വിവാഹിതരുടെ എണ്ണത്തിലുള്ള കുറവ് 2013ല്‍ 9.9 ായിരുന്നെങ്കില്‍ 2018 ആയപ്പോഴേക്ക് അത് 7.2 ആയിട്ടാണ് കുറഞ്ഞിരിക്കുന്നത്. ചെറുപ്പക്കാരുടെ ചിന്താഗതികളില്‍ വരുന്ന മാറ്റമാണ് ഇത് സൂചിപ്പിക്കുന്നതെന്ന് വിദഗ്ധര്‍ വിലയിരുത്തി

ബെയ്ജിംഗ്: ചൈനയില്‍ വിവാഹിതരുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വന്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍തലത്തില്‍ വര്‍ഷാവര്‍ഷം നടക്കുന്ന കണക്കെടുപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

വിവാഹിതരുടെ എണ്ണത്തിലുള്ള കുറവ് 2013ല്‍ 9.9 ായിരുന്നെങ്കില്‍ 2018 ആയപ്പോഴേക്ക് അത് 7.2 ആയിട്ടാണ് കുറഞ്ഞിരിക്കുന്നത്. ചെറുപ്പക്കാരുടെ ചിന്താഗതികളില്‍ വരുന്ന മാറ്റമാണ് ഇത് സൂചിപ്പിക്കുന്നതെന്ന് വിദഗ്ധര്‍ വിലയിരുത്തി. 

വിവാഹം പരമാവധി നീട്ടിവയ്ക്കുകയോ, വേണ്ടെന്ന് വയ്ക്കുകയോ ചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വര്‍ധിച്ചുവരുന്ന ജീവിതച്ചെലവുകളും വിദ്യാഭ്യാസച്ചെലവുകളും ചെറുപ്പക്കാരെ വിവാഹത്തില്‍ നിന്നും കുട്ടികളടങ്ങുന്ന കുടുംബജീവിതത്തില്‍ നിന്നും പിന്തിരിപ്പിക്കുകയാണെന്നും സാമൂഹ്യനീരീക്ഷകര്‍ വിലയിരുത്തുന്നു. 

'1980-90 കാലഘട്ടങ്ങളില്‍ ജനിച്ചവര്‍ക്കിടയിലാണ് ചിന്താപരമായ ഈ മാറ്റം വലിയ തോതിലുള്ളത്. അവരില്‍ മിക്കവാറും പേരും വിവാഹം വേണ്ടെന്ന് വയ്ക്കാനുള്ള തീരുമാനത്തില്‍ എത്തിച്ചേരുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.'- പെയ്ക്കിംഗ് യൂണിവേഴ്‌സിറ്റിയില്‍ സോഷ്യോളജി അധ്യാപകനായ ലൂ ജ്യേഹ്വ പറയുന്നു. 

ഈ പ്രവണത കൂടുതലും കാണുന്നത് കൂടുതല്‍ പുരോഗമനങ്ങള്‍ എത്തിയ ഇടങ്ങളിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഓരോ സ്ഥലങ്ങളിലും ഇതിലെ അനുപാതങ്ങള്‍ വ്യത്യസ്തമാണത്രേ.