മുഖം മുഴുവൻ ജീവനുള്ള പാറ്റയെ വച്ചുകൊണ്ട് സെൽഫി! കേള്‍ക്കുമ്പോഴേ ചിലപ്പോള്‍ അസ്വസ്ഥത തോന്നാം. ഇങ്ങനെ ഒരു ലോഡ് സെല്‍ഫികള്‍ ഒരുമിച്ച് കണ്ടാലോ? അതാണ് മ്യാന്‍മറിലെ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ഇപ്പോഴത്തെ അവസ്ഥ

കവിളിലും നെറ്റിയിലും ചുണ്ടിലുമെല്ലാം ജീവനുള്ള പാറ്റയെ വച്ചുകൊണ്ട് സെല്‍ഫി! കേള്‍ക്കുമ്പോഴേ ചിലപ്പോള്‍ അസ്വസ്ഥത തോന്നാം. ഇങ്ങനെ ഒരു ലോഡ് സെല്‍ഫികള്‍ ഒരുമിച്ച് കണ്ടാലോ? അതാണ് മ്യാന്‍മറിലെ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ഇപ്പോഴത്തെ അവസ്ഥ. 

മ്യാന്‍മറിലുള്ള അലക്‌സ് ഓംഗ് എന്ന ഒരു വിദ്യാര്‍ത്ഥിയാണത്രേ വിചിത്രമായ ഈ ചലഞ്ച് തുടങ്ങിയത്. മുഖത്ത് പാറ്റയെ വച്ച് താനെടുത്ത സെല്‍ഫി ചലഞ്ചായി അലക്‌സ് പോസ്റ്റ് ചെയ്തതോടെയാണ് സംഗതിക്ക് തുടക്കമായത്. 

അലക്‌സിന്റെ ചലഞ്ച് ഏറ്റെടുത്ത് നിരവധി ചെറുപ്പക്കാര്‍ രംഗത്തുവന്നു. മുഖമെമ്പാടും പാറ്റകളെ വച്ചും, ചുണ്ടിനും വായ്ക്കിടയിലും പാറ്റയെ അമര്‍ത്തിവച്ചുമെല്ലാം സെല്‍ഫികളോട് സെല്‍ഫി. ചലഞ്ച് ഏറ്റെടുക്കാതെ പറ്റില്ലെന്ന അവസ്ഥയാണ് പല യുവാക്കള്‍ക്കും. എന്നാല്‍ ഇതിനെതിരെ മറ്റൊരു വിഭാഗം പ്രതിഷേധവുമായി എത്തിയിട്ടുമുണ്ട്. 

ഫേസ്ബുക്ക് തുറക്കാന്‍ തന്നെ അസ്വസ്ഥതയാകുന്നുവെന്നാണ് ഇവരുടെ ആരോപണം. വികലമായ മാനസികാവസ്ഥയാണ് ചിലര്‍ ഇത്തരത്തില്‍ പ്രകടിപ്പിക്കുന്നതെന്നും ഇനിയും ഈ ചലഞ്ചുമായി കൂടുതല്‍ പേര്‍ മുന്നോട്ടുവരരുതെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെയാണ് യുവാക്കളുടെ ചലഞ്ച് ഏറ്റെടുപ്പ്. 

മുമ്പ് താടിയുടെ പേരില്‍ വന്ന ചലഞ്ചും, കികി ചലഞ്ചും, ബക്കറ്റ് ചലഞ്ചുമെല്ലാം വലിയ രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരം നേടിയിരുന്നു. അതില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുകയാണ് ഈ 'പാറ്റ ചലഞ്ച്'.