ഭംഗിയായി വെട്ടിയൊതുക്കിയ താടി, നീട്ടി കൂര്‍പ്പിച്ചെടുത്ത താടി, ചുരുട്ടിക്കെട്ടി വച്ച താടി.. അങ്ങനെ താടിയില്‍ പരീക്ഷണം നടത്താന്‍ ഇഷ്ടമുള്ളവരാണോ നിങ്ങള്‍? താടി വടിക്കാതെ, അത് സൗന്ദര്യത്തിന്റെ അടയാളമായി കൊണ്ടുനടക്കാനിഷ്ടമുള്ളവരാണോ? എങ്കില്‍ തീര്‍ച്ചയായും ഈ പഠനത്തെക്കുറിച്ച് അറിഞ്ഞിരിക്കണം. 

സ്ഥിരമായി താടി വളര്‍ത്തുന്നവരില്‍ നായ്ക്കളില്‍ കാണുന്ന ഒരിനം അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ടോയെന്ന പഠനത്തിലായിരുന്നു സ്വിറ്റ്‌സര്‍ലണ്ടില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍. എന്നാല്‍ ഇതിനിടയിലാണ് ഞെട്ടിക്കുന്ന മറ്റൊരു വസ്തുത അവര്‍ കണ്ടെത്തിയത്.

അതായത് താടി വളര്‍ത്തുന്ന മിക്കവാറും ആളുകളില്‍ നായ്ക്കളില്‍ കാണുന്നതിനേക്കാള്‍ അധികം ബാക്ടീരീയ ഉണ്ടാകുന്നുവെന്നായിരുന്നു ആ കണ്ടെത്തല്‍. ചിലരില്‍ ഈ ബാകീടിരിയകളുടെ എണ്ണം വലി തോതിലുണ്ടെന്നും ഇവര്‍ക്ക് ഭാവിയില്‍ ഇതുമൂലം അസുഖമുണ്ടാകാന്‍ സാധ്യതയുണ്ടെന്നുമാണ് ഗവേഷകര്‍ പറയുന്നത്. 

18 മുതല്‍ 75 വയസ് വരെ പ്രായമുള്ള പുരുഷന്മാരും ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. താടി വളര്‍ത്തുന്നവര്‍ അത് എപ്പോഴും വൃത്തിയായി കൊണ്ടുനടക്കണമെന്നും, ഇതിന് ഡെര്‍മറ്റോളജിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ പ്രത്യേക നിര്‍ദേശങ്ങള്‍ ആവശ്യമെങ്കില്‍ തേടണമെന്നും ഇവര്‍ പറയുന്നു.