പ്രകൃതിവിഭവങ്ങളിലെ വൈവിധ്യങ്ങളെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ല. ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കുമെല്ലാം അനുസരിച്ച് ഓരോയിടങ്ങളിലും കാണപ്പെടുന്ന ജൈവ സാന്നിധ്യങ്ങള്‍ എപ്പോഴും മനുഷ്യരില്‍ കൗതുകമുണര്‍ത്താറുണ്ട്. 

അത്തരമൊരു കണ്ടെത്തലിനെ കുറിച്ചുള്ള വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നത്. 'തിളങ്ങുന്ന കൂണ്‍' എന്ന് വിളിക്കപ്പെടുന്ന അപൂര്‍വ്വയിനത്തില്‍ പെട്ട കൂണ്‍ ആണ് ഗവേഷകര്‍ മേഘാലയയിലെ 'ഈസ്റ്റ് കാസി' മലനിരകളില്‍ കണ്ടെത്തിയിരിക്കുന്നത്. 

പ്രാദേശികമായി, ആളുകള്‍ക്ക് ഈ 'തിളങ്ങുന്ന കൂണ്‍'നെ കുറിച്ച് നേരത്തേ തന്നെ അറിയാം. എന്നാല്‍ ഔദ്യോഗികമായി ഗവേഷകരാല്‍ രേഖപ്പെടുത്തപ്പെടുന്നതും ഡോക്യുമെന്റ് ചെയ്യപ്പെടുന്നതും ഇന്ത്യയില്‍ ഇത് ആദ്യമായാണ്. സ്വയം വെളിച്ചം പുറത്തുവിടാന്‍ കഴിയുന്ന ചെറുജീവികളില്‍ നിന്നാണത്രേ ഈ പ്രത്യേകതരം കൂണുകള്‍ ഉണ്ടായിവരുന്നത്. 

ഇത്തരത്തില്‍ സ്വന്തമായി വെളിച്ചമുത്പാദിപ്പിക്കാന്‍ കഴിയുന്ന സൂക്ഷ്മജീവികതള്‍ സാധാരണഗതിയില്‍ കടലിനടിയിലാണ് കാണപ്പെടുകയെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഇവ കരകളിലും വളരുന്നു. ഇക്കൂട്ടത്തിലുള്ളവയില്‍ നിന്നാണ് തിളങ്ങുന്ന കൂണുകള്‍ ഉണ്ടായിവരുന്നതത്രേ. 

എത്രമാത്രം രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്നു എന്നതിന് അനുസരിച്ചരിക്കും കൂണുകളിലെ വെളിച്ചത്തിന്റെ തീവ്രത. രാത്രിയില്‍ പരിപൂര്‍ണ്ണമായ ഇരുട്ടില്‍ മാത്രമാണ് ഇവയുടെ തിളക്കം അനുഭവിക്കാനാവുക. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ഗവേഷകരുടെ സംഘം ഈ കൂണുകളെ കുറിച്ച് മനോഹരമായ ഡോക്യുമെന്ററിയും തയ്യാറാക്കിയിട്ടുണ്ട്. 

 

 

Also Read:- ശരീരഭാരം കുറയ്ക്കാന്‍ കൂണ്‍; അറിയാം മറ്റ് ഗുണങ്ങള്‍...