Asianet News MalayalamAsianet News Malayalam

മനസ്സ് പതറുമ്പോള്‍ കാണേണ്ടത് റീല്‍സല്ല, ഡോക്ടറെയാണ്; പനിക്ക് മരുന്നുപോലല്ല വിഷാദത്തിന് ഷോര്‍ട്‌സ്!

കുട്ടികൾ ആത്മഹത്യയിലേക്ക് എത്തുന്നതിന് മറ്റൊരു കാരണം കൗമാരത്തിലെത്തുമ്പോൾ മാതാപിതാക്കളുമായി കമ്മ്യൂണിക്കേഷൻ കുറയുന്നതാണ്. അവർ  സുഹൃത്തുക്കളോട് (ആൺ/പെൺ) കമ്മ്യൂണിക്കേഷൻ കൂടുന്നു. ഇത്തരത്തിലുള്ള സൗഹൃദവും സംസാരവും ഒരു ഘട്ടം കഴിയുമ്പോൾ ഓപ്പോസിറ്റ് നിൽക്കുന്നയാളുടെ വാക്കുകളും പെരുമാറ്റവും ഉൾക്കൊള്ളാൻ കഴിയാതെ വരികയും ആ ബന്ധം വേഗത്തിൽ അവസാനിപ്പിക്കേണ്ടതായി വരുന്നു.  

reasons that lead teenagers to commit suicide
Author
First Published Jul 3, 2024, 12:44 PM IST

കൗമാരക്കാരിലെ ആത്മഹത്യപ്രവണത കൂടി വരുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. തീർത്തും ഗൗരവമായി കാണേണ്ട വിഷയമാണ് കുട്ടികളിലെ ആത്മഹത്യാശ്രമങ്ങൾ. കൗമാരക്കാരെ ആത്മഹത്യയിലേക്ക് നയിക്കുന്നതിന് പിന്നിലെ ചില പ്രധാനപ്പെട്ട കാരണങ്ങളെ കുറിച്ച് സൈക്കോളജിസ്റ്റ് ജയേഷ് കെ ജി എഴുതുന്ന ലേഖനം.

 പാരന്റിങ് എന്നത് അഞ്ച് വയസ്സ് വരെയോ പ്ലസ് ടു പാസാകും വരെയോ അല്ല. മക്കളുടെ ജനനം മുതൽ 28 വർഷം വരെ നീണ്ടു നിൽക്കുന്ന പ്രക്രിയയാണത്. ഇതിനിടയിൽ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഉപേക്ഷിച്ച് മക്കൾ ആത്മഹത്യയിലേക്ക് പോകുന്നുണ്ടെങ്കിൽ ആരാണ് അതിന് ഉത്തരവാദികൾ? എന്താണ് അതിനു കാരണം?

വർഷം തോറും കൗമാര ആത്മഹത്യകളുടെ ഗ്രാഫ് മുകളിലേക്കാണ്.  ഒരു വർഷം കേരളത്തിൽ ആത്മഹത്യ ചെയ്യുന്നത് മുന്നൂറോളം കുട്ടികൾ എന്നാണ് പഠന റിപ്പോർട്ട്.

എന്ത് കൊണ്ടാണ് കുട്ടികൾ ആത്മഹത്യ ചെയ്യുന്നത്?

1) ഒരാളിലേക്ക് മാത്രമായി ബന്ധങ്ങൾ ചുരുങ്ങുന്നത്

കൗമാര പ്രായത്തിലെത്തുമ്പോൾ മക്കൾ മാതാപിതാക്കളിൽ നിന്നും അകന്ന് മറ്റു ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധ കൊടുക്കാറുണ്ട്. അത്തരത്തിൽ ചിലരിലേക്ക് മാത്രം അടുക്കുമ്പോൾ  അവിടെയുണ്ടാകുന്ന  അപകടങ്ങൾ മതാപിതാക്കൾ തിരിച്ചറിയാതെ പോകുന്നു. എന്നാൽ ഒരു കാലഘട്ടം കഴിയുമ്പോൾ ആ ബന്ധങ്ങളിൽ എന്തെങ്കിലും വിള്ളലുകൾ സംഭവിച്ചാൽ എനിക്ക് ആരുമില്ല എന്ന് ചിന്ത കുട്ടികളിൽ ഉണ്ടാവുകയും  ആത്മഹത്യ ചെയ്യണമെന്ന് തീരുമാനിക്കുകയും ചെയ്യുന്നു.

ന്യൂജെൻ കണ്ടെത്തുന്ന ലഹരി മരുന്നുകൾ ; കുട്ടികളെ ലഹരി ഉപയോ​ഗത്തിൽ നിന്ന് രക്ഷിക്കാം

2) മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആശയവിനിമയത്തിൽ ഉണ്ടാകുന്ന തകരാറുകൾ

കുട്ടികൾ ആത്മഹത്യയിലേക്ക്  എത്തുന്നതിന് മറ്റൊരു കാരണം കൗമാരത്തിലെത്തുമ്പോൾ മാതാപിതാക്കളുമായി കമ്മ്യൂണിക്കേഷൻ കുറയുന്നതാണ്. അവർ  സുഹൃത്തുക്കളോട് (ആൺ/പെൺ) കമ്മ്യൂണിക്കേഷൻ കൂടുന്നു. ഇത്തരത്തിലുള്ള സൗഹൃദവും സംസാരവും  ഒരു ഘട്ടം കഴിയുമ്പോൾ ഓപ്പോസിറ്റ് നിൽക്കുന്നയാളുടെ വാക്കുകളും പെരുമാറ്റവും ഉൾക്കൊള്ളാൻ കഴിയാതെ വരികയും ആ ബന്ധം വേഗത്തിൽ അവസാനിപ്പിക്കേണ്ടതായി വരുന്നു.  ഈ സാഹചര്യത്തിൽ മാനസികമായി  തളർന്നുപോകുന്ന  കുട്ടികൾ ഉപേക്ഷിച്ചു പോകുന്ന സുഹൃത്തിനെ  കൂടാതെ തന്നെ സ്നേഹിക്കുന്ന ഇഷ്ടപ്പെടുന്ന ഒട്ടേറെ പേർ ചുറ്റിലുമുണ്ടെന്ന് തിരിച്ചറിയാതെ എന്നെ ആർക്കും വേണ്ട എന്ന തോന്നലിൽ സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയും ഈഗോ പ്രൊട്ടെക്ട് ചെയ്യുന്നതിന് വേണ്ടി അവരുടെ ജീവൻ തന്നെ വേണ്ടെന്നു വയ്ക്കുന്നു.

3) സോഷ്യൽ മീഡിയയുടെ അമിതമായ ഉപയോഗം

കുട്ടികൾ സോഷ്യൽ മീഡിയയിൽ  റീൽസ് ,  ഷോട്ട്സ് , അഫർമേഷൻസ് വീഡിയോകൾ  കൂടുതലായി  കാണുന്നവരാണ്. വിനോദത്തിനപ്പുറമായി  എന്തെങ്കിലും മാനസിക ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ   അതിനുള്ള പരിഹാരം കണ്ടെത്താനായി  അഫർമേഷൻ വീഡിയോസിനെ കൂടുതലായി ആശ്രയിക്കുമ്പോൾ. പലപ്പോഴും അതൊരു അപകടമായി മാറാറുമുണ്ട്.  പനി പോലെ ശാരീരിക ബുദ്ധിമുട്ടുകൾ വരുമ്പോൾ നമ്മൾ  ഡോക്ടർ കാണാറുള്ളതുപോലെ  മാനസികമായി എന്തെങ്കിലും അസ്വസ്ഥതകൾ തോന്നിയാൽ മനശാസ്ത്ര വിദഗ്ധരെയാണ് കാണേണ്ടത്. മാനസികമായി എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ  പ്രശ്നങ്ങൾ വീട്ടുകാരുമായി പങ്കുവയ്ക്കാതെ ഇത്തരം റീൽസും ഷോർട്സുകളും തുടർച്ചയായി കാണുമ്പോൾ ലഭിക്കുന്ന ആശ്വാസം ശാശ്വതമായിരിക്കില്ല. അങ്ങനെ വരുമ്പോൾ തികച്ചും താൻ ഒറ്റപ്പെട്ടു എന്ന തോന്നൽ അവരെ ആത്മഹത്യയിലെത്തിക്കുന്നു.

അച്ഛന് വേണ്ടിയുള്ള ദിനം ; ഇക്കാര്യങ്ങൾ മനസിൽ ഓർത്തിരിക്കാം

4) വൈകാരിക പ്രശ്നങ്ങൾ

അമിതമായ ദേഷ്യവും വാശിയും  ഉള്ള കുട്ടികൾ അവർ ആഗ്രഹിച്ച കാര്യങ്ങൾ  കിട്ടാതെ വരുമ്പോൾ പൊട്ടിത്തെറിക്കുക സ്വാഭാവികമാണ്. അത്തരത്തിലുള്ള സാഹചര്യങ്ങളിൽ വൈരാഗ്യ ബുദ്ധിയോടുകൂടി ചിന്തിച്ച് മറ്റുള്ളവരോട് പ്രതികാരം ചെയ്യുന്നതിനുവേണ്ടി ജീവിതം ഉപേക്ഷിക്കാറുണ്ട്. വിദ്യാർത്ഥികൾ പഠനത്തിൽ ആഗ്രഹിക്കുന്ന രീതിയിൽ  മുന്നേറാൻ കഴിയാതെ വരുമ്പോൾ, അതായത് ക്ലാസിലെ മറ്റു കുട്ടികൾ ഉയർന്ന മാർക്ക് നേടുമ്പോൾ താനൊരു കഴിവില്ലാത്തവൻ ആണെന്ന് സ്വയം വിലയിരുത്തി മറ്റുള്ളവർക്ക് ഭാരമായി ഇനിയെങ്കിലും ജീവിക്കണം എന്ന ചിന്ത അവസാനം ആത്മഹത്യയിൽ എത്തിച്ചേരുന്നു.

4) മാതാപിതാക്കളുടെ അവഗണന:-

ചില മാതാപിതാക്കൾ അവരുടെ താത്പര്യങ്ങൾക്കും ഇഷ്ടങ്ങൾക്കും വേണ്ടി മക്കളെ ഉപയോഗിക്കുന്നു. അവർ കുട്ടികളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും താല്പര്യങ്ങളും എന്തെന്നറിയാതെയാണ് പെരുമാറുന്നത്. സ്വന്തം താല്പര്യങ്ങൾ മാത്രം സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ കുട്ടികൾക്ക് യാതൊരുവിധ പരിഗണനയും ശ്രദ്ധയും കൊടുക്കാതെ  വളർത്തുന്നത് ഒരുപാട് മാനസിക സംഘർഷങ്ങൾ ഉണ്ടാക്കും. എപ്പോഴും അവരെ വഴക്കു പറയുക ഉപദ്രവിക്കുക മറ്റുള്ളവരുടെ മുന്നിൽ വച്ച് ശാസിക്കുക, ചെറിയ തെറ്റുകൾക്ക് വലിയ ശിക്ഷ നൽകുക വഴക്കുപറയും നിരുത്സാഹപ്പെടുത്തുക തുടങ്ങിയ രീതിയിൽ മാതാപിതാക്കൾ പ്രവർത്തിക്കുമ്പോൾ താൻ വീട്ടിൽ ഒരു അധികപ്പറ്റാണെന്ന് കുട്ടികൾക്ക് തോന്നുകയും അർഹിക്കുന്ന സ്ഥാനം ഇല്ലാത്ത ഇടത്ത് നിൽക്കണ്ട എന്ന തീരുമാനത്തിൽ ജീവിതം അവസാനിപ്പിക്കുന്നു.

5) മാതാപിതാക്കൾക്ക് ഇടയിൽ ഉണ്ടാകുന്ന അഭിപ്രായ ഭിന്നതകൾ

കുട്ടികളെ വളർത്തുന്നതുമായി ബന്ധപ്പെട്ട് ഭാര്യയും ഭർത്താവും തമ്മിലുള്ള ഭിന്ന അഭിപ്രായങ്ങൾ കുട്ടികളുടെ ഭാവിയെ ബാധിക്കുണ്ട്.  കുട്ടികളുടെ മുന്നിൽ വച്ച്  ഏതെങ്കിലും ഒരു കാര്യത്തിൽ സംസാരിക്കുമ്പോൾ അമ്മ/അച്ഛൻ അവരുടെ തീരുമാനം യെസ് അല്ലെങ്കിൽ നോ എന്നു പറഞ്ഞാൽ അമ്മ /അച്ഛൻ അതിനെ സപ്പോർട്ട് ചെയ്യണം അല്ലാതെ അതിനെ എതിർത്ത് സംസാരിക്കുകയല്ല വേണ്ടത്. ഇത്തരത്തിൽ തീരുമാനങ്ങളിൽ വ്യത്യാസം വരുമ്പോൾ കുട്ടികൾ അവരുടെ ആവശ്യങ്ങൾക്കായി  മാതാപിതാക്കളെ ദുരുപയോഗം ചെയ്യാൻ തുടങ്ങും. ഒരു ഘട്ടം കഴിയുമ്പോൾ ഭാര്യയോ അല്ലെങ്കിൽ ഭർത്താവോ ഉറച്ച തീരുമാനങ്ങൾ എടുക്കേണ്ട കാര്യങ്ങളിൽ അഭിപ്രായങ്ങൾ പറയാതെ പിന്മാറുമ്പോൾ അത് കുട്ടികളുടെ ഭാവിയെ അപകടകരമായി ബാധിക്കുന്നു.

6) കൗമാരപ്രായത്തിലെ ലഹരിയുടെ  ഉപയോഗം

ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്നും ആശ്വാസം കണ്ടെത്തുന്നതിന്  സുഹൃത്തുക്കളുടെ പ്രേരണയാൽ ലഹരി ഉപയോഗിക്കുന്ന കുട്ടികളുണ്ട്.  കുറച്ചു നാൾ കഴിയുമ്പോൾ  ലഹരി കൊണ്ടൊന്നും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ കഴിയാതെ വരുമ്പോൾ ജീവിതം അവസാനിപ്പിക്കാം  എന്ന വിഡ്ഢിത്തം കാണിക്കുകയും ചെയ്യും.

കുട്ടികൾ സ്കൂളിൽ പോകാൻ മടിക്കുന്നതിന്റെ പ്രധാന കാരണങ്ങൾ

കൗമാര ആത്മഹത്യകൾ എങ്ങനെ തടയാം?

കുട്ടികളെ വളർത്തുക എന്നത് ജനനം മുതൽ കുറഞ്ഞത്  28 വർഷം വരെ നീണ്ടു നിൽക്കുന്ന  പ്രക്രിയയാണ്. മക്കൾ നടന്നു തുടങ്ങുമ്പോഴോ  കൗമാരത്തിൽ എത്തിയാലോ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയാലോ അവസാനിക്കാത്ത ഒന്നാണത്.  മക്കളുടെ കാര്യത്തിൽ 28 വയസ്സുവരെയുള്ള വ്യക്തമായ കാഴ്ചപ്പാടും കരുതലും ശ്രദ്ധയോടും കൂടി ഓരോ നിമിഷവും അവരറിയാതെ അവരുടെ കൂടെ ഒരു നിഴലായി  പിന്തുടർന്ന് അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞും ചോദിച്ചറിഞ്ഞും ന്യായമായവ നടത്തിക്കൊടുത്തും അല്ലാത്തവയെ കാരണസഹിതം നിഷേധിച്ചും നല്ലൊരു പാരന്റായി നിൽക്കണം. അവരിൽ കുറവുകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ വേണ്ടത് ചെയ്യുകയും കഴിവുകൾ  പ്രോത്സാഹിപ്പിക്കുകയും വേണം.

അവർക്ക് എന്തും തുറന്നു പറയാനുള്ള അവസരം നൽകി  ജീവിതത്തിലെ ഏറ്റവും മൂല്യമായ സ്വത്ത് അച്ഛനും അമ്മയും എൻ്റെ കുടുംബവും ആണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുകയും വേണം. അവരുടെ പ്രശ്നങ്ങൾ എന്താണെന്ന് തിരിച്ചറിഞ്ഞ് പരിഹരിക്കാൻ മുൻകൈയെടുക്കേണ്ടത് ഓരോ പാരന്റിന്റെയും ഉത്തരവാദിത്തമാണ്. കുട്ടികൾക്ക് എന്തെങ്കിലും  ബുദ്ധിമുട്ടുണ്ടെങ്കിൽ  എത്രയും പെട്ടെന്ന് മാനസിക ആരോഗ്യ വിദഗ്ധരെ കാണിക്കുകയും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും അത്യാവശ്യമായ ഒന്നാണ്.

ഓരോ വ്യക്തിയും പാരന്റ് ആകുമ്പോൾ മനസ്സിൽ ഉറപ്പിക്കുക  28 വർഷം  മക്കൾക്കായി നീക്കിവെക്കണം എന്നത് .  കുട്ടികൾ നിങ്ങളിൽ നിന്നും അകന്നു പോകുന്നെങ്കിൽ  പാരന്റിങ്ങിൽ എവിടെയാണ് തെറ്റുപറ്റിയത് എന്ന് തിരിച്ചറിയുക. അവരുടെ മേലുള്ള നിങ്ങളുടെ ശ്രദ്ധ എപ്പോൾ മരിക്കുന്നോ അപ്പോഴാണ് ആത്മഹത്യയിലൂടെ അവരും ഇല്ലാതാകുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

 

Latest Videos
Follow Us:
Download App:
  • android
  • ios