മിക്ക വീടുകളിലെയും പ്രധാന പ്രശ്‌നം സഹോദരങ്ങള്‍ തമ്മിലുള്ള വഴക്കായിരിക്കും. പ്രത്യേകിച്ച് ചെറുപ്രായത്തിലുള്ള സഹോദരങ്ങളാണെങ്കില്‍ പറയാനുമില്ല. അമ്മമാര്‍ക്ക് അവരുടെ വഴക്ക് പരിഹരിച്ച് തീര്‍ന്ന് മറ്റൊന്നിനും സമയമുണ്ടാകില്ല. 

സഹോദരങ്ങള്‍ തമ്മിലുള്ള ഈ 'ശത്രുത' ഗര്‍ഭപാത്രത്തില്‍ നിന്നേ തുടങ്ങുന്നുവെന്നാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ തെളിയിക്കുന്നത്. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന ഇരട്ടക്കുഞ്ഞുങ്ങള്‍ തമ്മില്‍ അടികൂടുന്നതിന്റെ സ്‌കാനിംഗ് ദൃശ്യങ്ങളാണ് കയ്യടികളേറ്റുവാങ്ങി സമൂഹമാധ്യമങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്നത്.

ചൈനയിലെ യിന്‍ചുവാനിലുള്ള ആശുപത്രിയില്‍ കഴിഞ്ഞ ഡിസംബറില്‍ നടന്ന സ്‌കാനിംഗിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യുവതിയുടെ ഭര്‍ത്താവാണ് സ്‌കാനിംഗ് മോണിട്ടറില്‍ കണ്ട അത്യപൂര്‍വ്വമായ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത് പുറത്തുവിട്ടത്. 

കുഞ്ഞുങ്ങള്‍ മുഖാമുഖം കിടന്ന് രണ്ട് മുതിര്‍ന്ന ആളുകളെ പോലെ വഴക്ക് കൂടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ജനുവരിയില്‍ വീണ്ടും സ്‌കാനിംഗ് നടത്തിയപ്പോള്‍ സീന്‍ ആകെ മാറി. രണ്ടുപേരും പരസ്പരം കെട്ടിപ്പിടിച്ച് സ്‌നേഹമായിരിക്കുന്നു. എന്താായാലും ഏപ്രില്‍ എട്ടോടെ, അല്‍പസ്വല്‍പം പ്രശ്‌നങ്ങളെല്ലാം സൃഷ്ടിച്ച്, സിസേറിയനിലൂടെ ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ പുറത്തുവന്നു. 

'ചെറി', 'സ്‌ട്രോബെറി' എന്നിങ്ങനെയാണ് ഇവരുടെ പേര്. ഗര്‍ഭപാത്രത്തിലാകുമ്പോഴേ വഴക്കുണ്ടാക്കിയവരെന്ന് പേര് കിട്ടിയെങ്കിലും, ലക്ഷക്കണക്കിന് പേരുടെ വാത്സല്യമാണ് ഇതിനോടകം ഇരുവര്‍ക്കും ലഭിച്ചിരിക്കുന്നത്. അക്കാര്യത്തില്‍ തങ്ങള്‍ അത്യധികം സന്തോഷിക്കുകയാണെന്നും കുഞ്ഞുങ്ങളുടെ പിതാവ് ടാവോ അറിയിച്ചു.

വീഡിയോ കാണാം...