മലയാള കുടുംബപ്രേക്ഷകരുടെ ഇഷ്ടനടിയാണ് രശ്മി സോമന്‍. ലോക്​ഡൗണിൽ സിനിമയുടെയും സീരിയലിന്‍റെയും മറ്റും ചിത്രീകരണം നിർത്തിവച്ചതിനാൽ  തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുടെ മുന്‍പില്‍ എത്തുകയാണ് രശ്മി. നിരവധി റെസിപ്പികളും സൗന്ദര്യപരിപാലന ടിപ്‌സുമൊക്കെ രശ്മി ഇതിലൂടെ പങ്കുവയ്ക്കാറുണ്ട്. 

രശ്മിയുടെ മനോഹരമായ തലമുടി പണ്ടുമുതലേ ആരാധകര്‍ക്ക് ഇടയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ തലമുടി സംരക്ഷണത്തിന് ചില  ടിപ്‌സുമായി എത്തിയിരിക്കുകയാണ് താരം. 

 

ഭൂരിഭാഗം പേരും നേരിടുന്ന പ്രധാന പ്രശ്‌നമാണ് താരന്‍. പല കാരണങ്ങൾ കൊണ്ട് താരൻ ഉണ്ടാകാം. മുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ഗൗരവമായി കാണുന്നത്. ചില മുൻകരുതലുകൾ സ്വീകരിച്ചാൽ  താരനെ തടയാനാകും. 

താരന്‍ അകറ്റാനുള്ള നാടന്‍ വഴിയാണ് രശ്മി തന്‍റെ വീഡിയോയിലൂടെ പറയുന്നത്.   നാരങ്ങയും വെളിച്ചെണ്ണയും മുട്ടയും ഉപയോഗിച്ചാണ് രശ്മി തന്‍റെ തലമുടിയെ പരിപാലിക്കുന്നത്.  അതിനായി ആദ്യം ആവശ്യത്തിനുള്ള വെളിച്ചെണ്ണ എടുത്ത് അല്‍പം ചൂടാക്കി അതിലേക്ക് അരക്കഷ്ണം നാരങ്ങയുടെ നീര് ചേര്‍ക്കുക. ഇനി ചീപ്പുപയോഗിച്ച് തലമുടി ചീവി താരനെ ഒന്നിളക്കി കൊടുത്തതിനുശേഷം ഈ മിശ്രിതം പുരട്ടാനാണ് രശ്മി പറയുന്നത്.

കോട്ടണ്‍ തുണി ഈ മിശ്രിതത്തില്‍ മുക്കി തലയില്‍ നന്നായി പിടിപ്പിക്കുക. എല്ലാ ഭാഗത്തും നന്നായി പിടിപ്പിച്ചതിനു ശേഷം ബാക്കി മുടിയുടെ അറ്റത്തും നന്നായി തേക്കുക. ശേഷം കൈവിരലുകളുപയോഗിച്ച് നന്നായി മസാജ് ചെയ്യുക. ആഴ്ചയില്‍ ഒന്നോ രണ്ടോ വട്ടം ഇപ്രകാരം ചെയ്യുന്നത് താരന്‍ അകറ്റാന്‍ സഹായിക്കുമെന്നാണ് രശ്മി പറയുന്നത്. ശേഷം മുട്ടയുടെ വെള്ളയെടുത്ത് അതും തലയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിനുശേഷം ഷാംപൂ ചെയ്യുന്നത് നല്ലതാണെന്നും രശ്മി നിര്‍ദ്ദേശിക്കുന്നു.

 

താരനകറ്റാൻ മറ്റ് പ്രകൃദത്ത മാർഗങ്ങൾ...

മൂന്ന് ദിവസത്തിലേറെ പഴക്കമുള്ള പുളിച്ച തൈര് അൽപ്പം ഉപ്പും ചേർത്ത് തലയിൽ തിരുമ്മുക. ഒരു മണിക്കൂറിനുശേഷം കഴുകിക്കളയാം. ഉലുവ അരച്ച് മുട്ടയുടെ വെള്ളയും ഒരു ടീസ്‌പൂൺ നാരങ്ങാനീരുമായി കൂട്ടിക്കലർത്തി തലയിൽ പുരട്ടി പതിനഞ്ച് മിനിറ്റുകഴിഞ്ഞു കഴുകിക്കളയുക. ഈ രണ്ട് മാർഗങ്ങളും ഇടയ്‌ക്കിടെ ചെയ്യുന്നത് താരന്‍ അകറ്റാന്‍ സഹായിക്കും. അതുപോലെ തന്നെ , കറ്റാര്‍വാഴയുടെ നീര് മുടിവളരാനും താരന്‍ മാറാനും ഏറെ സഹായകരമാകും. 

Also Read: താരൻ അകറ്റാൻ ഇതാ നാല് ടിപ്സ്...