മലയാളത്തിന്‍റെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. മീശമാധവനിലെ 'ചിങ്ങമാസം' എന്ന ഗാനം ക്ലിക്കായതോടെ റിമിയുടെ ജീവിതവും മാറി മറിയുകയായിരുന്നു. ഇടയ്ക്ക് അഭിനയത്തിലും ഒരുകൈ നോക്കി. സ്റ്റേജ് പരിപാടികളിലും മറ്റുമൊക്കെയായി സജീവമാണ് റിമി. അവതാരകയായും തിളങ്ങുന്ന റിമിക്ക് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. 

ലോക്ക്ഡൗണായതില്‍ പിന്നെ, ടിവിഷോകളിലും സ്റ്റേജ് ഷോകളിലുമൊന്നും ഇല്ലാത്തതിനാല്‍ താരം ഇപ്പോള്‍ സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ആരാധകരുടെ മുന്‍പില്‍ എത്തുന്നത്. പാചകവും വാചകവും തന്റെ വിശേഷങ്ങളുമെല്ലാം കാണിക്കുകയാണ് റിമി ടോമി തന്റെ ചാനലിലൂടെ. 

റിമി എങ്ങനെയാണ് വണ്ണം കുറച്ചത് എന്ന സംശയം കുറച്ചുനാളുകളായി ആരാധകര്‍ക്കുണ്ട്.  അത്ഭുത മാറ്റത്തിന്‍റെ ആ രഹസ്യം വെളിപ്പെടുത്തുകയാണ് റിമി ഇപ്പോള്‍.  എങ്ങനെയാണ്  വണ്ണം കുറച്ചത് എന്ന്  ഒരുപാടുപേര്‍  തന്നോട് ചോദിക്കുന്നുണ്ടെന്ന് റിമി പറയുന്നു. പ്രായം കൂടുമ്പോഴാണ് നമ്മൾ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത്. ഉയരത്തിനനുസരിച്ചുള്ള ശരീരഭാരത്തിലാണ് നിങ്ങളെ കാണാന്‍ കൂടുതല്‍ ഭംഗിയെന്നും റിമി വീഡിയോയിലൂടെ പറഞ്ഞു. 

2012ലാണ് ശരീരഭാരം കുറയ്ക്കണമെന്ന ചിന്ത വന്നത്. ഒന്നര അല്ലെങ്കിൽ രണ്ട് മണിക്കൂറുള്ള വർക്ക്ഔട്ട് ആണ് ചെയ്യുന്നത്.  അത് നൽകുന്ന 'റിസള്‍ട്' വച്ചു നോക്കിയാൽ അതൊന്നും കഷ്ടപ്പാടേയല്ല എന്നും റിമി പറയുന്നു. ഇപ്പോൾ എന്തായാലും 65 കിലോയിൽ നിന്ന് 52 കിലോയിലെത്തി നിൽക്കുകയാണ് റിമി. അതായത് ഉയരത്തിനനുസരിച്ചുള്ള ഭാരം. ഇനി ഇത് നിയന്ത്രിച്ചു കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും റിമി പറയുന്നു. 

കഴിച്ചാൽ പെട്ടെന്ന് വണ്ണം വയ്ക്കുന്ന ശരീരപ്രകൃതമാണ് എന്‍റേത്. പച്ചവെള്ളം കുടിച്ചാലും തടിവയ്ക്കും. ഒരാഴ്ച ഒന്ന് ഇരുന്ന് കഴിച്ചാല്‍ ഒന്നോ രണ്ടോ കിലോയൊക്കെ കൂടിയെന്നും വരും. അതിനാൽത്തന്നെ ലോക്ക്ഡൗണിലും വ്യായാമം ചെയ്യുന്നതിന് ഒരു കുറവും വരുത്തിയില്ല. വീട്ടിൽത്തന്നെയാണ് വർക്ക്ഔട്ട് ചെയ്യുന്നത്. 

മാസത്തിലൊന്ന് എന്ന മട്ടിൽ ജലദോഷവും പനിയും ചുമയുമൊക്കെ വരുന്ന കൂട്ടത്തിലായിരുന്നു ഞാൻ. മുന്‍പ് രണ്ട് മാസം കൂടുമ്പോൾ ആന്റിബയോട്ടിക് എടുത്തിരുന്നു. വർക്ക്ഔട്ട്  ചെയ്യാൻ തുടങ്ങിയതോടെ പ്രതിരോധശേഷി വർധിച്ചു. ഇപ്പോൾ ആറ് മാസത്തിലധികമായി ജലദോഷമോ പനിയോ ഒക്കെ വന്നിട്ട്. മാത്രമല്ല കൂടുതൽ എനർജറ്റിക് ആകുകയും ചെയ്തു. മാനസികമായ ആരോഗ്യത്തിനും ഇത് ഗുണം ചെയ്യുമെന്നും റിമി പറയുന്നു. 

ശരീരഭാരം കുറയ്ക്കാനായി താന്‍ ചെയ്തുവരുന്ന വ്യായാമമുറകള്‍ എന്തൊക്കെയാണെന്നും റിമി വീഡിയോയിലൂടെ കാണിക്കുന്നു. 

Also Read: 75 കിലോയില്‍ നിന്ന് 56ലേക്ക്; പ്രസവശേഷമുള്ള ശരീരഭാരം ആര്യ കുറച്ചതിങ്ങനെ...