'മരങ്ങള്‍ക്ക് വേദനയുണ്ട്, പേടിയുണ്ട്. അങ്ങനെ എല്ലാ തരം വികാരങ്ങളുമുണ്ട്. അടുത്തടുത്ത് നില്‍ക്കാനും പരസ്പരം കെട്ടിപ്പുണരാനും അവര്‍ ആഗ്രഹിക്കാറുണ്ട്. മരങ്ങള്‍ക്കിടയില്‍ അത്തരത്തിലൊരു സൗഹൃദബന്ധം പോലുമുണ്ട്...'

മരങ്ങളെയും കാടിനെയും അളവറ്റ് സ്‌നേഹിക്കുന്നവരൊക്കെയും പറയാറുണ്ട്, മരങ്ങള്‍ക്ക് ജീവനുണ്ടെന്ന്. അവര്‍ ശ്വസിക്കുകയും സംസാരിക്കുകയുമെല്ലാം ചെയ്യുന്നുണ്ടെന്ന്. എന്നാല്‍ ശാസ്ത്രീയമായി ഇതിന് വല്ല അടിത്തറയുമുണ്ടോ?

മരങ്ങള്‍ ശ്വസിക്കുന്നുണ്ടെന്ന് നമ്മള്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ പഠിച്ചിട്ടുണ്ട്. ഈ ശ്വസനപ്രക്രിയയിലുമധികം ജീവന്റെ തെളിവുകള്‍ മരങ്ങളില്‍ ഒളിച്ചുകിടപ്പുണ്ടെന്നാണ് ജര്‍മ്മന്‍ ഗവേഷകനായ പീറ്റര്‍ വോള്‍ബെന്‍ തന്റെ പഠനങ്ങളിലൂടെ അവകാശപ്പെടുന്നത്. 

വൃക്ഷങ്ങളെ ജീവനെപ്പോലെ സ്‌നേഹിക്കുന്നയാളാണ് പീറ്റര്‍. വൃക്ഷങ്ങളെ സ്‌നേഹിക്കുക മാത്രമല്ല, അവരെ പഠിക്കാനും ചെറുതല്ലാത്ത നിരവധി ശ്രമങ്ങള്‍ പീറ്റര്‍ നടത്തിയിട്ടുണ്ട്. കൊളംബിയക്കാരിയായ പരിസ്ഥിതിപ്രവര്‍ത്തക സൂസന്‍ സിമ്രാഡിനൊപ്പം ചേര്‍ന്ന് പീറ്റര്‍ ചെയ്ത 'ഇന്റലിജന്റ് ട്രീസ്' എന്ന ഡോക്യുമെന്ററിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മരങ്ങള്‍ക്ക് മനുഷ്യരെപ്പോലെ തന്നെ വികാരങ്ങളുണ്ടെന്നും അവയെ പ്രകടിപ്പിക്കാന്‍ മരങ്ങള്‍ ശ്രമിക്കാറുണ്ടെന്നുമാണ് പീറ്ററിന്റെ കണ്ടെത്തല്‍. 

'മരങ്ങള്‍ക്ക് വേദനയുണ്ട്, പേടിയുണ്ട്. അങ്ങനെ എല്ലാ തരം വികാരങ്ങളുമുണ്ട്. അടുത്തടുത്ത് നില്‍ക്കാനും പരസ്പരം കെട്ടിപ്പുണരാനും അവര്‍ ആഗ്രഹിക്കാറുണ്ട്. മരങ്ങള്‍ക്കിടയില്‍ അത്തരത്തിലൊരു സൗഹൃദബന്ധം പോലുമുണ്ട്. വൃദ്ധരായ ദമ്പതികളെപ്പോലെ തമ്മില്‍ വലിയ ആത്മബന്ധം സൂക്ഷിക്കുന്നവര്‍ മരങ്ങള്‍ക്കിടയിലുമുണ്ട്. ഒരാള്‍ മറ്റൊരാളെ നോക്കുന്നു, പരിപാലിക്കുന്നു... അങ്ങനെയെല്ലാം...' -പീറ്റര്‍ പറയുന്നു. 

വേരുകളിലൂടെ ഈ കൈമാറ്റം ഫലപ്രദമായി നടക്കുന്നുവെന്നാണ് പീറ്ററിന്റെ വാദം. ഈ വാദങ്ങളെയെല്ലാം ശരിവയ്ക്കുകയാണ് ഡെന്മാര്‍ക്കുകാരനായ ഡോ. ആന്‍ഡ്രാസ് സ്ലിന്‍സ്‌കി. വേരുകള്‍ മാത്രമല്ല, ശിഖിരങ്ങളും ജീവന്റെ തെളിവുകളെ ഉയര്‍ത്തിക്കാട്ടുന്നുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. 

രാത്രിയില്‍ മണിക്കൂറുകളെടുത്ത് ചില മരങ്ങള്‍ അവയുടെ ശിഖിരങ്ങളുടെ സ്ഥാനങ്ങള്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നുണ്ടത്രേ. വെള്ളവും ഷുഗറും കൈമാറുന്നതിന്റെ ഭാഗമായാണത്രേ സെന്റിമീറ്ററുകള്‍ മാത്രം വ്യത്യാസം വരുന്ന ഈ സ്ഥാനമാറ്റം നടക്കുന്നത്. മനുഷ്യരിലെ ഹൃദയമിടിപ്പിന് സമാനമാണ് ഈ പ്രക്രിയയെന്നാണ് ഡോ. ആന്‍ഡ്രാസ് അഭിപ്രായപ്പെടുന്നത്.