ചെറിയ തമാശകള്‍ കൊണ്ടും, സര്‍പ്രൈസുകളൊരുക്കിയുമെല്ലാം പരമാവധി വിവാഹ വീഡിയോകള്‍ വ്യത്യസ്തമാക്കാനാണ് ഇപ്പോള്‍ മിക്കവരും ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള വീഡിയോകള്‍ മണിക്കൂറുകള്‍ക്കുള്ളിലാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആകുന്നതും. 

അങ്ങനെയൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ടിജിന്‍-ശില്‍പ എന്നിവരുടെ 'സേവ് ദ ഡേറ്റ്' വീഡിയോ ഷൂട്ടിനിടെയുണ്ടായ രസകരമായ സംഭവമാണ് വീഡിയോയിലുള്ളത്. 

പുഴയില്‍ വഞ്ചിയിലിരിക്കുന്ന നായികയും നായകനും. പുഴയില്‍ നിന്ന് വെള്ളം തെറിപ്പിച്ച് മഴ പെയ്യുന്ന 'ഫീല്‍' ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് വീഡിയോ സംഘത്തിലെ സഹായികള്‍. മഴ കൊള്ളാതെ വാഴയില നിവര്‍ത്തിപ്പിടിച്ച് നായികയും നായകനും ഉമ്മ വയ്ക്കുന്ന രംഗമാണ് പകര്‍ത്തേണ്ടത്. 

വേണ്ട നിര്‍ദേശങ്ങളെല്ലാം നല്‍കി ക്യാമറാമാന്‍ ആക്ഷന്‍ പറഞ്ഞതോടെ, നായികയെ ഉമ്മ വയ്ക്കാന്‍ നായകന്‍ ഒന്ന് ചരിഞ്ഞതാണ്, നിമിഷനേരം കൊണ്ട് രണ്ടുപേരും വാഴയിലയും വഞ്ചിയുമെല്ലാം വെള്ളത്തിലായി. അധികം ആഴമില്ലാത്ത, തീരത്തിനോടടുത്തുള്ള സ്ഥലത്ത് വച്ചായിരുന്നു ഷൂട്ട്. 

അതിനാല്‍ തന്നെ വീഴ്ച വലിയൊരു പൊട്ടിച്ചിരിയാണ് സംഘത്തിന് സമ്മാനിച്ചത്. അതേസമയം സംഘത്തിലുണ്ടായിരുന്ന ഒരാള്‍ തന്നെ മനപ്പൂര്‍വ്വം തമാശയുണ്ടാക്കാന്‍ വഞ്ചി മറിച്ചിട്ടതാണെന്ന ആരോപണവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ഇത്തരം വീഡിയോകള്‍ കണ്ട്, സുരക്ഷിതമല്ലാത്ത രീതികളില്‍ വിവാഹ വീഡിയോ ഷൂട്ട് അടക്കമുള്ള വീഡിയോ ഷൂട്ടുകള്‍ക്ക് ഓടിപ്പുറപ്പെടരുതെന്ന മുന്നറിയിപ്പ് നല്‍കുന്നവരും കുറവല്ല.

എങ്കിലും വീഡിയോയുടെ മനോഹാരിത കൊണ്ടുതന്നെ നിരവധിയാളുകളാണ് ഇത് കാണുകയും പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നത്.