ലോക്ഡൗണിന് ശേഷം സലൂണുകളും ബ്യൂട്ടിപാര്‍ലറുകളും തുറന്നു. എങ്കിലും കൊറോണ വൈറസ് ഭീതി ഇപ്പോഴും ഒഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഇപ്പോഴും ബ്യൂട്ടിപാർലറുകളില്‍ പോകാന്‍ പേടിക്കുന്നവരുണ്ട്. അവിടെ എങ്ങനെ സാമൂഹിക അകലം പാലിക്കണം എന്ന സംശയം പലര്‍ക്കും കാണും. കൊവിഡിനെ പ്രതിരോധിക്കാന്‍  വേണ്ട മുന്‍കരുതലുകള്‍ പാര്‍ലറുകള്‍ സ്വീകരിക്കുന്നുണ്ടോ എന്ന കാര്യത്തിലും ആശങ്ക ഉണ്ടാകാം. 

എന്നാല്‍ സലൂണുകളില്‍ വരാന്‍ പേടിക്കേണ്ട കാര്യമില്ലെന്നും സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് സലൂണുകള്‍ പ്രവര്‍ത്തിക്കുന്നത് എന്നുമാണ് ഹെയര്‍ സ്റ്റൈലിസ്റ്റായ  വിജി (ഫെയര്‍ ഇന്‍റര്‍നാഷണല്‍ ഹെയര്‍ സ്റ്റുഡിയോ) പറയുന്നത്. സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് തങ്ങളുടെ സലൂണില്‍ എല്ലാവരും ജോലി ചെയ്യുന്നത് എന്നും വിജി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ 'ജിമിക്കി കമ്മല്‍' എന്ന പരിപാടിയിലൂടെ പറഞ്ഞു. 

സലൂണില്‍ വരുന്നവരുടെ കൈകള്‍ ആദ്യം സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുകയും അവര്‍ക്ക് മാസ്കും ഗ്ലൌസും നല്‍കുകയും ചെയ്യുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഒരാള്‍ക്ക് ഉപയോഗിച്ച ടവലും കവറുകളും വീണ്ടും ഉപയോഗിക്കാറില്ല. ചീപ്പും മറ്റും ഓരോ ഉപയോഗം കഴിഞ്ഞും വൃത്തിയാക്കാറുണ്ട്. ഉപകരണങ്ങൾ അണുവിമുക്തമാക്കാനും വ്യക്തിശുചിത്വം ഉറപ്പാക്കാനും ശ്രദ്ധിക്കാറുണ്ട്. 

കൂടാതെ കൊറോണ വൈറസ് വ്യാപനം ഇപ്പോഴും തുടരുന്നതിനാല്‍  ജീവനക്കാര്‍ സുരക്ഷാകവചം ധരിച്ചാണ് ജോലി ചെയ്യുന്നത്.  ജീവനക്കാരുടെ ആരോഗ്യം സംരക്ഷിക്കാനും വരുന്നവരുടെ സുരക്ഷയ്ക്കുമാണ് എല്ലാ തൊഴിലാളികളും പ്രത്യേക പിപിഇ കിറ്റ് ധരിച്ച് ജോലി ചെയ്യുന്നത് എന്നും വിജി പറഞ്ഞു. 

വീഡിയോ കാണാം...

 

Also Read: ബ്യൂട്ടിപാർലറുകളും സലൂണുകളും അടഞ്ഞുതന്നെ; തൊഴിലാളികൾ ദുരിതത്തിൽ...