നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തോടെയാണ് സുശാന്തിന്റെ സുഹൃത്തും നടിയുമായ റിയ ചക്രബര്‍ത്തി വിവാദങ്ങളിലകപ്പെടുന്നത്. സുശാന്തിന്റെ മരണത്തില്‍ റിയയ്ക്ക് പങ്കുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങള്‍ക്ക് പുറമെ ലഹരിമരുന്ന് കേസിലും റിയ അകപ്പെട്ടു. 

ദിവസങ്ങളോളം വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന റിയ പക്ഷേ, അഭിമുഖങ്ങളോടും മാധ്യമങ്ങളുടെ ചോദ്യങ്ങളോടും മുഖം തിരിച്ചുനിന്നു. ഇതിനിടെ റിയ ധരിച്ച ഒരു ടീ-ഷര്‍ട്ട് സമൂഹമാധ്യമങ്ങളിലും മറ്റും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

'റോസസ് ആര്‍ റെഡ്, വയലറ്റ്‌സ് ആര്‍ ബ്ലൂ, ലെറ്റ്‌സ് സ്മാഷ് പാട്രിയാര്‍ക്കി, മീ ആന്റ് യൂ' എന്നായിരുന്നു ആ ടീ-ഷര്‍ട്ടില്‍ എഴുതപ്പെട്ടിരുന്ന വാചകം. റിയയ്ക്ക് ലോകത്തോട് പറയാനുള്ള കാര്യങ്ങളായിരുന്നു അതെന്നാണ് അന്ന് വ്യാഖ്യാനിക്കപ്പെട്ടത്. പുരുഷകേന്ദ്രീകൃത വ്യവസ്ഥിതിയോട് നമുക്കൊന്നിച്ച് കലഹിക്കാമെന്ന ഈ സന്ദേശം പിന്നീട് വ്യാപകമായി ഏറ്റെടുക്കപ്പെട്ടു. 

ട്വിറ്ററുള്‍പ്പെടെ പല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും റിയയ്ക്ക് പിന്തുണയുമായി ഈ വാചകം, ഹാഷ്ടാഗോട് കൂടി പലരും പങ്കുവച്ചു. ഇപ്പോഴിതാ വീണ്ടും ഫാഷന്‍ സ്റ്റേറ്റ്‌മെന്റിലൂടെ ശ്രദ്ധേയയാവുകയാണ് റിയ. 

ലഹരിമരുന്ന് കേസില്‍ ജാമ്യം അനുവദിക്കപ്പെട്ട് ഏറെ നാളിന് ശേഷമാണ് വീടിന് പുറത്ത് റിയയെ കാണുന്നത്. 'ലവ് ഈസ് പവര്‍' എന്ന് രേഖപ്പെടുത്തിയ പിങ്ക് ടീ-ഷര്‍ട്ടാണ് ഇക്കുറി റിയ ധരിച്ചത്. വീണ്ടും അതിശക്തമായ സന്ദേശമാണ് റിയ നല്‍കുന്നതെന്നാണ് അവരെ പിന്തുണയ്ക്കുന്നവര്‍ വാദിക്കുന്നത്. 

താന്‍ നേരിട്ട കയ്‌പേറിയ അനുഭവങ്ങളെയെല്ലാം സ്‌നേഹത്തിലൂടെ റിയ അതിജീവിക്കുകയാണെന്നാണ് ഈ സ്റ്റേറ്റ്‌മെന്റ് സൂചിപ്പിക്കുന്നതെന്ന് ആരാധകര്‍ അവകാശപ്പെടുന്നു. ഒപ്പം റിയ എത്രയും വേഗം സിനിമാലോകത്തേക്ക് മടങ്ങിവരട്ടേയെന്നും ഇവര്‍ ആശംസിക്കുന്നു. വസ്ത്രത്തിലൂടെ ലോകത്തോട് സംവദിക്കുന്ന രീതി ഇതിന് മുമ്പ് പല സെലിബ്രിറ്റികളും അവലംബിച്ചിട്ടുണ്ട്. പറയാനുള്ള കാര്യങ്ങള്‍ വളരെ എളുപ്പത്തില്‍ അവതരിപ്പിക്കാന്‍ ഇതിലും മികച്ച മാര്‍ഗങ്ങളില്ല എന്ന് തന്നെയാണ് ഫാഷന്‍ പ്രേമികളും അഭിപ്രായപ്പെടുന്നത്.

Also Read:- ലഹരിമരുന്ന് കേസ്; നടി റിയ ചക്രബര്‍ത്തിക്ക് ജാമ്യം, തെളിവുകളില്ലെന്ന് കോടതി, സഹോദരന് ജാമ്യമില്ല...