ലോക്ഡൗണ്‍ കാലം പല തരത്തിലാണ് നമ്മുടെ  ജീവിതപരിസരങ്ങളെ ബാധിക്കുകയും സ്വാധീനിക്കുകയും ചെയ്തിട്ടുള്ളത്. ഓരോ രാജ്യങ്ങളിലേയും സാമ്പത്തികവും സാമൂഹികവുമായ സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അവിടങ്ങളില്‍ ലോക്ഡൗണിനെ തുടര്‍ന്നുള്ള മാറ്റങ്ങളും സംഭവിച്ചത്. 

ഇപ്പോള്‍ അയര്‍ലന്‍ഡില്‍ നിന്ന് പുറത്തുവരുന്ന ഒരു വാര്‍ത്ത ഏറെ കൗതുകമുണ്ടാക്കുന്നതാണ്. പൊതുവേ 'സെക്‌സ് ടോയ്‌സ്' ഉപയോഗിക്കുന്ന സംസ്‌കാരം വളരെ കുറവ് രാജ്യങ്ങളില്‍ മാത്രമേ നിലനില്‍ക്കുന്നുള്ളൂ. ഇക്കാര്യത്തില്‍ ഏറെ മുന്‍ധാരണകളുള്ളവരാണ് അയര്‍ലന്‍ഡുകാര്‍ എന്നാണ് വയ്പ്. 

എന്നാല്‍ ലോക്ഡൗണ്‍ കാലത്ത് അയര്‍ലന്‍ഡില്‍ 'സെക്‌സ് ടോയ്‌സ്' വില്‍പന കുത്തനെ ഉയര്‍ന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതും ഓണ്‍ലൈന്‍ ഷോപ്പിംഗ് മേഖലയാണ് ഈ കുതിച്ചുചാട്ടത്തില്‍ ഏറെയും കൊയ്തത് എന്നാണ് റിപ്പോര്‍ട്ട്. 

'സെക്‌സ് ടോയ്‌സ് ഉപയോഗിക്കുന്നത് വൈകൃതമാണെന്ന തരത്തിലുള്ള ധാരണ പൊതുവില്‍ അയര്‍ലന്‍ഡുകാരിലുണ്ട്. അത് സത്യമാണ്. പക്ഷേ ഈ ലോക്ഡൗണ്‍ കാലം ആ ധാരണകളെയെല്ലം അട്ടിമറിച്ചുവെന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്....'- കില്‍കെന്നി എന്ന സ്ഥലത്ത് 'അഡല്‍ട്ട് ടോയ് സ്‌റ്റോര്‍' നടത്തുന്ന റോബര്‍ട്ട് ഡോയ്ല്‍ പറയുന്നു. 

പലരും ലോക്ഡൗണ്‍ കാലം ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങളും പരീക്ഷണങ്ങളും നടത്തുന്നതിനായി വിനിയോഗിച്ചു എന്നാണ് ഈ മാറ്റത്തിലൂടെ തങ്ങള്‍ക്ക് മനസിലായതെന്നും റോബര്‍ട്ട് ഡോയ്ല്‍ പറയുന്നു. 

ലോക്ഡൗണില്‍ ജോലിയില്‍ നിന്നും പഠനത്തില്‍ നിന്നുമെല്ലാം അവധിയില്‍ പ്രവേശിച്ചവര്‍ ഏറെയാണെന്നും, വിരസതയില്‍ നിന്ന് രക്ഷ നേടാന്‍ അധികമായി കിട്ടിയ ഈ സമയങ്ങളെ, 'സെക്‌സി'ന് വേണ്ടി ചിലവിടാന്‍ മിക്കവരും തയ്യാറായെന്നുമാണ് കച്ചവടക്കാര്‍ നിരീക്ഷിക്കുന്നത്. 

ദമ്പതികളാണെങ്കില്‍ പോലും നിരന്തരം ഒരുമിച്ചിരിക്കുമ്പോഴുള്ള മുഷിപ്പ് മാറ്റാന്‍ 'സെക്‌സ് ടോയ്'കളെ ആശ്രയിച്ചുതുടങ്ങിയെന്നും, 'സിംഗിള്‍' ആയവരെ സംബന്ധിച്ച് മറ്റ് സാധ്യതകളെല്ലാം അടഞ്ഞ സാഹചര്യത്തില്‍ അവരും ഇതിലേക്ക് തിരിയാന്‍ നിര്‍ബന്ധിതരായെന്നും ഇവര്‍ വാദിക്കുന്നു. 

ആളുകള്‍ കൂടുതലായി 'പര്‍ച്ചേയ്‌സ്' നടത്തുന്നു എന്നതിന് പുറമെ 'സെക്‌സ് ടോയ്‌സി'ലെ അഭിരുചികളിലും വലിയ വൈവിധ്യമാണ് കാണാന്‍ സാധിച്ചതെന്നും കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അയര്‍ലന്‍ഡില്‍ മാത്രമല്ല, മറ്റ് പലയിടങ്ങളിലും ലോക്ഡൗണ്‍ കാലത്ത് 'ഓണ്‍ലൈന്‍ സെക്‌സ് ടോയ്‌സ്' വില്‍പന വര്‍ധിച്ചതായാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. ഇതിന്മേലുള്ള കൃത്യമായ കണക്കുകള്‍ വിവിധയിടങ്ങളില്‍ നിന്ന് വരും ദിവസങ്ങളില്‍ പുറത്തുവരാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

Also Read:- ജോലിയും വരുമാനവും പുരുഷന്റെ 'സെക്‌സ്' ജീവിതത്തെ ബാധിക്കുന്നതായി പഠനം...