കപ്പലില്‍ നിന്ന് അബദ്ധത്തില്‍ കടലിലേക്ക് വീണ നാവികന്‍ ജീവന്‍ മുറുകെപ്പിടിച്ച് വെള്ളത്തില്‍ കഴിഞ്ഞത് 14 മണിക്കൂര്‍. ന്യുസീലാന്‍ഡില്‍ നിന്ന് പിറ്റ്‌കെയ്ന്‍ ദ്വീപിലേക്ക് ചരക്കുമായി പോവുകയായിരുന്ന കപ്പലില്‍ നിന്നാണ് അമ്പത്തിരണ്ടുകാരനായ ചീഫ് എഞ്ചിനീയര്‍ വിദാം പെറവെട്ടിലോവ് അബദ്ധവശാല്‍ കടലിലേക്ക് വീണത്. 

ഫെബ്രുവരി 16ന് പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. ചുറ്റും ഇരുട്ടായതിനാല്‍ത്തന്നെ ആദ്യമൊന്നും വിദാമിന് ഒന്നും കാണുന്നുണ്ടായിരുന്നില്ല. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല എന്നതിനാല്‍ തന്നെ, നീന്തിക്കൊണ്ടേയിരിക്കുക എന്നതായിരുന്നു ഏകമാര്‍ഗം. എന്നാല്‍ സൂര്യോദയത്തിന്റെ വെട്ടം വീണ് തുടങ്ങിയതോടെ ദൂരെയായി എന്തോ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചു. 

അങ്ങനെ രക്ഷയ്ക്കായി ആ ദിശ ലക്ഷ്യമാക്കി അദ്ദേഹം നീന്തി. അലക്ഷ്യമായി ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധനത്തിനുപയോഗിക്കുന്ന ഉപകരണമായിരുന്നു കിലോമീറ്ററുകള്‍ക്കപ്പുറത്തം നേര്‍ത്ത ഒരു പുള്ളി പോലെ അദ്ദേഹം കണ്ടത്. അങ്ങോട്ട് നീന്തിയെത്താന്‍ തന്നെ വിദാം ഏറെ സമയമെടുത്തു. 

അവിടെയത്തിയ ശേഷം വെള്ളത്തില്‍ പൊങ്ങിക്കിടക്കുകയായിരുന്ന ഉപകരണത്തില്‍ പിടിച്ചുകിടന്നു. ഇതേസമയം വിദാം കപ്പലില്‍ ഇല്ലെന്ന വസ്തുത മനസിലാക്കാന്‍ കപ്പലിലുള്ളവര്‍ ആറ് മണിക്കൂര്‍ സമയം എടുത്തിരുന്നു. സംഭവം മനസിലാക്കിയ ഉടന്‍ തന്നെ ക്യാപ്റ്റന്‍ കപ്പല്‍ തിരിച്ചുവിടുകയും സംഘാംഗങ്ങളുടെ സഹായത്തോടെ വിദാമിന് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. 

അങ്ങനെ എട്ട് മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവില്‍ അവശനായ നിലയില്‍ വിദാമിനെ അവര്‍ കണ്ടെത്തി. അദ്ദേഹത്തിന്റെ ജീവന് ഭീഷണിയൊന്നുമില്ലെന്നും മറ്റ് അവശതകളെല്ലാം മാറിവരുന്നുവെന്നുമാണ് കുടുംബം അറിയിക്കുന്നത്. ആരോഗ്യകാര്യങ്ങളില്‍ എപ്പോഴും ജാഗ്രത പുലര്‍ത്തുമായിരുന്നതിനാല്‍ തന്നെ, ഫിറ്റ് ആയ ശരീരമാണ് അച്ഛനുള്ളതെന്നും അതുകൊണ്ട് മാത്രമാണ് ഇത്രയും മണിക്കൂറുകള്‍ ശാസ്ത്രീയമായി ഉപാധികളൊന്നും ഇല്ലാതെ തന്നെ കടലില്‍ പിടിച്ചുനില്‍ക്കാന്‍ അച്ഛനെ പ്രാപ്തനാക്കിയതെന്നും വിദാമിന്റെ മകന്‍ മാരറ്റ് പറയുന്നു.

തന്നെ രക്ഷപ്പെടുത്തിയത്, ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെള്ളത്തില്‍ കിടന്നിരുന്ന 'ഫിഷിംഗ് ബ്വോയ്' ആണെന്നും തക്ക സമയത്തിനാണ് അത് കണ്ടെത്താന്‍ തനിക്ക് കഴിഞ്ഞതെന്നും വിദാം പറയുന്നു. എന്തായാലും അസാധാരണമായ അതിജീവനത്തിന്റെ കഥയാണിത് എന്ന കാര്യത്തില്‍ സംശയമില്ല. ഒരേസമയം ശക്തിയും ആര്‍ജ്ജവവും ബുദ്ധിയും പ്രയോഗിച്ചതോടെയാണ് നാവികന് തിരിച്ച് ജീവിതത്തിലേക്ക് നീന്തിക്കയറാനൊരു അവസരം ലഭിച്ചത്. അദ്ദേഹത്തിന്റെ കഴിവിനെ ഇത്തരത്തില്‍ പ്രകീര്‍ത്തിച്ചുകൊണ്ട് നിരവധി പേരാണ് അഭിനന്ദനങ്ങളറിയിക്കുന്നത്. 

Also Read:- 60 അടി താഴ്ചയിൽ വെള്ളത്തിനടിയിൽ വച്ച് ചിന്നദുരൈ ശ്വേതയ്ക്ക് മിന്നുകെട്ടി; വെെറലായി വീഡിയോ...