Asianet News MalayalamAsianet News Malayalam

Skin Care: ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാന്‍ വീട്ടില്‍ തയ്യാറാക്കാം ഈ അഞ്ച് ഫേസ് പാക്കുകള്‍...

പ്രായം കൂടുന്നതനുസരിച്ച് ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ചര്‍മ്മത്തില്‍ ഉണ്ടാകും, അത് സ്വാഭാവികമാണ്. പ്രായത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചെറിയ ചില കാര്യങ്ങൾ ചെയ്താൽ മാത്രം മതി.

remedies to get rid of wrinkles
Author
Thiruvananthapuram, First Published Aug 25, 2022, 8:59 AM IST

പ്രായമാകുമ്പോള്‍ മിക്കവരിലും കണ്ടുവരുന്ന പ്രശ്നമാണ് മുഖത്തെ ചുളിവുകളും കറുത്ത പാടുകളും. പ്രായം കൂടുന്നതനുസരിച്ച് ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ചര്‍മ്മത്തില്‍ ഉണ്ടാകും, അത് സ്വാഭാവികമാണ്. പ്രായത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചെറിയ ചില കാര്യങ്ങൾ ചെയ്താൽ മാത്രം മതി.

ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാന്‍  വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം...

ഒന്ന്...

ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാർവാഴ എന്ന് എല്ലാവര്‍ക്കും അറിയാം. മുഖത്തെ ചുളിവുകളും പാടുകളും അകറ്റാൻ കറ്റാർവാഴ ജെല്‍ മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ഇതിനായി ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ടീസ്പൂൺ വെള്ളരിക്ക നീരും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം.  അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. ചര്‍മ്മം തിളങ്ങാന്‍ ഈ പാക്ക് സഹായിക്കും.

രണ്ട്...

രണ്ട് ടീസ്പൂണ്‍ കടലമാവിലേയ്ക്ക് ഒരു ടീസ്പൂണ്‍ വീതം ഓട്‌സ്, തൈര് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഇനി ഈ മിശ്രിതത്തിലേയ്ക്ക് ഒരു ടീസ്പൂൺ തേനും ഒരു ടീസ്പൂൺ മഞ്ഞളും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി സ്‌ക്രബ് ചെയ്യാം. 20 മിനിറ്റിന് ശേഷം കഴുകിക്കളയം. 

മൂന്ന്...

പപ്പായയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എയും പപ്പൈന്‍ എന്‍സൈമും മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കും. അതുപോലെ തന്നെ പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്‍റിഓക്സിഡന്‍റ് ചര്‍മ്മത്തിലെ ചുളിവുകളെ തടയുന്നു. പപ്പായ ഫേസ് പാക്ക് തയ്യാറാക്കാനായി ആദ്യം വിളഞ്ഞ പപ്പായ നാലായി മുറിച്ചതിന് ശേഷം അതില്‍ നിന്ന് ഒരു ഭാഗം എടുക്കുക. ശേഷം ഒരു ടീസ്പൂണ്‍ തേനും അര ടീസ്പൂണ്‍ നാരങ്ങാ നീരും പപ്പായയും ചേര്‍ത്ത് മിശ്രിതമാക്കുക. ഇത് മുഖത്ത് പുരട്ടി 30 മിനിറ്റിന് ശേഷം കഴുകി കളയാം. 

നാല്...

മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ കോഫി സഹായിക്കും. കോഫിയിലിടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും സഹായിക്കും. ഇതിനായി കോഫി വെളിച്ചെണ്ണയിലോ ഒലീവ് ഓയിലിലോ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

അഞ്ച്...

ഒരു ടീസ്പൂണ്‍ മാമ്പഴ പൾപ്പ്, രണ്ട് ടീസ്പൂണ്‍ കടല മാവ്, രണ്ട് ടീസ്പൂൺ ബദാം പൊടിച്ചത്, ഒരു ടീസ്പൂൺ തേൻ എന്നിവ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. മുഖത്തെ പാടുകള്‍, കരുവാളിപ്പ് എന്നിവ മാറാനും ചര്‍മ്മം തിളങ്ങാനും ഇത് സഹായിക്കും. 

Also Read: മുഖത്ത് ചെറുനാരങ്ങ തേക്കുന്നത് അപകടമാണോ? മുഖത്ത് ഇടാൻ പാടില്ലാത്ത 5 സാധനങ്ങള്‍

Follow Us:
Download App:
  • android
  • ios