Asianet News MalayalamAsianet News Malayalam

കാറോടിക്കുന്ന എലികള്‍; മനുഷ്യരേക്കാള്‍ കേമന്മാരെന്ന് ശാസ്ത്രജ്ഞര്‍...

കാര്‍ട്ടൂണുകളിലും ഗ്രാഫിക്കല്‍ സിനിമകളിലുമൊക്കെ കാറും ബൈക്കുമെല്ലാം ചുമ്മാ ഓടിച്ചുപോകുന്ന എലികളെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ എലികള്‍ വാഹനമോടിക്കുമെന്ന് നമ്മളെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതെല്ലാം മനുഷ്യര്‍ക്ക് പറഞ്ഞിട്ടുള്ള കാര്യങ്ങളല്ലേ, മൃഗങ്ങളെക്കൊണ്ട് അത്തരം സംഗതികളൊക്കെ ചെയ്യാനൊക്കുമോ എന്നാണ് നമ്മളെപ്പോഴും കരുതുന്നത്
 

researchers found that rats can drive a car
Author
Virginia, First Published Oct 25, 2019, 12:41 PM IST

കാര്‍ട്ടൂണുകളിലും ഗ്രാഫിക്കല്‍ സിനിമകളിലുമൊക്കെ കാറും ബൈക്കുമെല്ലാം ചുമ്മാ ഓടിച്ചുപോകുന്ന എലികളെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ എലികള്‍ വാഹനമോടിക്കുമെന്ന് നമ്മളെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 

അതെല്ലാം മനുഷ്യര്‍ക്ക് പറഞ്ഞിട്ടുള്ള കാര്യങ്ങളല്ലേ, മൃഗങ്ങളെക്കൊണ്ട് അത്തരം സംഗതികളൊക്കെ ചെയ്യാനൊക്കുമോ എന്നാണ് നമ്മളെപ്പോഴും കരുതുന്നത്. എന്നാല്‍ ഇനിയും അങ്ങനെ ചിന്തിച്ചുതള്ളാന്‍ വരട്ടേ, ഇതാ 'റിയല്‍ ലൈഫി'ല്‍ എലികള്‍ കാറോടിച്ചിരിക്കുന്നു. 

തങ്ങള്‍ക്ക് പാകമാകുന്ന കുഞ്ഞുകാറുകളില്‍, തനിയെ ഡോര്‍ തുറന്നുകയറി, സ്റ്റിയറിംഗ് പിടിച്ചും ബാലന്‍സ് ചെയ്തും സുന്ദരമായി എലികള്‍ കാറോടിച്ച് പോകുന്ന ആ രംഗം ഒന്നോര്‍ത്തുനോക്കൂ, സിനിമ പോലെ തോന്നുന്നു അല്ലേ? 

വെര്‍ജീനിയയിലെ റിച്ച്മണ്ട് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരുകൂട്ടം ശാസ്ത്രജ്ഞരാണ് ഈ അമ്പരപ്പിക്കുന്ന കണ്ടെത്തലിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. എലികള്‍ക്ക് പാകമാകുന്ന കുഞ്ഞ് മോട്ടോര്‍ കാറുകള്‍ അവര്‍ രൂപകല്‍പന ചെയ്തു. തുടര്‍ന്ന് അവരെ അത് ഡ്രൈവ് ചെയ്യാന്‍ പരിശീലിപ്പിച്ചു. വളരെയധികം ബുദ്ധിശക്തിയുള്ള ജീവിവര്‍ഗമാണ് എലികള്‍ എന്ന് കണ്ടെത്തിയ പല പഠനങ്ങളുടേയും അടിസ്ഥാനത്തിലാണ് ശാസ്ത്രജ്ഞര്‍ ഇത്തരമൊരു പരിശ്രമത്തിന് മുതിര്‍ന്നത്. 

എന്നാല്‍ അവരെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ആറ് പെണ്‍ എലികളും 11 ആണ്‍ എലികളും കാര്‍ ഡ്രൈവിംഗ് ലളിതമായി സ്വായത്തമാക്കി. ഡ്രൈവിംഗ് എളുപ്പത്തില്‍ പഠിച്ചെടുത്തു എന്ന് മാത്രമല്ല, അതില്‍ അവര്‍ അളവിലധികം സന്തോഷിക്കുന്നു എന്ന് കൂടി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. അതായത്, ഒരു ഡ്രൈവിന് ശേഷം എലിയില്‍ കാണുന്ന ഹോര്‍മോണ്‍ നിലയിലുള്ള വ്യത്യാസത്തെ അടിസ്ഥാനപ്പെടുത്തിയാണ് ശാസ്ത്രജ്ഞര്‍ ഇക്കാര്യം വിശദീകരിക്കുന്നത്. 

'വളരെ ബുദ്ധിമുട്ടുള്ള ഒരു ടാസ്‌ക് പഠിച്ചുകഴിയുമ്പോള്‍ എലികള്‍ വളരെയധികം സന്തോഷിക്കുന്നതായാണ് കാണപ്പെടുന്നത്. അതായത് പുതിയൊരു ജോലി, അല്ലെങ്കില്‍ കഴിവ് സ്വായത്തമാക്കുന്നതിലൂടെ അവര്‍ ആവേശം കൊള്ളുന്നു. അവരുടെ ബുദ്ധിശക്തി നമ്മള്‍ മനസിലാക്കുന്നതിനേക്കാളൊക്കെ മുകളിലാണ് എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്..'- പഠനസംഘാംഗവും റിച്ചമണ്ട് യൂണിവേഴ്്‌സിറ്റി സൈക്കോളജി വിഭാഗം ഗവേഷകയുമായ കെല്ലി ലംബേര്‍ട്ട് പറയുന്നു. 

എലികള്‍ മനുഷ്യരുമായി താരതമ്യപ്പെടുത്താവുന്ന വിധത്തില്‍ സാമൂഹിക മൂല്യങ്ങളും സാമൂഹിക താല്‍പര്യങ്ങളുമുള്ള ജീവികളാണെന്ന് മുമ്പ് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. കുടുംബം, ബന്ധങ്ങള്‍ എന്നിവയ്‌ക്കെല്ലാം വലിയ സ്ഥാനങ്ങള്‍ നല്‍കുന്നവരാണത്രേ എലികള്‍. തങ്ങള്‍ താമസിക്കുന്ന വീട്ടിലെ മനുഷ്യരോട് വരെ വലിയ അളവില്‍ സ്‌നേഹവും കൂറും പുലര്‍ത്തുന്നവരാണ് എലികളെന്നും പഠനങ്ങള്‍ പറഞ്ഞുവച്ചിട്ടുണ്ട്. ഈ കണ്ടെത്തലുകളെയെല്ലാം സാധൂകരിക്കുന്നതാണ് എലികള്‍ക്ക് കാറോടിക്കാനാകുമെന്ന പുതിയ കണ്ടെത്തലും.

Follow Us:
Download App:
  • android
  • ios