Asianet News MalayalamAsianet News Malayalam

വാടകവീട് നോക്കുകയാണോ?; നിങ്ങള്‍ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍...

ചെറിയ 'അഡ്ജസ്റ്റ്‌മെന്റുകള്‍' ചെയ്ത് നമ്മള്‍ തെരഞ്ഞെടുക്കുന്നത്, നമുക്ക് താമസിക്കാനുള്ള സ്ഥലത്തെയാണ്. അത് തീരെ നിസാരമായ ഒരു സംഗതിയല്ല. ഇതൊക്കെയങ്ങ് 'അഡ്ജസ്റ്റ്' ചെയ്‌തേക്കാം എന്ന മനോഭാവം നമുക്ക് എപ്പോഴും സൂക്ഷിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അത് മാനസികമായ സ്വസ്ഥതയെ പിന്നീട് തകര്‍ക്കാനും ഇടയായേക്കും. അതിനാല്‍ വീടകവീടിനെ പറ്റി ആലോചിക്കുമ്പോള്‍ ചില കാര്യങ്ങള്‍ കൂടി അനുബന്ധമായി ആലോചിക്കേണ്ടതുണ്ട്. അത്തരത്തില്‍ ആലോചിക്കേണ്ട ഏഴ് കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്

seven things to know before renting house
Author
Trivandrum, First Published Nov 29, 2019, 9:24 PM IST

സ്വന്തമായി വീട് വയ്ക്കുമ്പോള്‍ നമ്മള്‍ എത്രയോ കാര്യങ്ങള്‍ കരുതലോടെയും ശ്രദ്ധയോടെയും വിലയിരുത്തിയ ശേഷമാണ് അതിലേക്ക് കടക്കുന്നത്. എന്നാല്‍ വാടകവീടുകളുടെ കാര്യത്തില്‍ പലപ്പോഴും അത്തരമൊരു വിശകലനത്തിന് നമ്മള്‍ മുതിരാറില്ല. വാടകവീടല്ലേ, എങ്ങനെ ആയാലും മതിയല്ലോ എന്ന് ചിന്തിക്കുന്നവര്‍ പോലുമുണ്ട്. 

ഇത്തരത്തിലുള്ള ചിന്താഗതി പിന്നീട് മോശം അനുഭവങ്ങളിലേക്ക് നമ്മളെയെത്തിച്ചേക്കും. അതായത്, ചെറിയ 'അഡ്ജസ്റ്റ്‌മെന്റുകള്‍' ചെയ്ത് നമ്മള്‍ തെരഞ്ഞെടുക്കുന്നത്, നമുക്ക് താമസിക്കാനുള്ള സ്ഥലത്തെയാണ്. അത് തീരെ നിസാരമായ ഒരു സംഗതിയല്ല. ഇതൊക്കെയങ്ങ് 'അഡ്ജസ്റ്റ്' ചെയ്‌തേക്കാം എന്ന മനോഭാവം നമുക്ക് എപ്പോഴും സൂക്ഷിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അത് മാനസികമായ സ്വസ്ഥതയെ പിന്നീട് തകര്‍ക്കാനും ഇടയായേക്കും. 

അതിനാല്‍ വീടകവീടിനെ പറ്റി ആലോചിക്കുമ്പോള്‍ ചില കാര്യങ്ങള്‍ കൂടി അനുബന്ധമായി ആലോചിക്കേണ്ടതുണ്ട്. അത്തരത്തില്‍ ആലോചിക്കേണ്ട ഏഴ് കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. 

ഒന്ന്...

സാമ്പത്തിക കാര്യങ്ങളെ കുറിച്ച് തന്നെയാണ് ആദ്യം നോക്കേണ്ടത്. ബഡ്ജറ്റിലൊതുങ്ങുന്ന വീട് മാത്രമേ വാടകയ്‌ക്കെടുക്കാവൂ. വീടിഷ്ടപ്പെട്ടു, വാടക അല്‍പം കൂടുതലാണ്- അത് സാരമില്ല, അഡ്ജസ്റ്റ് ചെയ്യാം എന്ന് കരുതരുത്. പിന്നീട് എപ്പോഴെങ്കിലും അതൊരു ബാധ്യതയായി തോന്നാനും തെറ്റായ തീരുമാനമായിരുന്നു എന്ന് തോന്നാനും ഇടയാകരുത്. 

 

seven things to know before renting house

 

മാത്രമല്ല, കൃത്യമായ ശമ്പളത്തിന് അനുസരിച്ച് ജീവിക്കുന്ന കുടുംബമാണെങ്കില്‍ എപ്പോഴെങ്കിലും അധികച്ചെലവ വന്നാല്‍ ഈ താളം മുഴുവന്‍ തെറ്റും. അത്തരത്തിലുള്ള അപ്രതീക്ഷിത ചെലവുകള്‍ക്ക് കൂടി നിശ്ചിത തുക മാറ്റിവച്ച ശേഷം വാടക കൊടുക്കാന്‍ കഴിയണം. അത്രയും വിടവ് ഇട്ട് വേണം സാമ്പത്തിക കാര്യങ്ങളെ കൈകാര്യം ചെയ്യാന്‍. 

ഇക്കാര്യത്തില്‍ വീട്ടുകാര്‍ക്ക് വിരുദ്ധാഭിപ്രായമുണ്ടെങ്കില്‍ പോലും അത് സ്‌നേഹത്തോടെ അവരെ പറഞ്ഞ് മനസിലാക്കണം. അതല്ലെങ്കില്‍ പണം ഇറക്കുന്നയാള്‍ അത് കുടുംബനാഥനോ കുടുംബനാഥയോ ആകട്ടെ, അവരില്‍ കടുത്ത ഭാരം വന്നുചേരാനിടയാക്കും. 

രണ്ട്...

സാമ്പത്തിക കാര്യവുമായി ബന്ധപ്പെട്ടത് തന്നെയാണ് ഇനി പറയുന്നതും. വീട്ടുടമസ്ഥരോട് ആദ്യം ചര്‍ച്ചകള്‍ നടത്തുമ്പോള്‍ തന്നെ വാടകയിലോ അഡ്വാന്‍സിലോ ഒക്കെ വിലപേശല്‍ നടത്തണം. യഥാര്‍ത്ഥത്തില്‍ വീടിന് മതിക്കുന്ന തുകയേക്കാള്‍ അല്‍പം ഉയര്‍ത്തിത്തന്നെയാണ് മിക്കവാറും വീട്ടുടമസ്ഥരും പരസ്യം നല്‍കുക. അതുകൊണ്ട് അക്കാര്യത്തില്‍ നാണക്കേട് തോന്നേണ്ടതില്ല. മാന്യമായ വിലപേശല്‍ സാധാരണക്കാരെ സംബന്ധിച്ച നല്ല ശീലമാണ് എന്നുതന്നെ മനസിലാക്കുക. 

മൂന്ന്...

വീടുമായി ബന്ധപ്പെട്ട കാര്യങ്ങളന്വേഷിക്കുമ്പോള്‍ വൈദ്യുതി- വെള്ളം എന്നിവയുടെ ലഭ്യത- അതിന്റെ കണക്ഷനുകളില്‍ എന്തെങ്കിലും പാളിച്ചകളുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. 

seven things to know before renting house

ചിലയിടങ്ങളില്‍ രണ്ടുനില വീടുകളുടെ മുകള്‍നിലയിലേയും താഴത്തെ നിലയിലേയും ബില്ല് ഒന്നിച്ച് വരികയും അതിനെച്ചൊല്ലി പിന്നീട് അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുകയും ഒക്കെ ചെയ്യാറുണ്ട്. ഇത് ഒരുദാഹരണം മാത്രമാണ്. 

നാല്...

ഭക്ഷണാവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക്, മറ്റ് വേസ്റ്റുകള്‍ എന്നിവ കൃത്യമായി ഒഴിവാക്കുന്നതിനുള്ള സൗകര്യവും മാര്‍ഗങ്ങളും നേരത്തേ കണ്ടുവയ്ക്കണം. ഇല്ലെങ്കില്‍ പിന്നീട് ഇത് വലിയ ബാധ്യതയായി മാറും. 

അഞ്ച്...

വീട്ടിലേക്കുള്ള യാത്രാ സൗകര്യം, വീടിരിക്കുന്ന സ്ഥലത്തെ കുറിച്ച് ഏകദേശ ധാരണ, അടുത്ത് കടകളുണ്ടോ, ആശുപത്രിയിലേക്ക് എത്ര ദൂരമുണ്ട്, നിത്യമായി പോയി വരാനുള്ള ഓഫീസ്, സ്‌കൂള്‍, കോളേജ് എന്നിവിടങ്ങളിലേക്കുള്ള ദൂരം- യാത്രാ സൗകര്യം എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം നേരത്തേ കരുതലോടെ കണ്ടുവയ്ക്കണം. 

ആറ്...

വീട്ടിലെ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുന്നതിനൊപ്പം ശുദ്ധവായു, സുരക്ഷിതത്വം, വൃത്തി എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കൂടി ഉറപ്പുവരുത്തണം. 

 

seven things to know before renting house

 

പലപ്പോഴും താമസം തുടങ്ങിയതിന് ശേഷമായിരിക്കും, വായുസഞ്ചാരമില്ലെന്നതും, വൃത്തിയാക്കാന്‍ പാടാണെന്നതും ഒക്കെ ശ്രദ്ധിക്കുന്നത്. ഈ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ആദ്യമേ ഇതെല്ലാം നല്ലരീതിയില്‍ നിരീക്ഷിച്ച് ഉറപ്പുവരുത്തുക. 

ഏഴ്...

വാടകക്കരാറില്‍ ഒപ്പിടുമ്പോള്‍ അത് വ്യക്തമായി വായിച്ചിട്ട് വേണം ഒപ്പുവയ്ക്കാന്‍. അതില്‍ പറഞ്ഞിരിക്കുന്ന എന്തെങ്കിലും കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ അത് ആദ്യമേ അറിയിക്കുക. പിന്നീടൊരു പ്രശ്‌നം ഇതെച്ചൊല്ലി ഉണ്ടാകാതിരിക്കാന്‍ ആദ്യമേ കരുതലെടുക്കുന്നതല്ലേ നല്ലത്.

Follow Us:
Download App:
  • android
  • ios