ആഭരണങ്ങളുടെ വില നിശ്ചയിക്കപ്പെടുന്നത് അവയുടെ സവിശേഷതകള്‍ക്ക് അനുസരിച്ച് തന്നെയാണ്. അതുകൊണ്ടാണ് പലപ്പോഴും കാഴ്ചയ്ക്ക് സാധാരണമെന്ന് തോന്നിക്കുന്ന ആഭരണങ്ങള്‍ പോലും ഞെട്ടിക്കുന്ന വിലയില്‍ വില്‍പന നടത്തുന്നതായ വാര്‍ത്തകള്‍ നാം കാണുന്നത്. 

അത്തരമൊരു വാര്‍ത്തയാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജനീവയില്‍ നിന്നെത്തിയത്. നേരത്തേ സൂചിപ്പിച്ചത് പോലെ, ചിത്രങ്ങളിലൂടെ കാണുമ്പോള്‍ ഒരു സാധാരണ മോതിരം. പക്ഷേ വില കേട്ടാല്‍ ആരായാലും ഒന്ന് അമ്പരക്കാതിരിക്കില്ല. 

2.77 മില്യണ്‍ യുഎസ് ഡോളര്‍ അഥവാ 20 കോടിക്കടുത്ത് വരുന്ന തുക. ഒരേയൊരു മോതിരത്തിന് എന്താണ് ഇത്രമാത്രം വിലമതിക്കാന്‍ എന്ന് ചിന്തിക്കുകയാണോ! 

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി കാണപ്പെടുന്ന പര്‍പ്പിള്‍- റെഡ് നിറങ്ങള്‍ കലര്‍ന്ന ഡയമണ്ടാണ് ഈ മോതിരത്തില്‍ പതിപ്പിച്ചിരിക്കുന്നത്. ഈ കല്ലിന് തന്നെയാണ് വില വരുന്നത്. ദീര്‍ഘചതുരാകൃതിയിലാണ് ഡയമണ്ടിന്റെ ഘടന. ഇത് മറ്റ് രണ്ട് ഡയമണ്ടുകളുടെ നടുക്ക് ഭംഗിയായി പിടിപ്പിച്ചിരിക്കുന്നു. പ്ലാറ്റിനത്തിലാണ് റിംഗ് ചെയ്തിരിക്കുന്നത്. 

1.05 കാരറ്റില്‍ ഈ നിറത്തില്‍ വരുന്ന ഡയമണ്ടിന് ഇതാദ്യമായാണ് ഇത്രയധികം വില ലഭിക്കുന്നതത്രേ. അതുകൊണ്ട് തന്നെ ഇത് ലോക റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണിപ്പോള്‍. സ്വതവേ ചുവന്ന നിറത്തിലുള്ള ഡയമണ്ടുകള്‍ക്ക് വില കൂടുതലാണ്. അവ അപൂര്‍വ്വമായാണ് കാണപ്പെടുന്നത് എന്നതിനാലാണ് വിലയും അധികമാകുന്നത്. 

Also Read:- ചുവപ്പ് ജാക്കറ്റില്‍ സാറ അലി ഖാന്‍; വില ലക്ഷങ്ങള്‍...