്തരത്തില്‍ അടുത്ത ദിവസങ്ങളിലായി ഇന്‍സ്റ്റഗ്രാമില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വീഡിയോ ഉണ്ട്. ഒരു ചുറ്റിക കൊണ്ട് മുട്ടയില്‍ അടിക്കുമ്പോള്‍ ആ ചുറ്റിക തകര്‍ന്ന് തരിപ്പണമാകുന്നതാണ് സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയിലുള്ളത്. ചുറ്റിക തകര്‍ന്നുവീഴുന്നതിന്റെ ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം. 

ഭക്ഷണവുമായി ബന്ധപ്പെട്ടുള്ള വീഡിയോകളും ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കപ്പെടാറുള്ള 'satisfyingxtimes' എന്ന പേജിലാണ് ഈ വീഡിയോയും പ്രത്യക്ഷപ്പെട്ടത്. 'റിയാലിറ്റി'യുമായി ബന്ധമില്ലാത്ത ഈ വീഡിയോക്ക് പിന്നിലെ അര്‍ത്ഥത്തെ ചൊല്ലി പേജില്‍ ധാരാളം ചര്‍ച്ചകള്‍ ഉയരുകയും ചെയ്തിരുന്നു. 

 

 
 
 
 
 
 
 
 
 
 
 
 
 

Unbreakable egg🍳🍳🍳 🎥 @francomelanieh

A post shared by Satisfying Posts 💖 (@satisfyingxtimes) on Sep 23, 2020 at 8:05am PDT

 

സംഗതി ഇതൊരു ആനിമേറ്റഡ് വീഡിയോ ആണെന്ന കാര്യത്തില്‍ തര്‍ക്കം വരേണ്ടതുണ്ടോ! യഥാര്‍ത്ഥത്തില്‍ ചുറ്റിക കൊണ്ട് ഒരു മുട്ടയിലടിച്ചാല്‍ മുട്ട പൊട്ടുമെന്ന കാര്യത്തിലും ആര്‍ക്കും സംശയമുണ്ടാകേണ്ടതില്ല. എങ്കിലും വാദപ്രതിവാദങ്ങള്‍ കേമമായി നടക്കുകയാണ്. എന്തായാലും താന്‍ ചെയ്ത ഒരു ആനിമേറ്റഡ് വീഡിയോ ആണിതെന്ന് വ്യക്തമാക്കിക്കൊണ്ട് ഇതിന്റെ സൃഷ്ടാവ് തന്നെ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. 

ഇത് വെറും സാങ്കല്‍പികമായ ഒരാശയമാണെന്നും അതില്‍ക്കവിഞ്ഞ അര്‍ത്ഥങ്ങള്‍ ഏത് തരത്തില്‍ വേണമെങ്കിലും കാഴ്ചക്കാര്‍ക്ക് മെനഞ്ഞെടുക്കാമെന്നും ജര്‍മ്മനിയില്‍ ആനിമേറ്ററായ ഫ്രാങ്കോ മെലാനിയേ പറയുന്നു. 

അതേസമയം 'റിയാലിറ്റി'യുമായി ബന്ധപ്പെടുത്തി മാത്രമേ കലാസൃഷ്ടികള്‍ ഉണ്ടാകാന്‍ പാടുള്ളൂ എന്ന നിര്‍ബന്ധബുദ്ധി മോശമാണെന്ന അഭിപ്രായവുമായി ഒരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. എന്തായാലും ചര്‍ച്ചകള്‍ പുരോഗമിക്കവേ വീഡിയോയുടെ കാഴ്ചക്കാരുടെ എണ്ണവും ഇപ്പോള്‍ വര്‍ധിക്കുകയാണ്.

Also Read:- ചൂടുള്ള കാപ്പിയിലേക്ക് ഒരു ഐസ്‌ക്യൂബ്; വ്യത്യസ്തമായ വീഡിയോ...

Follow Us:
Download App:
  • android
  • ios