വിവാഹപൂര്‍വ്വ ലൈംഗികതയ്ക്കും അവിഹിത ബന്ധങ്ങള്‍ക്കും പകരം സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം എന്നുതന്നെ ചേര്‍ക്കണമെന്നായിരുന്നു ഒരു സംഘം ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് പാഠഭാഗത്ത് ചേര്‍ക്കാനും എസ്.സി.ആ.ആര്‍.ടി തീരുമാനിച്ചിട്ടുണ്ട്

തിരുവനന്തപുരം: എയ്ഡ്‌സ് രോഗത്തെക്കുറിച്ച് വസ്തുതാവിരുദ്ധമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ പാഠഭാഗം തിരുത്താന്‍ തീരുമാനം. വ്യാപകമായ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് എസ്.സി.ഇ.ആര്‍.ടി പാഠഭാഗം തിരുത്താന്‍ തീരുമാനിച്ചതായി അറിയിച്ചിരിക്കുന്നത്. 

കേരള സിലബസില്‍ ഉള്‍പ്പെടുന്ന പത്താംക്ലാസ് ബയോളജി പാഠപുസ്തകത്തിലാണ് എയ്ഡ്‌സ് രോഗം പകരുന്ന നാല് രീതികളെ പറ്റി വിശദമാക്കുന്നിടത്ത് തെറ്റിദ്ധാരണാജനകമായ വസ്തുതകള്‍ നല്‍കിയിരിക്കുന്നത്. എയ്ഡ്‌സ് പകരുന്ന നാല് രീതികളിലെ ഒന്ന്, വിവാഹപൂര്‍വ്വലൈംഗികതയും അവിഹിത ബന്ധങ്ങളുമെന്നാണ് പാഠഭാഗത്തെ വിശദീകരണം. 

എന്നാല്‍ ഇത് കുട്ടികള്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നാരോപിച്ച് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രതിഷേധമുയരുകയായിരുന്നു. അധ്യാപകര്‍ തന്നെയാണ് ആദ്യം ഇക്കാര്യം പൊതുശ്രദ്ധയില്‍ കൊണ്ടുവന്നത്. തുടര്‍ന്ന് ഡോക്ടര്‍മാരും രംഗത്തെത്തി. 

തല്‍ക്കാലം ക്ലാസുകളില്‍ അധ്യാപകര്‍ പാഠഭാഗം തിരുത്തി പഠിപ്പിക്കാനാണ് തീരുമാനം. തുടര്‍ന്ന് തിരുത്തലോടുകൂടിയ പുസ്തകം അച്ചടിക്കും. വിവാഹപൂര്‍വ്വ ലൈംഗികതയ്ക്കും അവിഹിത ബന്ധങ്ങള്‍ക്കും പകരം സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം എന്നുതന്നെ ചേര്‍ക്കണമെന്നായിരുന്നു ഒരു സംഘം ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് പാഠഭാഗത്ത് ചേര്‍ക്കാനും എസ്.സി.ആ.ആര്‍.ടി തീരുമാനിച്ചിട്ടുണ്ട്.