നന്നായി ഒരുങ്ങി പുറത്തിറങ്ങുമ്പോഴായിരിക്കും നെറ്റിയുടെ വശങ്ങളിൽ നിന്നും മറ്റും ബേബി ഹെയറുകൾ പാറിപ്പറന്നു നടക്കുന്നത് ശ്രദ്ധയിൽപ്പെടുക. എത്ര ചീകിയൊതുക്കിയാലും മിനിറ്റുകൾക്കുള്ളിൽ ഇവ വീണ്ടും പഴയപടി ആകും. 

എത്രയൊക്കെ കഷ്ടപ്പെട്ട് മുടി ചീകിയാലും നെറ്റിയുടെ വശങ്ങളിൽ നിന്നും മുകളിൽ നിന്നുമായി ചെറിയ മുടിയിഴകൾ പാറിപ്പറന്നു നടക്കുന്നത് പലരെയും അലോസരപ്പെടുത്തുന്ന ഒന്നാണ്. പ്രത്യേകിച്ച് ഫോട്ടോ എടുക്കുമ്പോഴോ പാർട്ടികളിൽ പങ്കെടുക്കുമ്പോഴോ ഈ ഫ്ലൈ എവേയ്സ് നമ്മുടെ ലുക്കിനെ തന്നെ നശിപ്പിച്ചേക്കാം. ഹെയർ സ്പ്രേയും ജെല്ലും പരീക്ഷിച്ചു മടുത്തവർക്കായി ഇതാ ഒരു മാജിക് 'ഹെയർ വാക്സ് സ്റ്റിക്'.

സോഷ്യൽ മീഡിയയിലെ ഇൻഫ്ലുവൻസേഴ്സിന്റെയും സെലിബ്രിറ്റികളുടെയും ബാഗിലെ ഒഴിച്ചുകൂടാനാവാത്ത ഈ കുഞ്ഞൻ സ്റ്റിക്കിനെക്കുറിച്ച് കൂടുതൽ അറിയാം.

എന്താണ് ഈ ഹെയർ വാക്സ് സ്റ്റിക്?

ലിപ്സ്റ്റിക് ട്യൂബ് പോലെ വലിപ്പം കുറഞ്ഞതും ഉപയോഗിക്കാൻ എളുപ്പമുള്ളതുമായ ഹെയർ സ്റ്റൈലിംഗ് പ്രൊഡക്റ്റാണിത്. മുടി ഒട്ടിച്ചേർന്ന് വൃത്തികേടാകാതെ തന്നെ, പറന്നുനിൽക്കുന്ന കുഞ്ഞു മുടികളെ കൃത്യമായി ഒതുക്കി നിർത്താൻ ഇത് സഹായിക്കുന്നു. എന്തുകൊണ്ട് നിങ്ങൾക്കിതൊരു അത്യാവശ്യ വസ്തുവാണ് എന്ന ചോദ്യത്തിന്,

  • മുടി മുറുക്കിക്കെട്ടി വെക്കുന്ന 'സ്ലീക്ക് ഹെയർ സ്റ്റൈൽ' ഇഷ്ടപ്പെടുന്നവർക്ക് ഇതിലും മികച്ചൊരു സഹായിയില്ല.
  • ജെല്ലുകൾ ഉപയോഗിക്കുമ്പോൾ മുടിക്ക് ഉണ്ടാകുന്ന അമിതമായ കടുപ്പമോ ഒട്ടലോ വാക്സ് സ്റ്റിക് നൽകാറില്ല.
  • യാത്രകളിലോ ഓഫീസിലോ വെച്ച് മുടി ഒന്ന് ശരിയാക്കണമെന്നുണ്ടെങ്കിൽ കണ്ണാടി നോക്കി നിമിഷങ്ങൾക്കുള്ളിൽ ഇത് പ്രയോഗിക്കാം.

ഉപയോഗിക്കേണ്ട ശരിയായ രീതി

ആദ്യം മുടി നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ കെട്ടുക. ബേബി ഹെയറുകൾ ഉള്ള ഭാഗത്ത് മാത്രം സ്റ്റിക് പതുക്കെ ഉരസുക. മുടിയുടെ ഒഴുക്കിന് അനുസരിച്ചുള്ള ദിശയിൽ മാത്രം ചലിപ്പിക്കാൻ ശ്രദ്ധിക്കണം. മുടി ഒതുങ്ങിയ ശേഷം ഒരു ചെറിയ ബ്രഷോ കൈവിരലുകളോ ഉപയോഗിച്ച് ഒന്ന് തലോടുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഏതൊരു ബ്യൂട്ടി പ്രൊഡക്റ്റും പോലെ മിതമായ രീതിയിൽ മാത്രം വാക്സ് സ്റ്റിക് ഉപയോഗിക്കുക. ദിവസവും ഉപയോഗിക്കുന്നവർ ആഴ്ചയിലൊരിക്കൽ 'ക്ലാരിഫൈയിങ് ഷാംപൂ' ഉപയോഗിച്ച് മുടി കഴുകുന്നത് തലയോട്ടിയിൽ വാക്സ് അടിഞ്ഞു കൂടുന്നത് ഒഴിവാക്കാൻ സഹായിക്കും. ഷിയ ബട്ടർ, കസ്റ്റർ ഓയിൽ തുടങ്ങിയ ചേരുവകൾ അടങ്ങിയ ബ്രാൻഡുകൾ തിരഞ്ഞെടുക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.