ലോക്ഡൗണ്‍ കാലത്ത് വിജനമായ നഗരങ്ങളില്‍ മൃഗങ്ങള്‍ സൈ്വര്യമായി വിഹരിക്കുന്നതിന്റെ വീഡിയോകള്‍ നാം കണ്ടതാണ്. എന്നാല്‍ തിരക്കുള്ള തെരുവീഥികളിലാണ് ഇത്തരത്തില്‍ മൃഗങ്ങള്‍ സ്വതന്ത്രരായി ഇറങ്ങിനടന്നിരുന്നതെങ്കിലോ! 

ട്രാഫിക് ബ്ലോക്കുള്‍പ്പെടെ നഗരം തന്നെ സ്തംഭിച്ചുപോകുന്ന അവസ്ഥയുണ്ടാകുമായിരുന്നു, അല്ലേ? അതെ അത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസം തുര്‍ക്കിയില്‍ നടന്നത്. 

എങ്ങനെയോ കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട ആട്ടിന്‍ കൂട്ടം നഗരമാകെ നടന്ന് പരിഭ്രാന്തി സൃഷ്ടിച്ചു. ആടുകളെ എന്താണ് ഇത്രമാത്രം പേടിക്കാനുള്ളത് എന്ന് ചിന്തിക്കുകയാണോ! എങ്കില്‍ ഈ വീഡിയോ ഒന്ന് കണ്ട് നോക്കിയാല്‍ മാത്രം മതി. 

 


ഇങ്ങനെ കണ്ണില്‍ക്കണ്ടവരെയെല്ലാം കൊമ്പ് വച്ച് ആക്രമിച്ചും, ദേഹത്തേക്ക് വലിഞ്ഞുകയറിയും, ഇടിച്ചുമെല്ലാം ആടുകള്‍ വളരെയധികം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുവത്രേ. ട്രാഫിക് സിഗ്നലുകളിലുണ്ടാക്കിയ പ്രശ്‌നങ്ങള്‍ വേറെയും. കൂട്ടത്തില്‍ അസാധാരണമായ വലിപ്പവും ശക്തിയുമുള്ള ഒരു മുട്ടനാടുണ്ടായിരുന്നു. ഇവനാണ് വയ്യാവേലികളേറെയും ഉണ്ടാക്കിയത്.

ഇതിന്റെയെല്ലാം സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഒടുവില്‍ അലഞ്ഞുനടക്കുന്ന മൃഗങ്ങളെ പിടിച്ചേല്‍പിക്കുന്ന ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് ജീവനക്കാരെത്തിയാണ് പണിപ്പെട്ട് ഇവയെ ഒതുക്കിയത്. പിന്നീട് ഇവയെ ഉടമസ്ഥനെ കണ്ടെത്തി അദ്ദേഹത്തെ ഏല്‍പിക്കുകയും ചെയ്തത്രേ. 

വീഡിയോ കാണുമ്പോഴും ഈ വാര്‍ത്ത കേള്‍ക്കുമ്പോഴുമെല്ലാം മിക്കവരിലും കൗതുകമാണുണ്ടാവുക. എന്നാല്‍ നേരിട്ട് അനുഭവിക്കുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഭയന്നുപോയി എന്നാണ് ആടുകളുടെ അതിക്രമത്തിന് ഇരയായ കാല്‍നടയാത്രക്കാര്‍ പറയുന്നത്. തുര്‍ക്കിയിലെ പ്രാദേശിക മാധ്യമങ്ങളാണ് ആദ്യമായി ഇവരുടെ പ്രതികരണം തേടിയത്. വീഡിയോകള്‍ വൈറലായതോടെ പിന്നീട് ഇവരുടെ അനുഭവകഥകളും കൂടുതലായി പ്രചരിക്കുകയായിരുന്നു.

Also Read:- ഗോൾഫ് കളിക്കിടെ ബോൾ വീണത് കൂറ്റൻ ചീങ്കണ്ണിയുടെ വാലില്‍; പിന്നീട് സംഭവിച്ചത്...