എൻ​ട്രൻസ് പരീക്ഷാ പരിശീലനത്തിലായിരുന്ന വിദ്യാർത്ഥിനി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യചെയ്ത വാർത്ത നമ്മൾ എല്ലാവരും കേൾക്കാനിടയായി. 19 കാരിയായ അമൃതയാണ് ആത്മഹത്യ ചെയ്തതു. പരീക്ഷയിൽ തോൽക്കുമെന്ന ഭയംകാരണമാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്നും അമൃത ആത്മഹത്യക്കുറിപ്പിൽ പറയുന്നു. കഴിഞ്ഞ വർഷം പ്ലസ്ടു കഴിഞ്ഞ് സ്വകാര്യ കോച്ചിങ് സെന്ററിൽ എൻട്രൻസ് പരീക്ഷാ പരിശീലനത്തിലായിരുന്നു അമൃത.

ഇന്ന് നിരവധി കുട്ടികൾ പരീക്ഷപ്പേടി കാരണവും അല്ലാതെയും ആത്മഹത്യ ചെയ്യുന്നു. എന്ത് കൊണ്ടാണ് കുട്ടികൾ ആത്മഹത്യ ചെയ്യാൻ തീരുമാനമെടുക്കുന്നത്. പ്രധാനമായി പരീക്ഷപേടി മൂലം ഉണ്ടാകുന്ന സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് കുട്ടികളെ എത്തിക്കുന്നത്. പരീക്ഷകള്‍ തുടങ്ങാനിരിക്കെ കുട്ടികളെ അമിത സമ്മര്‍ദ്ദത്തിലാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇത് മാത്രമല്ല, കുടുംബത്തിന്റെ സമ്മര്‍ദ്ദങ്ങളില്‍ നിന്നും കുട്ടികളെ ഒഴിവാക്കാനും അവര്‍ക്ക് സ്വസ്ഥത നല്‍കാനും രക്ഷകര്‍ത്താക്കള്‍ പ്രത്യേകം ശ്രദ്ധിക്കുക.

മറ്റ് കുട്ടികളുമായി ഒരിക്കലും കുട്ടികളെ താരതമ്യം ചെയ്യരുത്. ഇത് കുട്ടികളില്‍ വെറുപ്പിനും നിരാശയ്ക്കും കാരണമാക്കും. കുട്ടികളില്‍ അപകര്‍ഷകതാ ബോധം വളര്‍ത്താനും ഇത് ഇടയാക്കും. കൂടെ പഠിക്കുന്നവര്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങുന്നതില്‍ വിഷമിക്കേണ്ടതില്ലെന്ന് കൂടെ ഉപദേശിക്കണം. പരീക്ഷാക്കാലത്ത് രക്ഷിതാക്കൾ കുട്ടികള്‍ക്ക് നല്‍കേണ്ടത് ആത്മവിശ്വാസം മാത്രമാണ്. എന്തും സാധിക്കും എന്ന് ധൈര്യം നല്‍കുക. അസാധ്യമായതായി ഒന്നുമില്ലെന്നും പറയുക. 

' രക്ഷിതാക്കൾ കുട്ടികളുടെ പ്രശ്നങ്ങൾ ചോദിച്ചറിയുക, അവരുടെ ഇഷ്ടങ്ങൾ മനസിലാക്കുക...'; സൈക്കോളജിസ്റ്റ് പറയുന്നു...

'' എൽകെജിയിലും യുകെജിയിലും വരെ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് വലിയ രീതിയിൽ സ്ട്രെസ് ഉള്ള കാലമാണിത്. സ്കൂളിന്റെ ഭാ​ഗത്ത് നിന്നുള്ള അമിത സമ്മർദ്ദമാണ് രക്ഷിതാക്കൾക്ക് ടെൻഷനുണ്ടാകാനുള്ള പ്രധാന കാരണമായി പറയുന്നത്. ചില മാതാപിതാക്കൾ പെർഫക്റ്റ് ആയിട്ടുള്ള പാരന്റായി മാറാനായിട്ട്  പറ്റുന്ന രീതിയിലുള്ള എല്ലാ സൗകര്യങ്ങളും കുട്ടികൾക്ക് കൊടുക്കുന്നു. അങ്ങനെ വരുമ്പോൾ മറ്റ് കുറവുകളോ അല്ലെങ്കിൽ മറ്റ് പ്രശ്നങ്ങളൊന്നും തന്നെ കുട്ടികൾ അറിയുന്നില്ല. ചെറിയ രീതിയിൽ പ്രശ്നം വന്നാൽ പോലും കുട്ടികൾക്ക് അത് സഹിക്കാനാവില്ല. പല രക്ഷിതാക്കാളും കുട്ടികളെ നിർബന്ധിച്ചാണ് ഓരോ കാര്യങ്ങളും പഠിപ്പിക്കുന്നത്. കുട്ടികളുടെ ഇഷ്ടങ്ങൾക്ക് പ്രധാന്യം നൽകുന്നില്ല. എസ്എസ്എൽസി പരീക്ഷ, അല്ലെങ്കിൽ പ്ലസ് ടൂ പരീക്ഷ ഏത് തന്നെയായാലും, നീ തോറ്റു കഴിഞ്ഞാൽ അല്ലെങ്കിൽ മാർക്ക് കുറഞ്ഞ് കഴിഞ്ഞാൽ നിനക്ക് ഇനി അഡ്മിഷൻ കിട്ടില്ല.... നിന്റെ ഇഷ്ടത്തിന് പഠിക്കാൻ പറ്റില്ല. തോറ്റാൽ നീ വീട്ടിൽ തന്നെ ഇരുന്നാൽ മതി എന്നൊക്കെ മക്കളോട് പറയുന്ന ചില രക്ഷിതാക്കളുണ്ട്... രക്ഷിതാക്കൾ ഇങ്ങനെ പറയുന്നത് കേൾക്കുമ്പോൾ മിക്ക കുട്ടികളും പേടി കാരണം അവസാനം ആത്മഹത്യ ചെയ്യുന്നു. അത് കൊണ്ട്,  രക്ഷിതാക്കൾ പ്രധാനമായി കുട്ടികളുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ് മനസിലാക്കുകയാണ് വേണ്ടത്. കുട്ടികളെ എപ്പോഴും സപ്പോർട്ട് ചെയ്യുന്നതും ധെെര്യം കൊടുക്കുന്ന രക്ഷിതാക്കളും ആകാനാണ് ശ്രമിക്കേണ്ടത്....''

പ്രിയ വര്‍ഗീസ്,
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, റാന്നി

സംസ്ഥാനത്തെ ആദ്യ വനിത എക്സൈസ് ഇന്‍സ്പെക്ടര്‍ ചുമതലയേറ്റു...