കൊവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന്‍റെ പ്രത്യാഘാതം ഏറ്റവും കൂടുതല്‍ നേരിട്ടവരില്‍ ഒരു വിഭാഗം ബാര്‍ബര്‍മാരാണെന്ന് സംശയമില്ല. ലോക്ക്ഡൗണില്‍ ബാർബർ ഷോപ്പുകൾ അടഞ്ഞതോടെ പലരും വീടുകളിൽ ഇരുന്നുതന്നെ 'മുടിവെട്ടല്‍' പരീക്ഷണങ്ങൾ ചെയ്യാൻ നിർബന്ധിതരായി എന്നത് മറ്റൊരു കാര്യം. ചിലര്‍ മൊട്ടയടിച്ചപ്പോള്‍ മറ്റുചിലര്‍  തങ്ങളുടെ കലാവിരുത് തലമുടിയിലും താടിയിലും കാണിച്ചു. സെലിബ്രിറ്റികളും മന്ത്രിമാരും വരെ കത്രികയും എടുത്ത് മക്കളുടെയും ഭർത്താവിന്‍റെയും തലമുടിവെട്ടുന്നതും നാം സോഷ്യല്‍ മീഡിയയിലൂടെ കണ്ടതാണ്.

എന്തായാലും ഇപ്പോഴിതാ ലോക്ക്ഡൗണ്‍ മൂലം പ്രതിസന്ധിയിലായ രാജ്യത്തെ ബാര്‍ബര്‍മാരെ സഹായിക്കാനായുള്ള ജില്ലെറ്റിന്‍റെ (പ്രമുഖ ബ്രാന്‍ഡ്) പദ്ധതിയുമായി കൈകോര്‍ത്തിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ജില്ലെറ്റിന്‍റെ 'ബാര്‍ബര്‍ സുരക്ഷാ പദ്ധതി' വരുമാനം നഷ്ടപ്പെട്ട ബാര്‍ബര്‍മാരെ സഹായിക്കാനായുള്ള സമയോചിതമായ ഇടപെടലാണ്. അതിന്‍റെ ഭാഗമാവാന്‍ സാധിച്ചതിലും, അവരുടെ ജീവിതത്തില്‍ സന്തോഷം കൊണ്ടുവരാന്‍ കഴിയുന്നതിലും അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിലും അതിയായ സന്തോഷമുണ്ടെന്നും സച്ചിന്‍ പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് സുരക്ഷയാണ് ബാര്‍ബര്‍മാര്‍ക്ക് ജില്ലെറ്റ് നല്‍കുന്നത്. ഒപ്പം സുരക്ഷിതമായി ജോലി ചെയ്യാന്‍ അവരെ പ്രാപ്തരാക്കുന്നതിന് ഓണ്‍ലൈന്‍ വീഡിയോകളിലൂടേയും മറ്റും ക്ലാസും നല്‍കുന്നു.

കൊവിഡ് കാലത്ത് സുരക്ഷിതമായി ജോലി ചെയ്യുന്നതിന് പ്രത്യേക കിറ്റുകളും ജില്ലെറ്റ് നല്‍കുന്നു. രാജ്യത്തെ 50,000-ഓളം ബാര്‍ബര്‍മാരെയാണ് ജില്ലെറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. പദ്ധതിയുടെ ഭാഗമായി ബാര്‍ബര്‍  ഷോപ്പുകളില്‍ നമുക്കുണ്ടായ പല നിമിഷങ്ങളെയും കോര്‍ത്തിണക്കിയ ഒരു വീഡിയോയും സച്ചിന്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു.

 

അതേസമയം,  ഈ ലോക്ക്ഡൗണ്‍ കാലത്ത്  സച്ചിൻ തന്റെ മകന്റെ മുടിവെട്ടുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സൂക്ഷ്മമായുള്ള കരവിരുതാണ് മകന്റെ തലയിൽ സച്ചിൻ നടത്തിയത്. മകൻ അർജുൻ തെൻഡുൽക്കറുടെ മുടിവെട്ടുന്ന വീഡിയോ സച്ചിൻ തന്നെയാണ് തന്‍റെ ഇൻസ്റ്റഗ്രാമിൽ അന്ന് പങ്കുവച്ചത്. മുടിവെട്ടുന്നതിനിടെ സഹായിയായി നിന്ന മകൾ സാറയ്ക്ക് സച്ചിൻ നന്ദി അറിയിക്കുകയും ചെയ്തു. 

 

 

Also Read: കൊറോണ പകര്‍ച്ച ഒഴിവാക്കാന്‍ സലൂണുകള്‍ ചെയ്യുന്നത്... വീഡിയോ കാണാം...